ശബലരിമലയിലെ സ്വര്‍ണം കട്ടത് പാര്‍ട്ടിക്ക് പ്രശ്‌നമല്ല; സിപിഎമ്മിന് പ്രതിഷേധം കോണ്‍ഗ്രസിന്റെ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനത്തില്‍

നിയമസഭയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലിയ അംഗങ്ങളെ പരസ്യമായി ശാസിച്ച സിപിഎം, പാരഡി ഗാനത്തിന്റെ പേരില്‍ മതവികാരം വൃണപ്പെട്ടു എന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനം ശക്തമാകുന്നു. മതവികാരം വൃണപ്പെടുന്ന തരത്തില്‍ ഭക്തിഗാനങ്ങള്‍ പാരഡിയായി ഇറക്കരുതെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറയുന്നത്. ഇതേ ജില്ലാ സെക്രട്ടറി നിയമസഭാംഗമായിരുന്ന 2006 കാലത്താണ് ദൈവനാമത്തില്‍ സത്യവാചകം ചൊല്ലിയതിന്റെ പേരില്‍ എംഎം മോനായി, ഐഷാ പോറ്റി എന്നി സിപിഎം അംഗങ്ങളെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പരസ്യമായി ശാസിച്ചത്. ‘സഖാക്കള്‍ രഹസ്യമായി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെ അപമാനിക്കാന്‍ ഒരുപ്രയാസവുമുണ്ടായില്ല’എന്നായിരുന്നു അന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തിയത്. അംഗങ്ങള്‍ പാര്‍ട്ടിനിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ഇടപെടല്‍ നടത്താനും അന്ന് സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു.

2006 നവംബര്‍ 4, 5 തീയതികളില്‍ എകെജി സെന്ററില്‍ ചേര്‍ന്ന സംസ്ഥാനക്കമ്മിറ്റിയോഗം വിശ്വാസികളായ ഇരുഎംഎല്‍എമാരെ നിശിതമായി വിമര്‍ശിച്ചു. വെറും ശാസനയില്‍ നില്‍ക്കാതെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന വിധം പാര്‍ട്ടി അവരെ വേട്ടയാടുകയും, സംഘടനാ രേഖയില്‍ പ്രത്യേകം നോട്ട് ചെയ്ത് സാദാ അംഗങ്ങളുടെ കോപതാപങ്ങള്‍ക്ക് ഇരയാകാന്‍ അവരെ എറിഞ്ഞു കൊടുക്കുകയും ചെയ്തു.

അന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ച സംഘടനാരേഖയുടെ ഒമ്പതാം ഖണ്ഡികയുടെ ഏഴാംവരിയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു “പാര്‍ട്ടി അംഗങ്ങളും പാര്‍ട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങള്‍ ഒഴിവാക്കാന്‍ രംഗത്തു വരേണ്ടതാണ്. പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ എംഎം മോനായി, ഐഷാ പോറ്റി എന്നിവര്‍ എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അസംബ്ലിയില്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ വരുത്തിവെച്ചത് അപമാനമായിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ ഉറച്ചു നില്‍ക്കുന്ന ഒരാളാണ് പാര്‍ട്ടി അംഗത്വത്തി ലേയ്ക്ക് വരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിച്ചു എന്നാണ് പാര്‍ട്ടി കണ്ടെത്തിയത്”

പാര്‍ട്ടിയുടെ എല്ലാ തലങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു പോയ എംഎം മോനായി പിന്നീട് പൊതുരംഗത്തു പോലും നിശബ്ദനാക്കപ്പെട്ടു. ഐഷാ പോറ്റിയും ഏതാണ്ട് ഒതുക്കപ്പെട്ട അവസ്ഥയിലാണ്. ഇങ്ങനെ നിരവധി പേരെയാണ് ഈശ്വരവിശ്വാസത്തിന്റെ പേരില്‍ പാര്‍ട്ടി കൊല്ലാക്കൊല ചെയ്തിരിക്കുന്നത്. മക്കളുടെ വിവാഹം ക്ഷേത്രത്തിലും പള്ളികളിലും നടത്തിയതിന് പാര്‍ട്ടി നടപടി നേരിട്ടവര്‍ ധാരാളമുണ്ട്. അവരോടൊക്കെ മാപ്പു പറഞ്ഞിട്ട് പോരെ പാരഡി കലാപരിപാടികള്‍ എന്നാണ് അണികള്‍ ചോദിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് ഹിറ്റായ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനം വോട്ടര്‍മാര്‍ക്കിടയില്‍ ഹിറ്റാവുകയും ജനവിധി എതിരാവുന്നതിന് ഈ പാട്ട് വലിയ തോതില്‍ സഹായിച്ചുവെന്ന തിരിച്ചറിവിലാണ് പാട്ടിനെതിരെ പ്രതികരിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് മതവികാരം വൃണപ്പെടുന്ന രീതിയില്‍ ഭക്തിഗാനത്തെ വികലമാക്കി എന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തിയതിന്റെ പേരില്‍ സിപിഎമ്മിന്റെ രണ്ട് ഉന്നത നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് പാരഡിയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാര്‍, പാര്‍ട്ടി നിയമിച്ച മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസു എന്നിവര്‍ ഒന്നര മാസത്തിലധികമായി റിമാന്റിലാണ്. അവര്‍ക്കെതിരെ ഒരു നടപടിയും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. കുറ്റപത്രം വന്നിട്ട് നടപടി ആലോചിക്കാമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട്. അയ്യപ്പന്റെ സ്വര്‍ണം കട്ടതില്‍ വേദനയില്ലാത്തവരാണ് പാരഡിയുടെ പേരില്‍ നെഞ്ചത്തടിക്കുന്നതെന്ന് കോണ്‍ഗ്രസ് പരിഹസിക്കുന്നു.

2013 നവംബറില്‍ പാലക്കാട് നടന്ന സിപിഎം പ്ലീനത്തിലെ പ്രധാന തീരുമാനങ്ങളിലൊന്ന് വിശ്വാസ- ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് വൈരുധ്യാത്മിക ഭൗതിക വാദത്തിന് എതിരാണ് എന്നത്. ഗൃഹപ്രവേശ ചടങ്ങിന് ഗണപതി ഹോമം നടത്തിയതിന്റെ പേരില്‍ പാവങ്ങളായ പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ നടപടി എടുത്തവരാണ് പാരഡി ഗാനത്തെക്കുറിച്ച് വേവലാതിപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top