കനിവിന് പ്രത്യേക കരുതല്‍; പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്

സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്. എംഎല്‍എയുടെ മകനായ കനിവിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള പ്രതികളെയാണ് ഒഴിവാക്കിയത്. തെളിവില്ല എന്നതാണ് പ്രതികളെ ഒഴിവാക്കുന്നതിന് എക്സൈസ് പറഞ്ഞിരിക്കുന്ന കാരണം.
പ്രതിഭയുടെ മകനെതിരെ കേസ് നിലനിൽക്കില്ലെന്നും, ലഹരിയുപയോഗം കണ്ടെത്താൻ ഏറ്റവും അനിവാര്യമായ സാമ്പിൾ പരിശോധന ഒഴിവാക്കിയത് എക്സൈസിൻ്റെ വലിയ പിഴവാണെന്നും ജനുവരി 4ന് തന്നെ മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നെയും ഒന്നരമാസത്തിന് ശേഷമാണ് ഇതേ വീഴ്ച ചൂണ്ടിക്കാട്ടി എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കിട്ടിയത്. ഇപ്പോൾ 7 പ്രതികൾക്കെതിരെ കേസ് നിലനിൽക്കില്ലെന്ന് കോടതിക്ക് റിപ്പോർട്ട് നൽകിയതും ഇതേ കാരണം കാണിച്ചാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേരെ എക്‌സൈസ് പിടികൂടിയത്. തകഴിയില്‍ നിന്ന് പിടികൂടിയ സംഘത്തിന്റെ കൈവശം മൂന്നു ഗ്രാം കഞ്ചാവും ഇത് ഉപയോഗിക്കാനുള്ള ഉപകരണവും കണ്ടെത്തി. പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും കേസെടുക്കുകയും ചെയ്തു.
എന്നാല്‍ മകനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രതിഭ രംഗത്ത് എത്തിയതോടെ കേസ് വൻ ചർച്ചയായി മാറി. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും എംഎല്‍എ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തി.
കനിവ് അടക്കമുള്ളവരെ ഒഴിവാക്കിയതോടെ കേസില്‍ ഇനി ശേഷിക്കുന്ന പ്രതികള്‍ക്കെതിരെ ഉടൻ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും എന്നാണ് എക്സൈസ് ഔദ്യോഗികമായി അറിയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here