രാഹുൽവിവാദം കോൺഗ്രസ് ഡീൽചെയ്ത വിധം ശബരിമല അറസ്റ്റുകളെ ന്യായീകരിക്കാൻ സിപിഎം; കൂടുതൽ അറസ്റ്റ് മുന്നിൽകണ്ട് പാർട്ടി

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍.വാസുവിൻ്റെ അറസ്റ്റോടെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടൊരുക്കിയ പ്ലാനൊക്കെ പാളി. സാധാരണക്കാരെയാകെ കയ്യിലെടുക്കാൻ പാകത്തിലായിരുന്നു കഴിഞ്ഞമാസം മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് നടത്തിയ ജനപ്രിയ പ്രഖ്യാപനങ്ങൾ. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന അടക്കമുള്ളവ തിരഞ്ഞെടുപ്പിനായി ഒരുക്കിവച്ച ആയുധങ്ങളായിരുന്നു. എല്ലാം തച്ചുതകർത്തു കൊണ്ടാണ് ശബരിമല വിവാദവും സിപിഎമ്മിന് ഏറ്റവും വേണ്ടപ്പെട്ട സഖാവ് വാസുവിൻ്റെ അറസ്റ്റും ഉണ്ടായത്. ഇനിയും ആരെല്ലാം അഴിക്കുള്ളിലാകുമെന്ന് ഒരു രൂപവുമില്ല താനും.

Also Read: ശബരിമലയിൽ ന്യായീകരണങ്ങൾ മാറ്റിപിടിക്കേണ്ട അവസ്ഥയിൽ സിപിഎം; ജയകുമാറിനെ കൊണ്ടുവന്നതും ഗുണവും ചെയ്യില്ല

ഈ സാഹചര്യത്തിലാണ് പ്രതിരോധത്തിനായി ദുർബല നീക്കങ്ങൾ പാർട്ടി നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം ഈ വിഷയങ്ങൾ സജീവ ചർച്ചയാക്കാൻ എതിരാളികൾ ശ്രമിക്കുമ്പോൾ മറുപടി പറയേണ്ടി വരും. അവിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിൽ പെട്ടപ്പോൾ പ്രതിപക്ഷനേതാവും കോണ്‍ഗ്രസും സ്വീകരിച്ച തന്ത്രം പുറത്തെടുക്കാമെന്ന് നേതൃത്വം നിര്‍ദ്ദേശം നല്‍കുന്നത്. ചോദിക്കുന്നവരോട്, കുറ്റവാളി ആരായാലും വിടില്ലെന്ന് മാത്രം പറഞ്ഞ് കൂടുതല്‍ വിശദീകരണം ഒഴിവാക്കുക. വിശദീകരിച്ച് മറ്റുള്ളവര്‍ക്ക് ആയുധം നല്‍കുന്നതിന് പകരം, അതവിടെ അവസാനിച്ച അദ്ധ്യായമാണെന്ന് കൂടി പറഞ്ഞുനിർത്തുക.

Also Read: ജുഡീഷ്യൽ പദവിയിൽ നിന്ന് ജയിലിലേക്ക്… ഉഗ്രപ്രതാപിയായി വാണ വാസു വീണതോടെ വിയർത്ത് സിപിഎമ്മും സർക്കാരും

ആകെ ശ്രദ്ധ തിരിച്ചുവിടാൻ പാകത്തിലുളള മറ്റെന്തെങ്കിലും വിഷയം കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വരെയുള്ള ഈ ചുരുങ്ങിയ സമയത്തിൽ അത് എളുപ്പമല്ല. എന്തുതന്നെയായാലും ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന ഉള്‍പ്പെടെ വിശദീകരിക്കുക. പൊതുയോഗങ്ങളില്‍ ആവേശം മൂത്ത് ശബരിമല വിഷയം എടുത്തിടരുത്. പ്രാദേശിക വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം കൊണ്ടുപോകാനുളള ശ്രമം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഒന്നരമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പാര്‍ട്ടിക്കും മുന്നണിക്കും നേരിയ ആശ്വാസം നൽകുന്നുണ്ട്.

Also Read: വാസുവിനെ കസേരയിട്ട് ഇരുത്തിയ സിപിഎം മറുപടി പറയേണ്ടിവരും!! മാര്‍ച്ച് 19ന് സ്വര്‍ണപ്പാളിയെ ചെമ്പെന്ന് രേഖപ്പെടുത്തി; 31ന് വിരമിച്ചു

ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടം ഉള്ളതിനാൽ അന്വേഷണത്തിൽ സർക്കാരിന് ഒരു ഇടപെടലിനും കഴിയില്ല എന്നത് വൻ തിരിച്ചടിയാണ്. അന്വേഷണം വാസുവിലെത്തി നിന്നാൽ ഭാഗ്യം. ദേവസ്വം പ്രസിഡൻ്റായി സിപിഎം രാഷ്ട്രീയനിയമനം നൽകിയ കാലത്തല്ല, പകരം ദേവസ്വം കമ്മിഷണര്‍ എന്ന എക്‌സിക്യൂട്ടീവ് പദവിയിലിരിക്കെയാണ് വാസു ക്രമക്കേട് നടത്തിയതെന്ന ദുർബല ന്യായീകരണമാണ് ഇപ്പോഴുള്ളത്. എന്നാൽ വാസുവിന് പിന്നാലെ സിപിഎം നോമിനിയായി ദേവസ്വം പ്രസിഡൻ്റായ പത്മകുമാറിലേക്ക് കൂടി അന്വേഷണം എത്തിയാൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന ആശങ്ക നേതൃത്വത്തിൽ ശക്തമായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top