ഈശ്വരോ രക്ഷതു!!! തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഗമ തന്ത്രവുമായി സര്‍ക്കാര്‍; അയ്യപ്പ സംഗമം, ന്യൂനപക്ഷ സംഗമം; ഇനിയും വരും സംഗമങ്ങള്‍

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാര്‍ടി ഭരിക്കുന്ന കേരള സര്‍ക്കാര്‍ ഈശ്വര കടാക്ഷത്തിനായി വിശ്വാസ സംഗമങ്ങള്‍ നടത്തുന്ന തിരക്കിലാണ്. മതനിരപേക്ഷ ഗവണ്മെന്റിന്റെ വക്താക്കള്‍ എന്നഭിമാനിക്കുന്ന ഒരു ജനാധിപത്യ ഭരണകൂടം ഭുരിപക്ഷ- ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രീതിപ്പെടുത്താന്‍ സര്‍ക്കാര്‍ വിലാസം മേളകള്‍ നടത്തുകയാണ്. കഴിഞ്ഞ ഒമ്പതരക്കൊല്ലമായി അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത് വോട്ട് ലക്ഷമാക്കി മാത്രമാണ് എന്നത് വ്യക്തമാണ്.
ഈ മാസം 20ന് പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് തടയാനാകില്ലെന്ന ഹൈക്കോടതി വിധി സര്‍ക്കാരിന് ആശ്വാസമാണ്. ശബരിമലയുടെ ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടാണ് സംഗമം നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നുണ്ടെങ്കിലും നഷ്ടപ്പെട്ട ഭൂരിപക്ഷ വോട്ടുകള്‍ തിരിച്ചു പിടിക്കുക എന്നതു മാത്രമാണ് ലക്ഷ്യം. എന്‍എസ്എസ്, എസ്എന്‍ഡിപി അടക്കമുള്ള സമുദായ സംഘടനകള്‍ ഈ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചതും സിപിഎമ്മിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. അയ്യപ്പ സംഗമത്തിനു പിന്നാലെ ന്യൂനപക്ഷ സംഗമവും സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ന്യൂനപക്ഷവകുപ്പാണ് ഈ സംഗമം സംഘടിപ്പിക്കുക.
ശബരിമലയിലെ യുവതി പ്രവേശം അനുവദിക്കാം എന്ന് 2018ലെ സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയും അതിനെതിരെ നടന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തിരുന്നു. സ്ത്രീകളുടെ പിന്തുണപോലും യുവതി പ്രവേശത്തിന് ലഭിക്കാതെ വരുകയും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സമ്പൂര്‍ണ്ണമായി തോറ്റു തുന്നംപാടുകയും ചെയ്തു. അതിന് ശേഷം പാര്‍ട്ടി നേതാക്കള്‍ വീടുവീടാന്തരം കയറിയിറങ്ങി മാപ്പു പറഞ്ഞത് ചരിത്രം. വലിയ തോതില്‍ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നുവെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സ്ഥിതി ആവര്‍ത്തിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശ്വാസികളുടെ വോട്ട് തിരിച്ചു പിടിക്കാന്‍ ആഗോള അയ്യപ്പ സംഗമം നടത്താന്‍ സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിച്ചത്.
ALSO READ : അയ്യപ്പ സംഗമം നടത്താം; പക്ഷെ വ്യവസ്ഥകൾ പാലിക്കണം
വിഷന്‍ 2031ന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചിയിലോ കോഴിക്കോടോ ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട സെമിനാര്‍ എന്ന പേരിലാണ് ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുന്നത്. ക്രിസ്ത്യന്‍- മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1500 പേരെയാണ് ന്യൂനപക്ഷ സംഗമത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അയ്യപ്പ സംഗമത്തിന്റെ മാതൃകയിലല്ല പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ന്യൂനപക്ഷ വകുപ്പ് പറയുന്നത്. 2031ല്‍ കേരളം എങ്ങനെയായിരിക്കണമെന്ന വിഷയത്തില്‍ ആശയങ്ങള്‍ ശേഖരിക്കാന്‍ വിവിധ വകുപ്പുകള്‍ ഇത്തരം സെമിനാറുകള്‍ നടത്തുന്നുവെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നേടുകയാണ് ലക്ഷ്യം.
പാര്‍ട്ടി അംഗങ്ങള്‍ ക്ഷേത്രത്തിലും പളളിയിലും പോകുന്നത് മഹാ അപരാധമായി കണ്ടിരുന്ന പാര്‍ട്ടിയാണിപ്പോള്‍ വിശ്വാസികളെ കൂടെ കൂട്ടാന്‍ വിശ്വാസ സംഗമങ്ങള്‍ നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here