ഈശ്വര നിഷേധികള്‍ ഭഗവാനെ പിടിച്ച് ആണയിടുന്നു; സിപിഎമ്മിന്റെ വൈരുധ്യാത്മിക ഭൗതികവാദം പോയ പോക്ക്

മതപരമായ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടി അംഗങ്ങളെ ശിക്ഷിക്കുകയും ,താക്കീത് ചെയ്യുകയും ,പുറത്താക്കുകയും ചെയ്തിരുന്ന സിപിഎം ഇപ്പോള്‍ ഭഗവാനെ പിടിച്ച് ആണയിടുന്നു. ഇക്കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ജില്ലാക്കമ്മറ്റി വള്ള സദ്യ സംബന്ധിച്ചുണ്ടായ വിവാദത്തില്‍ പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ ശ്രദ്ധേയമായ ഒരു വാചകമിങ്ങനെയാണ്:-
‘ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്’.

ഈശ്വരനാമത്തില്‍ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത പാര്‍ട്ടി അംഗങ്ങളെ പരസ്യശാസനയ്ക്ക് വിധേയമാക്കിയ പാര്‍ട്ടിയാണിപ്പോള്‍ ഭഗവാനെ പിടിച്ച് ആണയിടുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി കാണിച്ച് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത് വലിയ വിവാദമായിരിക്കുകയാണ്. ദേവസ്വം മന്ത്രി വിഎന്‍ വാസവനാണ് വള്ളസദ്യ ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ദേവന് നേദിക്കുന്നതിനു മുന്‍പ് മന്ത്രിക്കും മറ്റ് വിശിഷ്ട വ്യക്തികള്‍ക്കും വള്ളസദ്യ വിളമ്പിയെന്നായിരുന്നു തന്ത്രിയുടെ ആക്ഷേപം.

വള്ളസദ്യ ദേവന് നേദിക്കുന്നതിനു മുന്‍പ് മന്ത്രി വാസവന് നല്‍കിയത് ആചാര ലംഘനമാണെന്നും പരസ്യമായ പരിഹാരക്രിയ വേണമെന്നുമാണ് തന്ത്രി ബോര്‍ഡിന് നല്‍കിയ കത്തില്‍ പറയുന്നത്. സെപ്റ്റംബര്‍ 14നായിരുന്നു വാസവന്‍ പങ്കെടുത്ത വള്ളസദ്യ നടന്നത്. ഈ മാസം 12നാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയത്.

പരിഹാരക്രിയകള്‍ പരസ്യമായിത്തന്നെ വേണമെന്നാണ് തന്ത്രിയുടെ നിര്‍ദേശം. പരിഹാരക്രിയയുടെ ഭാഗമായി വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ മുഴുവന്‍ പ്രതിനിധികളും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവനു മുന്‍പില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കണമെന്നും കത്തിലുണ്ട്. 11 പറ അരിയുടെ സദ്യയുണ്ടാക്കണം. ഒരുപറ അരിയുടെ നിവേദ്യവും നാല് കറികളും നല്‍കണം. ദേവന് സദ്യ സമര്‍പ്പിച്ചശേഷം എല്ലാവര്‍ക്കും വിളമ്പണമെന്നുമാണ് തന്ത്രിയുടെ നിര്‍ദ്ദേശം. ഇനി അബദ്ധം ഉണ്ടാകില്ലെന്നും വിധിപ്രകാരം സദ്യ നടത്തിക്കോളാമെന്ന് സത്യം ചെയ്യണമെന്നും തന്ത്രിയുടെ നിര്‍ദേശം.

എന്നാല്‍ ആചാര ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ആറന്‍മുള പളളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവന്റെ നിലപാട്. ചില തല്പരകക്ഷികളാണ് ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സാംബദേവന്‍ പറയുന്നത്. മന്ത്രി ആചാര ലംഘനം നടത്തിയെന്ന വിവാദം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി ഫെയ്‌സ് ബുക്കിലൂടെ നിലപാട് അറിയിച്ചത്.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്നത് വ്യാജ പ്രചാരണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവന്റെയും മുഴുവന്‍ കമ്മിറ്റിയംഗങ്ങളുടെയും പൂര്‍ണ്ണമായ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ഓരോ ചടങ്ങിലും പങ്കെടുത്തതെന്നും ജില്ലാക്കമ്മിറ്റി വ്യക്തമാക്കുന്നുണ്ട്. ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന് എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പാര്‍ട്ടി നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ ഭഗവാന്റെ സഹായം തേടുന്നത് സിപിഎമ്മിന്റ നയ വ്യതിയാനമായിട്ടാണ് വിലയിരുത്തപ്പെടുന്നത് .

2013 നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട് നടന്ന സിപിഎമ്മിന്റെ പ്ലീനത്തില്‍ വിശ്വാസ- ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് വൈരുധ്യാത്മിക ഭൗതിക വാദത്തിന് എതിരാണ് എന്നായിരുന്നു പാര്‍ട്ടി വിലയിരുത്തിയത്. 12 വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ ഒരിക്കലും പൊറുക്കില്ലെന്ന് പറഞ്ഞ് ആണയിടാന്‍ വരെ പാര്‍ട്ടി തയ്യാറായിരിക്കുന്നു. ഗൃഹപ്രവേശ ചടങ്ങിന് ഗണപതി ഹോമം നടത്തിയ പാവങ്ങളായ പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ നടപടി എടുത്ത് ശിക്ഷിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ഇപ്പോള്‍ ഇഹ്ങനെ ഒരു നിലപാട് എടുക്കുന്നത്.

2006ല്‍ ഈശ്വരനാമത്തില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റി, എംഎം മോനായി എന്നിവരെ സിപിഎം സംസ്ഥാനകമ്മിറ്റി ശാസിച്ചിരുന്നു. ‘സഖാക്കള്‍ രഹസ്യമായി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെ അപമാനിക്കാന്‍ ഒരുപ്രയാസവുമുണ്ടായില്ല എന്നായിരുന്നു അന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. അംഗങ്ങള്‍ പാര്‍ട്ടിനിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ഇടപെടല്‍ നടത്താനും അന്ന് സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു. പിണറായി വിജയനായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി. ഇന്ന് അതേ പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഒരു ജില്ലാ കമ്മിറ്റി ഭഗവന്റെ പേര് പറഞ്ഞ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top