ബിജെപിയുടെ പേരില്‍ സിപിഎമ്മും കത്തോലിക്ക സഭയും നേര്‍ക്കുനേര്‍; പാംപ്ലാനി അവസരവാദിയെന്ന് ഗോവിന്ദന്‍; തുടര്‍ ഭരണം ആഗ്രഹിക്കുന്നില്ലേയെന്ന് മറുപടി

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ അമിത് ഷായ്ക്കും ബിജെപിക്കും നന്ദി പറഞ്ഞ തലശ്ശേരി ആര്‍ച്ചു ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവസരവാദി എന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ. എംവി ഗോവിന്ദന്‍ നടത്തിയത് തരംതാഴ്ന്ന പ്രസ്താവനയാണ്. എകെജി സെന്ററില്‍നിന്ന് തിട്ടൂരംവാങ്ങിയശേഷം മാത്രമേ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ പ്രസ്താവന നടത്താന്‍ പാടുള്ളൂവെന്ന സമീപനം ഉള്ളിലൊളിപ്പിച്ചുവെച്ച ഫാസിസത്തിന്റെ മറ്റൊരു മുഖമാണ്. തുടര്‍ ഭരണം വേണ്ടെന്ന ചിന്ത എം ഗോവിന്ദനുണ്ടോ എന്ന രാഷ്ട്രീയ ചോദ്യവും സഭ ഉയര്‍ത്തിയിട്ടുണ്ട്.
ക്രൈസ്തവ സഭകളുമായി അടുപ്പത്തിലാകാന്‍ ബിജെപി സംസ്ഥാനത്ത് കാലങ്ങളായി ശ്രമം നടത്തുകയാണ്. ഇത് ചെറിയ രീതിയില്‍ എങ്കിലും വിജയിക്കുകയും ചെയ്തിട്ടുണ്ട്. പല മെത്രാന്‍മാരും പല കാരണങ്ങള്‍ കൊണ്ടും ബിജെപിക്ക് അനുകൂല നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ വ്യാപകമായ ക്രൈസ്തവ വേട്ട ഈ നീക്കങ്ങള്‍ക്കെല്ലാം പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എന്നാല്‍ ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റോടെ എല്ലാം തകിടം മറിഞ്ഞു. അനുകൂലിച്ച് നിന്ന മെത്രാന്‍മാര്‍ക്ക് പോലും സംഘപരിവാറിന് എതിരെ നിരത്തില്‍ ഇറങ്ങേണ്ടി വന്നു.
വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധം നടക്കുകയും ദേശീയതലത്തില്‍ തന്നെ വിഷയം ചര്‍ച്ചയാവുകയും ചെയ്തതോടെ അമിത് ഷാ അടക്കം ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ജാമ്യം ലഭിച്ചു എങ്കിലും ഇതുവരേയും കേസ് ഇല്ലാതായിട്ടില്ല. കേസ് പിന്‍വലിക്കണം എന്ന് ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടാതെ കിടക്കുന്നുണ്ട്. എന്നാല്‍ ജാമ്യം ലഭിച്ചത് മുന്നില്‍ നിര്‍ത്തി ബിജെപി ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതില്‍ വീണ്ടും വീണുപോയ ചില മെത്രാന്‍മാരാണ് ബിജെപിയെ തലോടിയുള്ള പ്രസ്താവനകള്‍ നടത്തുന്നത്.
എന്‍ജിഒ യൂണിയന്‍ തളിപ്പറമ്പ് ഏരിയാ സെന്റര്‍ ഉദ്ഘാടനം ചെയ്യുമ്പോഴായികുന്നു മാര്‍ ജോസഫ് പാംപ്ലാനിയൊ എംവി ഗോവിന്ദന്‍ കടന്നാക്രമിച്ചത്. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകള്‍ക്കുനേരേ കടന്നാക്രമണമുണ്ടായപ്പോള്‍ ഞെട്ടി. ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് ആലോചിക്കേണ്ടിവരുമെന്നു പറഞ്ഞു. അവസാനം ജാമ്യം കിട്ടിയ ഉടനെ കേന്ദ്രമന്ത്രി അമിത്ഷായുള്‍പ്പെടെയുള്ളവരെ അച്ചന്മാര്‍ കേക്കും കൊണ്ട് കാണാന്‍പോയി. സോപ്പിടാന്‍. ഓഫീസില്‍നിന്നിറങ്ങുമ്പോഴാണ് മറ്റൊരു വിവരം. അച്ചന്മാരെയും അടിച്ചുവെന്നത്. അപ്പോള്‍ ചോദിച്ചു ഞങ്ങള്‍ യൂറോപ്പിലാണോ ജീവിക്കേണ്ടതെന്ന്. ഇതുപോലെ ഓരു അവസരവാദി വേറെയുണ്ടോ എന്നും ഗോവിന്ദന്‍ ചോദിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here