എന്‍എസ്എസില്‍ സമാനതകളില്ലാത്ത പൊട്ടിത്തെറി,രാജി; സുകുമാരന്‍ നായര്‍ സിപിഎമ്മിന് പിന്നാലെ പോയെന്ന് വിമർശനം

സിപിഎം സര്‍ക്കാരിനെ പതിവില്ലാത്ത വിധം പിന്തുണച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ എന്‍എസ്എസില്‍ പ്രതിഷേധം. കൃത്യമായ സംഘടനാ സംവിധാനത്തില്‍ പോകുന്ന എന്‍എസ്എസില്‍ വിമര്‍ശനങ്ങള്‍ പുറത്തേക്ക് വരുന്നത് പതിവുളള കാര്യമല്ല. കരയോഗങ്ങളിലോ താലൂക്ക് തലത്തിലോ ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടാറാണ് പതിവ്. എന്നാല്‍ പിണറായി സര്‍ക്കാരിനെ വിശ്വാസ സംരക്ഷകര്‍ എന്ന തരത്തില്‍ സുകുമാരന്‍ നായര്‍ പുകഴ്ത്തിയതോടെ ഈ പതിവും വഴിമാറുകയാണ്.
സമദൂരം എന്ന നിലപാടാണ് എല്ലാ കാലത്തും എന്‍എസ്എസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആഗോള അയ്യപ്പ സംഗമത്തിന് പ്രതിനിധിയെ അയച്ചതിന് പിന്നാലെ പിണറായി സര്‍ക്കാരിനെ പുകഴ്ത്തിയുളള പ്രതികരണം സുകുമാരന്‍ നായരില്‍ നിന്നുണ്ടായി. കൂടാതെ കോണ്‍ഗ്രസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ് എന്‍എസ്എസ്.
പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ബാനര്‍ കെട്ടിയത്. ഇന്നലെ വെട്ടിപ്രം 681-ാം നമ്പര്‍ കരയോഗ കെട്ടിടത്തിന് മുന്നിലും ബാനര്‍ സ്ഥാപിച്ചിരുന്നു. കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നില്‍ നിന്നു കുത്തി,പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ എന്നാണ് ബാനറിലെ പരിഹാസം.
ഇന്ന് എന്‍എസ്എസില്‍ രാജിവയ്ക്കുകയാണെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. ചങ്ങനാശ്ശേരിയിലെ ഒരു കുടുംബമാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സമദൂരത്തില്‍ നിന്നും പിന്നോട്ടു പോയതാണ് രാജിക്ക് കാരണമായി പറഞ്ഞ് കരയോഗത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here