തോന്ന്യാസം കാണിച്ചാല്‍ കത്തിക്കും; വനം വകുപ്പ് ഓഫീസില്‍ അഴിഞ്ഞാടി സിപിഎം യുവ എംഎല്‍എ

പത്തനംതിട്ട കോന്നി എംഎല്‍എ കെയു ജനീഷ് കുമാറാണ് വനം വകുപ്പ് ഓഫീസിലെത്തി ജീവനക്കാരെ കത്തിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയത്. കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ കസ്റ്റഡിയില്‍ എടുത്തതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. പാടം ഫോറസ്റ്റ് ഓഫീസ് കസ്റ്റഡിയില്‍ എടുത്ത മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ എംഎല്‍എ ബലമായി മോചിപ്പിക്കുകയും ചെയ്തു.
എംഎല്‍എ വനം വകുപ്പ് ഓഫീസില്‍ ആക്രോശിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഉണ്ടായിരുന്നപ്പോഴാണ് എംഎല്‍എയുടെ ഈ പ്രകടനം. ”എന്ത് തോന്ന്യാസമാണ് കാണിക്കുന്നത്. ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും പരിധിയുണ്ട്. കത്തിക്കും. രണ്ടാമത് ഇവിടെ നക്‌സലുകള്‍ വരും. നിങ്ങള്‍ എന്താ കരുതിയിരിക്കുന്നത്. അവിടെ ജനങ്ങള്‍ ആന വന്നതില്‍ പ്രതിഷേധിക്കുകയാണ്. അതിനിടയിലാണ് പാവങ്ങളെ പിടിച്ചു കൊണ്ടുവരുന്നത്”- എംഎല്‍എ പറഞ്ഞു.
ആന ഷോക്കേറ്റ് ചരിഞ്ഞ സ്ഥലത്തിൻ്റെ ഉടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഈ സ്ഥലം കൈതച്ചക്ക കൃഷിക്ക് പാട്ടത്തിനു നല്‍കിയിരുന്നു. കൃഷിക്കായി സ്ഥലം വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here