പത്മകുമാറിന് പതിവില്ലാത്ത സംരക്ഷണം; സിപിഎമ്മിലും വ്യാഖ്യാനങ്ങൾ പലവിധം

ആദ്യ പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന ഇ.പി.ജയരാജനെതിരെ ബന്ധുനിയമന വിവാദം പുറത്തുവന്നതേ, ഒരന്വേഷണത്തിനും കാക്കാതെയാണ് മന്തിസഭയിൽ നിന്ന് പുറത്താക്കിയത്. എകെ ശശീന്ദ്രനെ മംഗളം ചാനൽ പുറത്തുവിട്ട വാർത്തയിലും നടപടി ഈവിധമായിരുന്നു. ഇതിനെക്കാളെല്ലാം സർക്കാരിനും പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന, ബാധ്യതയാകുന്ന വിവാദമുണ്ടാക്കി വച്ചിരിക്കുന്ന അത്രയൊന്നും തലപ്പൊക്കമില്ലാത്ത നേതാവിനെതിരെ നടപടിയെടുക്കാൻ മടിക്കുന്നതിൻ്റെ കാരണം പാർട്ടി അണികൾക്ക് പോലും മനസിലാകുന്നില്ല എന്നിടത്താണ് പല നെറ്റികളും ചുളിയുന്നത്, ഒപ്പം പലവിധ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ മാനം രക്ഷിക്കണമെന്ന ഉദ്ദേശ്യം പോലും പാർട്ടിക്കില്ലേ എന്ന ആശങ്കയാണ് സിപിഎമ്മിൽ പലകോണിൽ നിന്നും ഉയരുന്നത്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പത്മകുമാറിനെ റിമാന്‍ഡ് ചെയ്ത് ദിവസം രണ്ടുകഴിഞ്ഞിട്ടും പതിവിന് വിപരീതമായി നടപടിയെടുക്കാതെ ന്യായീകരിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമം സംശയങ്ങള്‍ വഴിതിരിച്ചുവിടുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. ഉചിതമായ സമയത്ത് നടപടിയെക്കുറിച്ച് സംസ്ഥാന കമ്മിറ്റി ആലോചിക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ സി.പി.എം നേതാക്കള്‍ വിശദീകരിക്കുന്നത്.
രജിസ്റ്ററില്‍ ചെമ്പ് എന്ന് പത്മകുമാര്‍ തന്റെ കൈപ്പടയില്‍ തിരുത്തി എഴുതി എന്നാണ് അദ്ദേഹത്തിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം പരാമര്‍ശിച്ചിരിക്കുന്നത്. ശബരിമലയിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്ന പത്മകുമാര്‍ അങ്ങനെ ചെയ്തെങ്കിൽ തട്ടിപ്പെന്നല്ലാതെ മറ്റൊരു സംശയത്തിൻ്റെയും ആനുകൂല്യം പോലും നൽകാനാവില്ല. അതുകൊണ്ടുതന്നെ ന്യായീകരിക്കാന്‍ സി.പി.എം വല്ലാതെ ബുദ്ധിമുട്ടും. ഇതിനൊക്കെ കാരണം ഭരണപരമായ വീഴ്ച മാത്രമാണെന്ന വ്യഖ്യാനവുമായി പി.ജയരാജനും ഇ.പി.ജയരാജനും രംഗത്തുവന്നെങ്കിലും ഒരു ഫലവുമില്ലെന്ന് എല്ലാവർക്കുമറിയാം.
ഇത്തരം കാര്യങ്ങള്‍ വരുമ്പോള്‍ അക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന ചരിത്രമാണ് പൊതുവില്‍ സി.പി.എമ്മിനുള്ളത്. ഒന്നുകില്‍ ആരോപണവിധേയനെ പുറത്താക്കുകയോ അല്ലെങ്കില്‍ പാര്‍ട്ടിതല പരിശോധനയ്ക്ക് അന്വേഷണകമ്മിഷനെ വയ്ക്കുകയോ ആണ് പതിവ്. അറസ്റ്റിലായി ദിവസം രണ്ടുകഴിഞ്ഞിട്ടും ഇതുവരെ ഇതിനെക്കുറിച്ച് പാര്‍ട്ടി ആലോചിച്ചിട്ടില്ല എന്നാണ് സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത്. ഇതോടെ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നേതൃത്വങ്ങള്‍ക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന വ്യാഖ്യാനം ഇതിനകം തന്നെ പല മാധ്യമങ്ങളും ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
പാര്‍ട്ടിയുടെ ഈ നിലപാട് പൊതുസമൂഹത്തില്‍ സംശയത്തിന് ഇടവരുത്തുമെന്ന ആശങ്ക സാധാരണ അണികളും നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. പത്മകുമാറിനെ പലപ്പോഴും വഴിവിട്ട് സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനസമയത്ത് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിട്ടു പോലും മൃദുസമീപനമാണ് പാര്‍ട്ടി സ്വീകരിച്ചത്. അന്ന് വീണാജോര്‍ജിനെ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കുകയും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പത്മകുമാറിനെ ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
വിജയകരമായി സംസ്ഥാനസമ്മേളനം അവസാനിച്ച് പലരുടെയും പ്രശംസ പിടിച്ചുപറ്റിയ സമയത്ത് പത്മകുമാര്‍ നടത്തിയ പ്രതികരണം പാര്‍ട്ടി ശത്രുക്കൾക്ക് വല്ലാതെ ആക്രമിക്കാൻ വഴിയൊരുക്കിയതാണ്. എന്നിട്ടും ശക്തമായ ഒരു നടപടി കൈകൊള്ളാന്‍ പാര്‍ട്ടി തയാറായില്ലെന്ന ആരോപണമാണ് സിപിഎമ്മില്‍ നിന്നു തന്നെ ഉയരുന്നത്. അന്നുതന്നെ നടപടിയെടുത്ത് അദ്ദേഹത്തെ പാഠം പഠിപ്പിച്ചിരുന്നെങ്കില്‍ ഇന്ന് ഈ അവസ്ഥയില്‍ പാര്‍ട്ടി എത്തില്ലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ ഇത്രയും ആയിട്ടും നടപടിയെക്കുറിച്ച് ചിന്തിക്കാത്തത് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.
പത്മകുമാര്‍ ജില്ലാ കമ്മിറ്റി അംഗമായതിനാൽ നടപടിയെടുക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തുവെന്നാണ് നേതൃതലത്തില്‍ നിന്നുള്ള സൂചന. അറസ്റ്റിൻ്റെ പേരിൽ നടപടിയെടുക്കുന്നത് ജനാധിപത്യവിരുദ്ധമാകും. വ്യക്തമായ തെളിവോടെയാണ് മുന്‍പ് ചില കേസിലും അറസ്റ്റ് ഉണ്ടായതെങ്കിൽ ഇവിടെ അത്തരമൊന്നും പുറത്തുവന്നിട്ടില്ല എന്നാണ് പാർട്ടി നിലപാട്. എങ്കിലും പാർട്ടിതല അന്വേഷണത്തെക്കുറിച്ച് പോലും പറയാത്തതാണ് പലരും സംശയത്തോടെ കാണുന്നത്. പത്മകുമാറിനെ പ്രകോപിപ്പിച്ച് കടകംപള്ളിക്കെതിരെ ഇറക്കരുതെന്ന വികാരം നേതൃത്വത്തിൽ ചിലർക്കുണ്ട് എന്ന സംശയം ബലപ്പെടുന്നത് ഇവിടെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here