‘തട്ടിക്കളയും’!! വിമത സ്ഥാനാർത്ഥിക്ക് സി പി എം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി; ഫോൺ സംഭാഷണം പുറത്ത്

വിമത സ്ഥാനാർത്ഥിക്ക് നേരെ വധഭീഷണി മുഴക്കി സിപിഎം ലോക്കൽ സെക്രട്ടറി. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി പി എം മുൻ ഏരിയ സെക്രട്ടറിക്ക് നേരെയാണ് വധഭീഷണി. അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18–ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി വി ആർ രാമകൃഷ്ണനെയാണ് സി പി എം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഭീഷണിപ്പെടുത്തിയത്.

Also Read : ദേശാഭിമാനി മുൻ ബ്യൂറോചീഫ് വിമതനായി സിപിഎമ്മിനെതിരെ; കടകംപള്ളിക്കെതിരെ രൂക്ഷവിമർശനവും

ഇന്നലെ രാത്രിയാണ് ജംഷീർ രാമകൃഷ്ണനെ വിളിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ, അതിന് കഴിയില്ലെന്നും എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ ജംഷീർ വധ ഭീഷണി മുഴക്കുകയായിരുന്നു. “പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയും. പാർട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരും” എന്ന് ജംഷീർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി വകവെക്കാതെ പത്രിക പിൻവലിക്കില്ലെന്ന് വി ആർ രാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. 42 വർഷമായി സി പി എം അംഗമാണ് രാമകൃഷ്ണൻ.

അട്ടപ്പാടിയിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താൻ ചിലർ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരെ പോരാടാനാണ് തൻ്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പാർട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top