ശബരിമല വിവാദത്തെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താൻ പെടാപ്പാട്; പ്രതിപക്ഷ നേതാവിന്റെ പഴയ പ്രസ്താവന ചർച്ചയാക്കാൻ എൽഡിഎഫ്

ശബരിമല സ്വര്‍ണ്ണപാളി വിവാദം നല്‍കിയ തിരിച്ചടി മാറ്റാനും, സർക്കാരിൻ്റെ ജനപ്രിയ പദ്ധതികളെ തിരഞ്ഞെടുപ്പു പ്രചാരണത്തിലേക്ക് തിരികെ കൊണ്ടുവരാനും തന്ത്രങ്ങൾ മെനഞ്ഞ് ഇടതുപക്ഷവും സിപിഎമ്മും. വിഡി സതീശനേയും പികെ കുഞ്ഞാലിക്കുട്ടിയേയും അവരുടെ നിയസഭാ പ്രസംഗം ഉപയോഗിച്ചു തന്നെ വെല്ലുവിളിച്ച് ചര്‍ച്ചയിലേയ്ക്ക് എത്തിക്കാനാണ് നീക്കം. അതോടൊപ്പം യുവജനങ്ങള്‍ക്കായി സർക്കാർ ഇപ്പോള്‍ പ്രഖ്യാപിച്ച പദ്ധതികളെക്കുറിച്ച് വീടുകയറി പ്രചാരണം നടത്താൻ ഇടതു യുവജനസംഘടനകളെ നിയോഗിക്കാനും തീരുമാനമുണ്ട്. അത് ഇതിനകം തന്നെ തുടങ്ങിവയ്ക്കുകയും ചെയ്തു.
സാമൂഹ്യക്ഷേമ പെന്‍ഷൻ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനക്ക്, പ്രതിപക്ഷനേതാവും നിയമസഭാകക്ഷി ഉപനേതാവ് കുഞ്ഞാലിക്കുട്ടിയും നടത്തിയ പ്രതികരണങ്ങളാണ് ഇപ്പോള്‍ ഇടതുപക്ഷം ആയുധമാക്കുന്നത്. അന്നുണ്ടായിരുന്ന അഞ്ചുമാസത്തെ കുടിശിക 2025 സാമ്പത്തികവര്‍ഷം തീരുംമുന്‍പ് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് നടക്കാന്‍ പോകുന്നില്ലെന്നും, അതിന്റെ പേരില്‍ സര്‍ക്കാരിനെ പരസ്യവിചാരണ ചെയ്യുമെന്നുമാണ് അന്ന് സതീശന്‍ പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയും ഈവിധം പരിഹസിച്ചു. ഇപ്പോഴിത് ആയുധമാക്കി യുഡിഎഫിനെ വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമം.
സാമൂഹികക്ഷേമ പെന്‍ഷനില്‍ അന്നുണ്ടായിരുന്ന അഞ്ചുമാസത്തെ കുടിശിക നല്‍കിയെന്ന് മാത്രമല്ല, ഇപ്പോള്‍ പെന്‍ഷന്‍ കൃത്യമാക്കുകയും ചെയ്തു. അതോടൊപ്പം വര്‍ദ്ധിപ്പിച്ച 400 രൂപ ഉള്‍പ്പെടെ 2000 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് നല്‍കിതുടങ്ങുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടികൊണ്ട് സതീശനെ വെല്ലുവിളിക്കാനാണ് തീരുമാനം. സതീശന്‍ അന്ന് നിയമസഭയില്‍ പറഞ്ഞതു പോലെ പരസ്യവിചാരണയ്ക്ക് ഇപ്പോൾ തയാറുണ്ടോയെന്ന ചോദ്യമാണ് വരുംദിവസങ്ങളില്‍ സിപിഎം ചോദിക്കാന്‍ പോകുന്നത്.
തിരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി ഉയര്‍ന്നുവന്ന ശബരിമല സ്വര്‍ണ്ണപാളി കേസിനെ ചർച്ചയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് ഇതിലൂടെയെല്ലാം ഉദ്ദേശിക്കുന്നത്. പ്രതിപക്ഷ പ്രചാരണം മുഴുവൻ ശബരിമലയിൽ കേന്ദ്രീകരിച്ചു എന്ന് മാത്രമല്ല, അറസ്റ്റ് നടന്ന് ദിവസങ്ങള്‍ പലതായിട്ടും സാധാരണ സംഘടനാരീതി പോലെ ഇക്കാര്യത്തിൽ പത്മകുമാറിനെതിരെ പേരിനെങ്കിലും നടപടിയെടുക്കാൻ സിപിഎമ്മിന് കഴിയുന്നുമില്ല. ഇത് പാർട്ടിക്കുള്ളിൽ തന്നെ പലവിധ വിമര്‍ശനത്തിനും വഴിതെളിച്ചിട്ടുമുണ്ട്. ഇതൊക്കെ മറികടക്കാനുള്ള വഴിയായാണ് വീണ്ടും ജനപ്രിയ പദ്ധതികളെ ചര്‍ച്ചയിൽ കൊണ്ടുവരാനുള്ള ശ്രമം.
അതോടൊപ്പം പ്രചാരണവിഷയം മാറ്റികൊണ്ടുപോകുന്ന യുഡിഎഫ് തന്ത്രത്തെ പരാജയപ്പെടുത്താനായി ഇടതുമുന്നണിയുടെ യുവജനസംഘടനകളെ രംഗത്തിറക്കും. യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചതും നടപ്പാക്കുന്നതുമായ പദ്ധതികളെക്കുറിച്ച് വീടുകള്‍ തോറും പ്രചാരണം നടത്തും. ഓരോ വീടുകളും യുവജനങ്ങളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ ഇത്തരം പദ്ധതികളെക്കുറിച്ച് വിശദമായി പ്രചാരണം നടത്താനാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതിനകം തന്നെ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിയുടെ യുവജനസംഘടനകളുടെ കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകളില്‍ ജനപ്രിയ പദ്ധതികള്‍ ആയുധമാക്കി പ്രചാരണത്തില്‍ മേല്‍കൈ നേടുക എന്ന തന്ത്രമാണ് നേരത്തെ മുതല്‍ തന്നെ എൽഡിഎഫ് തയാറാക്കിയത്. ക്ഷേമപെന്‍ഷന്‍ വര്‍ദ്ധന, വീട്ടമ്മമാര്‍ക്കുള്ള പ്രത്യേക പെന്‍ഷന്‍, യുവജനങ്ങള്‍ക്കുള്ള ഗ്രാന്റ് ഇങ്ങനെ പലതും പ്രഖ്യാപിച്ചതും ഇതിനായി തന്നെയാണ്. തുടക്കത്തില്‍ ഈ കെണിയില്‍ വീണ യുഡിഎഫ്, പെന്‍ഷന്‍ വര്‍ദ്ധനയേയും അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനത്തേയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതിനെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും നിന്ന് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുകയും അവര്‍ ശരിക്കും ഇടതുമുന്നണിയുടെ വലയില്‍ വീഴുകയും ചെയ്തിരുന്നു.
എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത്തരം പ്രതികരണത്തിന് കോണ്‍ഗ്രസ് നേതൃത്വം തന്നെ കര്‍ശനമായ കടിഞ്ഞാണിട്ടു. വിമര്‍ശിക്കാൻ പോലും ജനപ്രിയ പദ്ധതികളെക്കുറിച്ച് ചര്‍ച്ചവേണ്ട എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ശബരിമല പോലെ ജനങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ആയുധമാക്കാനായിരുന്നു അവര്‍ നല്‍കിയ നിര്‍ദ്ദേശം. അതിന് സഹാകയകരമായി സിപിഎം ജില്ലാകമ്മിറ്റി അംഗം പത്മകുമാര്‍ തന്നെ ഈ കേസില്‍ അറസ്റ്റിലാകുകയും ചെയ്തു. അതോടെ യുഡിഎഫിന്റെ പ്രചാരണത്തിന്റെ കുന്തമുന അതിലേയ്ക്ക് നീളുകയായിരുന്നു.
ജനപ്രിയ പദ്ധതികള്‍ പൂര്‍ണ്ണമായും ചർച്ചയിൽ നിന്നൊഴിവാകുന്നത് പ്രതിസന്ധിയാകുമെന്ന് ഇതിന്റെ പശ്ചാത്തലത്തില്‍ എൽഡിഎഫ് വിലയിരുത്തി. കഴിഞ്ഞ സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലും ഇത് ചര്‍ച്ചയായി. ഇതോടെയാണ് പ്രതിപക്ഷനേതാവിൻ്റെയും മറ്റും പഴയ പ്രസ്താവനകളെയും നിലപാടുകളെയും ഉയർത്തിക്കാട്ടിയുള്ള ചർച്ചകൾക്ക് തുടക്കമിടാൻ ശ്രമിക്കുന്നതും. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് ഏറ്റെടുത്ത് വഷളാക്കാൻ ശ്രമിക്കുന്നില്ല എങ്കിലും, ഇപ്പോൾ വീണ്ടും ഉയർന്നു വരുന്ന വിവാദങ്ങളെ സോഷ്യൽ മീഡിയയിൽ സജീവമാക്കി നിലനിർത്തി നേട്ടമുണ്ടാക്കാൻ കഴിയുമോയെന്ന ശ്രമവും നടത്തുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here