ഉള്‍പാര്‍ട്ടി ജനാധിപത്യം ഫെയ്‌സ്ബുക്കില്‍ വേണ്ട; മന്ത്രി വീണയെ വിമര്‍ശിച്ച നേതാക്കള്‍ക്ക് എതിരെ നടപടിക്ക് സിപിഎം നീക്കം

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന എതിര്‍പ്പുകളെ കൈകാര്യം ചെയ്യാന്‍ സിപിഎം. എത്ര വലിയ നേതാവായാലും വീണയെ വിമര്‍ശിച്ചാൽ നടപടി എന്ന സന്ദേശം നല്‍കാനാണ് നീക്കം. മന്ത്രിയുടെ ഭാഗത്ത് നിന്നും നിരന്തരം ഉണ്ടാകുന്ന വീഴ്ചകളില്‍ സര്‍ക്കാരും പാര്‍ട്ടിയും നാണംകെടുന്നു എന്ന വികാരമാണ് പത്തനംതിട്ട നേതാക്കള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഇത് അവസാനിപ്പിക്കാന്‍ അച്ചടക്ക നടപടി എന്ന ഭീഷണിയാണ് സിപിഎം പ്രയോഗിക്കുന്നത്.
മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുത് എന്നുമായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെയുടെ ഫെയ്‌സ്ബുക് കുറിപ്പ്. എസ്എഫ്‌ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍. ഈ പോസ്റ്റിന് താഴെ സിപിഎം പ്രവര്‍ത്തകര്‍ കടുത്ത ഭാഷയില്‍ മന്ത്രിയെ വിമര്‍ശിച്ച് കമന്റുകള്‍ ഇടുകയാണ്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം ഇടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് യാതൊരു അന്വേഷണം നടത്താതെയാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഉപയോഗിക്കാതെ അടച്ചിട്ട കെട്ടിടം എന്ന് പറഞ്ഞ് അപകടത്തെ ലഘൂകരിക്കാനാണ് ശ്രമിച്ചത്. ഇതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. അതുമൂലം ബിന്ദു എന്ന വീട്ടമ്മ മരിക്കുകയും ചെയ്തു. ഇതോടെയാണ് മന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനം ശക്തമായത്.
ഇതിനു പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ചികിത്സ തേടി. ഇതിനെ പരിഹാസത്തോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ കണ്ടത്. പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ എന്‍.രാജീവും മന്ത്രിയെ പരിഹസിച്ച് പോസ്റ്റിട്ടു. ”പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവു പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു, ഒത്താല്‍ രക്ഷപ്പെട്ടു. ഇവിടെ ചോദ്യത്തില്‍ നിന്ന് എന്ന വ്യത്യാസം മാത്രം” – എന്നായിരുന്നു രാജീവിന്റെ പരിഹാസം.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും നടപടിയില്‍ അന്വേഷണം നടത്താനാണ് ജില്ലാ നേതൃത്വത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പത്തനംതിട്ടയില്‍ മന്ത്രി വീണക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഏറെയുണ്ട്. അര്‍ഹമായതിലും കൂടുതല്‍ പരിഗണന വീണക്ക് നല്‍കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടുന്നു എന്ന വികാരമാണ് ശക്തമാകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here