ബിഷപ്പ് പാംപ്ലാനി തെമ്മാടിയെന്ന് തോമസ് ഐസക്കിന്റെ മുന്‍ സെക്രട്ടറി; സഭയും സിപിഎമ്മും തമ്മിലുള്ള ഏറ്റുമുട്ടല്‍ തെറി വിളിയിലേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും സിറോ മലബാര്‍ സഭ തലശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും തമ്മിലുള്ള രാഷ്ട്രീയ വാക്‌പോര് തെറി വിളിയിലേക്കും വ്യക്തി അധിക്ഷേപത്തിലേക്കും വഴി മാറുന്നു. സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ വിഷയം ഏറ്റെടുത്തതോടെയാണ് പ്രതികരണങ്ങളില്‍ രൂക്ഷത വര്‍ദ്ധിക്കുന്നത്. മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ഗോപകുമാര്‍ മുകുന്ദന്‍ ആര്‍ച്ചുബിഷപ്പിനെ ‘തെമ്മാടി’ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചത്.
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീമാര്‍ക്ക് ജാമ്യം ലഭിച്ചതിന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാക്ക് നന്ദി പറഞ്ഞതിനാണ് എംവി ഗോവിന്ദന്‍ മാര്‍ പാംപ്ലാനിയെ ‘അവസരവാദി’ എന്ന് വിശേഷിപ്പിച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് ഐസക്കിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍ ഉള്‍പ്പെടെയുള്ള സിപിഎം അനുഭാവികള്‍ രൂക്ഷമായ ഭാഷയില്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്.

”ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാളില്ല” എന്നായിരുന്നു മാര്‍ പാംപ്ലാനിക്കെതിരെ എംവി ഗോവിന്ദന്‍ ഉന്നയിച്ച രൂക്ഷവിമര്‍ശനം. ഇതിന് അതേ നാണയത്തില്‍ തലശ്ശേരി അതിരൂപത മറുപടിയും നല്‍കി. ”അവസരവാദം ആപ്തവാക്യമാക്കി സ്വീകരിച്ചയാളാണ് ഗോവിന്ദന്‍” എന്നായിരുന്നു അതിരൂപതയുടെ പ്രതികരണം. ഈ വാക്‌പോര് മുറുകിയതോടെയാണ് സിപിഎം നേതാക്കള്‍ പരസ്യ പ്രതികരണങ്ങളില്‍ നിന്ന് മാറി സൈബര്‍ ആക്രമണങ്ങളിലേക്ക് തിരിഞ്ഞി രിക്കുന്നത്.
ഗോപകുമാര്‍ മുകുന്ദന്‍, മാര്‍ പാംപ്ലാനിയെ ‘എടോ തെമ്മാടി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഫേസ്ബുക്കില്‍ അധിക്ഷേപകരമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ”നീണ്ട വെള്ളപ്പാവാടയിട്ട പൗരോഹിത്യ ജീര്‍ണ്ണതയ്ക്ക് രാഷ്ട്രീയ വ്യക്തിത്വം മനസിലാക്കാന്‍ കഴിയില്ല’എന്നും നിനക്കൊക്കെ ചേരുന്നത് ബജ്രംഗ്ദള്‍ ആണ്” എന്നും കുറിപ്പില്‍ പറയുന്നു. ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് എം.വി. ഗോവിന്ദന്‍ നേടിയെടുത്ത സാമൂഹിക മൂലധനത്തെ പാംപ്ലാനിക്ക് മനസ്സിലാക്കാന്‍ കഴിയില്ലെന്നും ഗോപകുമാര്‍ തന്റെ കുറിപ്പില്‍ അധിക്ഷേപിക്കുന്നുണ്ട്.
തന്റെ പരാമര്‍ശം ക്രിസ്തീയ സഭയെ മൊത്തത്തില്‍ ലക്ഷ്യം വച്ചുള്ളതല്ല. സഭയിലെ ചിലരുടെ നിലപാടിനെതിരായ വിമര്‍ശനമാണിത്. സിപിഎം – സഭ പോര് എന്നൊന്നില്ലെന്ന് എം വി ഗോവിന്ദന്‍ ഇന്നലെ പറഞ്ഞിരുന്നു. കുര്‍ബാന നടത്താന്‍ പാര്‍ട്ടി ഓഫീസ് വിട്ടു നല്‍കിയവരാണ് സിപിഎം. സഭയില്‍ രണ്ട് വിഭാഗമുണ്ട്. ചില ബിഷപ്പുമാര്‍ സംഘപരിവാറിനെ ശരിയായി മനസ്സിലാക്കുന്നില്ല. സിപിഎമ്മും ക്രിസ്തീയ സഭയും തമ്മില്‍ സംഘര്‍ഷമുണ്ടെന്ന പ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. സംഘപരിവാറും സിപിഎമ്മും ഒന്നു തന്നെയാണെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ് ഉദ്ദേശ്യമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബിഷപ്പിനെതിരെയുള്ള സിപിഎം അണികളുടെ തെറി വിളികളോട് സഭ പ്രതികരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here