സ്വാമി ശരണം! ബഡായി പറച്ചില്‍ അല്ലാതെ മറ്റൊന്നും ശബരിമലയില്‍ നടക്കുന്നില്ല; 10 കൊല്ലം കൊണ്ട് നടന്നത് 83 കോടിയുടെ വികസനം മാത്രമെന്ന് മന്ത്രി വാസവന്‍

ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ആവര്‍ത്തിച്ച് പറയുന്നത്. 1000 കോടിയില്‍ അധികം രൂപയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുമെന്നും മേനി പറയുന്നുണ്ട്. എന്നാല്‍ കോടികളുടെ കണക്ക് പറഞ്ഞ് പറ്റിക്കുന്നത് സര്‍ക്കാരിന്റെ സ്ഥിരം പരിപാടിയാണെന്ന് തെളിയിക്കുന്ന നിയമസഭാ രേഖ പുറത്ത്.
ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി ക്ഷേത്ര വികസനത്തിനായി 2016 മുതല്‍ 275.2 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ചിലവഴിച്ചതാകട്ടെ കേവലം 83.66 കോടി രൂപ മാത്രമാണ്. ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഈ കണക്കുകള്‍. മാസ്റ്റര്‍പ്ലാന്‍ വികസന സമിതി 155.71 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയപ്പോഴാണ് കേവലം 83.87 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ മാസം 17 ന് നിയമസഭയില്‍ ടി.ജെ വിനോദിന്റ ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലാണ് സര്‍ക്കാരിന്റെ ശബരിമല പ്രേമത്തിന്റെ യഥാര്‍ത്ഥ കഥ പുറത്തായത്.

ട്രഷറിയില്‍ ഇനി കേവലം 21.27 ലക്ഷം രൂപ നീക്കായിരിപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി വിശ്വാസികളുടെ കണ്ണില്‍ പൊടിയിടുക എന്ന പതിവ് തന്ത്രമാണ് ഇടത് സര്‍ക്കാര്‍ പയറ്റുന്നത്. 10 കൊല്ലം കൊണ്ട് കേവലം 83 കോടിയുടെ വികസനം നടത്തിയ സര്‍ക്കാരാണ് ആയിരം കോടിയുടെ വികസനം ശബരിമലയില്‍ നടത്തുമെന്ന് തള്ളി മറിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ഇവിടെ നില്‍ക്കുമ്പോഴാണ് ആഗോള അയ്യപ്പ സംഗമവും പുതിയ തള്ളലുകളും.
പമ്പയില്‍ നടന്ന ആഗോള സംഗമത്തിനായി സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഏഴ് കോടിയോളം മുടക്കി മാമാങ്കം നടത്തിയതല്ലാതെ ക്രീയാത്മക പദ്ധതികളൊന്നും ഉരുത്തിരിഞ്ഞതായി അറിവില്ല. 10 വര്‍ഷം കൊണ്ട് കേവലം 83 കോടി രൂപ മാത്രം ശബരിമല വികസനത്തിന് ചെലവാക്കിയ സര്‍ക്കാര്‍ അടുത്ത അഞ്ച് കൊല്ലം കൊണ്ട് 1000 കോടി ചെലവഴിക്കുമെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കാനാവുമെന്ന ചോദ്യത്തിന് മറുപടി ഇല്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിആര്‍ ഓപ്പറേഷനല്ലാതെ മറ്റൊന്നും നടക്കാനിടയില്ലെന്ന് വ്യക്തം. ശബരിമല സന്നിധാന വികസനത്തിന് 778. 17 കോടി, പമ്പ വികസനത്തിന് 207 .48 കോടി, കാനനപാത വികസനത്തിന് 47. 97 കോടി രൂപ വകയിരുത്തും എന്നൊക്കെയാണ് സംഗമ വേദിയില്‍ സര്‍ക്കാര്‍ തട്ടി വിട്ടത്. പ്രായോഗിക തലത്തില്‍ ഇതൊന്നും നടക്കാറില്ലെന്നാണ് കഴിഞ്ഞ പത്ത് വര്‍ഷത്തെ അനുഭവം വിശ്വാസികളെ പഠിപ്പിക്കുന്നത്. വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളതല്ല, മറിച്ച് തള്ളി മറിക്കാന്‍ മാത്രമാണെന്നാണ് ഭരണക്കാരുടെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here