സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി വി കുഞ്ഞികൃഷ്ണൻ; രക്തസാക്ഷി ഫണ്ട് വിവാദം പുകയുന്നു

സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിക്കു കീഴിൽ നടന്ന കോടികളുടെ ഫണ്ട് തിരിമറിയിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ രംഗത്ത്. ഫണ്ട് വെട്ടിപ്പ് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം, അഴിമതി പുറത്തുകൊണ്ടുവന്നവരെ ഒതുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണം, തെരഞ്ഞെടുപ്പ് ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ നിന്ന് ഏകദേശം ഒരുകോടിയോളം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. ടി.ഐ. മധുസൂദനൻ എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കെതിരെയായിരുന്നു കുഞ്ഞികൃഷ്ണൻ പാർട്ടിക്കുള്ളിൽ പരാതി നൽകിയിരുന്നത്. രക്തസാക്ഷി ഫണ്ടിൽ നിന്ന് 46 ലക്ഷം രൂപ എംഎൽഎ ടി.ഐ. മധുസൂദനൻ തട്ടിയെടുത്തു എന്നും ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ബോധ്യമുണ്ടെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിട്ടുണ്ട്.
ASlso Read : സഖാക്കളെ മര്‍ദിച്ച നേതാവ് ബ്രാഞ്ച് സെക്രട്ടറി; പ്രതിഷേധവുമായി അണികള്‍; പയ്യന്നൂര്‍ സിപിഎമ്മില്‍ പുകച്ചില്‍
പാർട്ടി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ പേരിനു മാത്രമുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി പുറത്തു കൊണ്ടു വന്ന തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് അനീതിയാണെന്നും, പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അഴിമതിക്കാർക്ക് സംരക്ഷണമൊരുക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. നീതി ലഭിക്കാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തന്റെ തീരുമാനം മാറ്റില്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം പ്രവർത്തകർ പയ്യന്നൂരിലുണ്ട്. അദ്ദേഹം ഉയർത്തിയ ധാർമ്മിക പ്രശ്നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോകുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന് പ്രാദേശിക നേതൃത്വം ആശങ്കപ്പെടുന്നു. എന്നാൽ, വ്യക്തിപരമായ താല്പര്യങ്ങളാണ് കുഞ്ഞികൃഷ്ണനെ നയിക്കുന്നതെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here