സിപിഎമ്മിനെ എതിര്‍ത്ത ഷര്‍ഷാദിന് കൈവിലങ്ങ്; ശബരിമല കൊള്ളക്കാരന്‍ പോറ്റിക്ക് ഇപ്പോഴുമത് വേണ്ട! ഇത് പിണറായി പോലീസ്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനും എതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നിക്ഷേപത്തട്ടിപ്പു കേസില്‍ അറസ്റ്റിലായത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. ചെന്നൈയില്‍ നിന്ന് പിടികൂടിയ ഷര്‍ഷാദിനെ വിലങ്ങ് അണിയിച്ച് കൊച്ചിയില്‍ എത്തിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിലങ്ങോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. റോഡിലൂടെ നടത്തിച്ചും ഷര്‍ഷാദിന്റെ അറസ്റ്റ് പോലീസ് ആഘോഷമാക്കി.
ഷര്‍ഷാദ് ഡയറക്ടറായ പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കടവന്ത്ര സ്വദേശികളായ രണ്ടുപേരാണ് പരാതിക്കാര്‍. തട്ടിപ്പു നടത്തിയ ആളെ അറസ്റ്റ് ചെയ്തത് എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കൊടുംകുറ്റവാളിയെ പോലെ ഒരു വ്യവസായ തര്‍ക്കത്തിലെ പ്രതിയെ കൈകാര്യം ചെയ്യേണ്ടതുണ്ടോ എന്നാണ് ചോദ്യം.
ശബരിമലയില്‍ സ്വര്‍ണക്കൊള്ളയുടെ സൂത്രധാരനെന്ന് പോലീസും സർക്കാരും സിപിഎമ്മും ആണയിടുന്ന ഉണ്ണികൃഷണന്‍ പോറ്റിക്ക് ഇപ്പോഴും ഈ ദുര്യോഗമില്ല. പോലീസ് കസ്റ്റഡിയിൽ എങ്കിലും സുസ്മേരവദനനായി നീങ്ങുന്ന പോറ്റിയെ എന്നും മാധ്യമങ്ങളിൽ കാണാം. അറസ്റ്റിലായ മറ്റ് ദേവസ്വം ഉദ്യോഗസ്ഥർക്കും ഇന്നുവരെ വിലങ്ങ് അണിയേണ്ടി വന്നിട്ടില്ല. അതുകൊണ്ട് തന്നെ ഷര്‍ഷാദിന്റെ കാര്യത്തില്‍ പകപോക്കല്‍ ഉറപ്പിക്കാം.
കൊടുംകുറ്റവാളികൾ, ജയിചാട്ടക്കാർ തുടങ്ങി പൊലീസിനോ ജയിൽ ഉദ്യോഗസ്ഥർക്കോ നിയന്ത്രിക്കാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്തിട്ടുള്ളവരെയാണ് സാധാരണയായി കസ്റ്റഡിയിൽ വിലങ്ങ് അണിയിക്കാറുള്ളത്. ഇങ്ങനെ പരിശോധിച്ചാൽ പോറ്റിക്ക് അത് വേണമെന്നില്ല. ഇതേ മാനദണ്ഡം ബിസിനസുകാരനായ ഷർഷാദിന് എന്തുകൊണ്ട് ബാധകമായില്ല എന്നതാണ് പ്രസക്തമായ ചോദ്യം. മറ്റൊരു ക്രിമിനൽ പശ്ചാത്തലവുമില്ല.
സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷര്‍ഷാദ് പിബിക്ക് അയച്ച കത്ത് പുറത്തുവന്നത് വലിയ വിവാദമായിരുന്നു. സിപിഎം സഹയാത്രികനായ രാജേഷ് കൃഷ്ണക്കെതിരേയും ആരോപണം ഉയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിന് പ്രതിനിധിയായി എത്തിയ ഇയാളെ സിപിഎം തിരിച്ച് അയക്കുകയും ചെയ്തിരുന്നു. രാജേഷ് കൃഷ്ണ ഇപ്പോഴും സിപിഎമ്മിന് വേണ്ടപ്പെട്ടവനായി തുടരുമ്പോഴാണ് ആരോപണം ഉന്നയിച്ച ആളുടെ അവസ്ഥ ഈ വിധമായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here