ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ പുതിയ അടവുകള്‍; പ്രചരണത്തിന് മുഖ്യമന്ത്രിയിറങ്ങും; കര്‍ണ്ണാടകയിലെ ബുള്‍ഡോസര്‍ വിഷയമടക്കം എടുത്തിടും

തദ്ദേശ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ തിരികെകൊണ്ടുവരാന്‍ 2015ലെ ബീഫ് നിരോധന സമയത്ത് നടത്തിയ പ്രചാരണ മാതൃക സ്വീകരിക്കാന്‍ സിപിഎം. നിലവിലെ സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാണ് തീരുമാനം. ഇപ്പോള്‍ നടക്കുന്ന സിപിഎം നേതൃയോഗങ്ങളില്‍ ഇതു സംബന്ധിച്ച് കൃത്യമായ രൂപരേഖ തയാറാകും. തൃശൂര്‍ മറ്റത്തൂര്‍ നഗരസഭ, കര്‍ണ്ണാടകയിലെ ബുള്‍ഡോസര്‍ വിഷയം അതോടൊപ്പം സര്‍ക്കാര്‍ ലഭ്യമാക്കാന്‍ പോകുന്ന നേറ്റിവിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള പ്രചാരണത്തിനാണ് ആലോചിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ന്യൂനപക്ഷ വോട്ടുകളിലാണ് ചോര്‍ച്ചയുണ്ടായത് എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ശബരിമല സ്വര്‍ണ്ണപാളി വിഷയമൊക്കെ ജില്ലാ കമ്മിറ്റികളില്‍ വലിയ ചര്‍ച്ചയായെങ്കിലും അതിനേക്കാള്‍ ഉപരിയായി പിഎം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളും സിപിഎം നേതാക്കളെ പ്രത്യേകിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുസ്ലീം ഇതര നേതാക്കളെ ബിജെപിയുമായി കൂട്ടികെട്ടികൊണ്ട് നടത്തിയ പ്രചരണങ്ങളുമാണ് തിരിച്ചടിക്ക് കാരണമായത് എന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. ശബരിമല സ്വര്‍ണ്ണപാളി വിഷയം ചര്‍ച്ചയായെങ്കിലും പാര്‍ട്ടിയുടെ ഭൂരിപക്ഷ വോട്ടുകളില്‍ വലിയ കുറവ് സംഭവിച്ചിട്ടില്ല.
ഇപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പില്‍ സാദ്ധ്യത നല്ലതുപോലെയുണ്ടെന്ന് വിലയിരുത്തുന്ന സിപിഎം, അതിനായി നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകളെ മടക്കികൊണ്ടുവരാനാണ് പ്രാധാന്യം നല്‍കുന്നതും. അതിന് ഏറ്റവും ഫലപ്രദമായി ഇപ്പോള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് തൃശൂര്‍ മറ്റത്തൂര്‍ നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ ബിജെപിക്കൊപ്പം ചേര്‍ന്ന വിഷയമാണ്. മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ സി.പി.എമ്മിനെ അധികാരത്തില്‍ നിന്നും പുറത്തുനിര്‍ത്താനായി എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടി വിട്ട് ബിജെപിയുടെ പിന്തുണയോടെ ഭരണസമിതിക്ക് രൂപം നല്‍കി. ഇതാണ് ഇപ്പോള്‍ ശക്തമായി സിപിഎം ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതും. തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയവര്‍ പറയുന്നുണ്ട് എങ്കിലും അതിനെ മറികടക്കുന്ന പ്രചാരണമാണ് സിപിഎം സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ ആരംഭിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഒന്നാകെ ബിജെപിയാകുന്ന വടക്കേ ഇന്ത്യന്‍ രീതി കേരളത്തിലും വന്നുതുടങ്ങി എന്നതാണ് ഇതിലൂടെ സിപിഎം ഉയര്‍ത്തിക്കാട്ടുന്നത്. 35 സീറ്റു ലഭിച്ചാല്‍ കേരളം ഭരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാന സെക്രട്ടറിയായിരുന്ന കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയും ഇതിനായി സിപിഎം ഉപയോഗിക്കുന്നുണ്ട്.
ഇപ്പോള്‍ മറ്റത്തൂരില്‍ നടപ്പാക്കിയത് ഉദ്ദേശിച്ചായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന എന്നതാണ് സിപിഎം വിമര്‍ശനത്തിന്റെ കുന്തമുന. ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് വിമതരും തൃശൂര്‍ ഡിസിസിയും വ്യക്തമാക്കുമ്പോള്‍ അങ്ങനെയെങ്കില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചശേഷം കാലുമാറിയവരെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കാനുള്ള വെല്ലുവിളിയാണ് സിപിഎം നടത്തുന്നത്. അതോടൊപ്പം തന്നെ ഇത്രയും നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് നല്‍കിയില്ല എന്നതും കോണ്‍ഗ്രസ് പാര്‍ട്ടി അറിഞ്ഞുകൊണ്ട് നടത്തിയ നാടകമാണ് ഇതെന്ന് സ്ഥാപിക്കാനായി സിപിഎം ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്.
അതോടൊപ്പം തന്നെ ന്യൂനപക്ഷങ്ങളില്‍ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ഉപയോഗിക്കാന്‍ പോകുന്ന മറ്റൊരു വിഷയമാണ് കര്‍ണ്ണാടകയിലെ യെലഹങ്കയിലെ ഫക്കീര്‍ കോളനിയിലും വസീം ലേ ഔട്ടിലും മുസ്ലീങ്ങള്‍ ഉള്‍പ്പെടെ 3000ല്‍ പരം കുടുംബങ്ങളെ ഒറ്റരാത്രികൊണ്ട് വഴിയാധാരമാക്കിയ സംഭവം. കോണ്‍ഗ്രസ് ഉള്‍പ്പെടെ ശക്തമായി വിമര്‍ശിക്കുന്ന വടക്കേ ഇന്ത്യയിലെ ബുള്‍ഡോസര്‍ രാജാണ് ഇവിടെ നടന്നതെന്ന ആരോപണവുമായി സിപിഎം ഇതിനകം തന്നെ രംഗത്തുവന്നുകഴിഞ്ഞു. ഡിവൈഎഫ്‌ഐ ഈ വിഷയം ഏറ്റെടുത്ത് പ്രചാരണവും തുടങ്ങിയിട്ടുണ്ട്. പുനരധിവാസത്തിനായാണ് ഇവരെ ഒഴിപ്പിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ന്യായീകരണം.
ALSO READ : ‘മനുഷ്യരുടെ സങ്കടത്തിന് ഒരു ഭാഷയേയുള്ളൂ’; ട്രോളന്മാർക്ക് മറുപടിയുമായി എ എ റഹീം
ഇതിനെയെല്ലാം സിപിഎം, ഇടതുകേന്ദ്രങ്ങള്‍ പുച്ഛിച്ചുതള്ളുകയാണ്. പുനരധിവസിപ്പിക്കാനുള്ളവരെ വഴിയാധാരമാക്കിയാണോ അത് ചെയ്യുന്നത് എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. ഇത് കേരള-കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള വാദപ്രതിവാദമായും മാറുന്ന പതിവില്ലാത്ത കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്തായാലും ഈ രണ്ടുവിഷയങ്ങളിലും മറുപടി പറയുന്നതിന് യുഡിഎഫ് കേന്ദ്രങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം ലീഗ് വല്ലാതെ വിയര്‍ക്കുന്നുണ്ട്. യുഡിഎഫിന് വേണ്ടി ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയിരുന്ന ജമാ അത്തെ ഇസ്ലാമിയുടെ ഔദ്യോഗിക സംവിധാനങ്ങളും തല്‍ക്കാലം തികഞ്ഞ മൗനത്തിലുമാണ്.
ക്രിസ്തീയ വിഭാഗങ്ങള്‍ പണ്ടുമുതല്‍ തന്നെ ഇടതുപക്ഷത്തിനെ അനുകൂലിക്കാറില്ല, അതോടൊപ്പം നല്ലൊരു വിഭാഗം ന്യൂനപക്ഷ വോട്ടുകളും നഷ്ടപ്പെട്ടു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനൊപ്പം വന്നപ്പോള്‍ ക്രിസ്തീയ വിഭാഗങ്ങളില്‍ നിന്നും നല്ല പിന്തുണ ഇടതുമുന്നണിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ അത് തിരികെ കോണ്‍ഗ്രസിലേയ്ക്ക് പോയി. അതാണ് മധ്യകേരളത്തിലെ തിരിച്ചടിക്ക് കാരണമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത് മറികടക്കുന്നതിനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ചേരുന്ന പാര്‍ട്ടി നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും വിവാദ ജൂവലറി ഉടമ ഗോവര്‍ദ്ധനനും സോണിയാ ഗാന്ധിയുമൊത്ത് നില്‍ക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളുടെ മുനയൊടിച്ചു എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുമൊത്തുള്ള ചിത്രം പുറത്തുവന്നെങ്കിലും അത് ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ടതാണെന്നും ആ കൂടിക്കാഴ്ച പൊതുസ്ഥലത്ത് വച്ചാണെന്നും സ്ഥാപിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ സംശയത്തിന്റെ മുന അവരിലേയ്ക്ക് തിരിക്കാനായിട്ടുണ്ടെന്നും സിപിഎം വിലയിരുത്തുന്നുണ്ട്.
ഇതോടൊപ്പം തന്നെ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ച ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് എന്ന ആശയവും ന്യൂനപക്ഷങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ഒരു ആയുധമാണ്. പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടുന്ന വേളയില്‍ ഇവിടെ അവരെ ചേര്‍ത്തുപിടിക്കാന്‍ നിയമപരമായി തന്നെ അംഗീകാരമുള്ള ഒരു രേഖ നല്‍കുന്നുവെന്നതാണ് ഇതിനെക്കുറിച്ച് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഒരാളെയും ഉപേക്ഷിക്കില്ലെന്നും ഒപ്പം നിര്‍ത്തുമെന്നുമുള്ള സന്ദേശമാണ് ഇത്. ഇവയൊക്കെയായിരിക്കും വരുംദിവസങ്ങളില്‍ ഇടതുമുന്നണിയുടെ ശക്തമായ ആയുധമായി മാറുക.
ഈ പ്രചരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും നേതൃത്വം നല്‍കുക. ഇപ്പോള്‍ തന്നെ അദ്ദേഹം ഇതിനുള്ള വഴിമരുന്നുകള്‍ ഇട്ടുകഴിഞ്ഞു. വേണ്ടിവന്നാല്‍ ഓരോ വീടുകളിലും കയറിയിറങ്ങി ഇക്കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമവും നടത്തും. കൂടാതെ വികസനം എന്നത് സജീവ ചര്‍ച്ചയാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം രാഷ്ട്രീയവും ശക്തമായി ചര്‍ച്ചചെയ്യപ്പെടണം. എന്നാല്‍ അത് യു.ഡി.എഫ് വെട്ടുന്ന വഴിയിലൂടെ ആകാതിരിക്കാന്‍ വളരെ ശ്രദ്ധവേണമെന്ന നിര്‍ദ്ദേശവും സംസ്ഥാന സമിതി കീഴ്ഘടകങ്ങള്‍ക്ക് നല്‍കും. ഇതില്‍ എല്ലാത്തിലും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ കൂടുതല്‍ സജീവമാക്കാനും നടപടികള്‍ ഉണ്ടാകും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here