സ്വർണ്ണപ്പാളി വിവാദം പിടിച്ചുകെട്ടാൻ വഴിതേടി സിപിഎം; അയ്യപ്പ സംഗമത്തിൻ്റെ ശോഭകെടുത്തുമെന്ന് ആശങ്ക

ശബരിമല സ്വര്‍ണ്ണപാളിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ കൂടുതൽ വഷളാകാതെ പിടിച്ചുകെട്ടാൻ വഴിതേടി സിപിഎം. ഈ വിഷയം പാര്‍ട്ടിയേയും മുന്നണിയേയും പ്രതിക്കൂട്ടിലാക്കും മുന്‍പ് സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്ന ആവശ്യം സിപിഎമ്മില്‍ ശക്തമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതിനുപുറമെ 1999 മുതല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി മുന്‍പാകെ ആവശ്യപ്പെടാന്‍ ദേവസ്വം ബോര്‍ഡും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെയെല്ലാം പരിക്ക് കുറയ്ക്കുകയാണ് ലക്ഷ്യം.

ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുനിന്ന ഭൂരിപക്ഷ വിഭാഗങ്ങളെ ഒപ്പം എത്തിച്ചുവെന്ന് ആശ്വസിച്ചിരിക്കെ ഉണ്ടായിരിക്കുന്ന ഈ വിവാദം അതിൻ്റെയെല്ലാം ശോഭ കെടുത്തുമോ എന്ന ആശങ്കയാണ് പൊതുവില്‍ ഇടതുമുന്നണിയില്‍ ശക്തമാകുന്നത്. ഈ വിഷയം ഉയര്‍ത്തികൊണ്ട് സിപിഎമ്മിനെയും ഇടതുമുന്നണിയേയും പ്രതിരോധത്തിലാക്കാനുള്ള നീക്കം കോണ്‍ഗ്രസും ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ശക്തമായ പ്രക്ഷോഭ പരമ്പരകള്‍ ആസൂത്രണം ചെയ്ത് ശബരിമല യുവതീപ്രവേശന വിഷയത്തിലേതു പോലെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് അവരുടെ നീക്കം.

ഈവിധം മുന്നോട്ടുപോയാൽ ശബരിമലയെ ചൂണ്ടിക്കാട്ടി സർക്കാരിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച എന്‍എസ്എസിനും മാറിച്ചിന്തിക്കേണ്ടി വരും. അതിന് അവരെ നിർബന്ധിതമാക്കുന്ന നിലയിലേക്ക് വിവാദങ്ങളെ കൊണ്ടെത്തിക്കാനാണ് കോൺഗ്രസിൻ്റെ ശ്രമം. പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രഖ്യാപനങ്ങളൊക്കെ ഈ നിലയ്ക്കുള്ളതാണ്. സർക്കാരിന് പ്രഖ്യാപിച്ച പിന്തുണയുടെ പേരിൽ എൻഎസ്എസിനുള്ളിൽ ഉണ്ടാകുന്ന അന്തഛിദ്രം സിപിഎമ്മിന് പ്രശ്നമല്ലെങ്കിലും പുതിയ നിലപാടിൽ നിന്ന് സുകുമാരൻ നായർക്ക് പിന്നോട്ടു പോകേണ്ടിവന്നാൽ അത് സിപിഎമ്മിനും സർക്കാരിനും പരിഹരിക്കാനാകാത്ത ക്ഷീണമുണ്ടാക്കും.

Also Read:എന്‍എസ്എസ് ഒപ്പം നിന്നാലും തമ്മിലടിച്ച് നശിച്ചാലും നേട്ടം മാത്രം; ഉദിഷ്ടകാര്യം സാധിച്ച് സിപിഎം

വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി നിൽക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ രാഷ്ട്രീയ പശ്ചാചത്തലം അടക്കം സംശയമുളളതെല്ലാം പരിശോധിക്കാൻ പാർട്ടി കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ആഗോള അയ്യപ്പസംഗമത്തിന് ഒരാഴ്ച മുന്‍പാണ് ശബരിമലയിലെ പീഠം കാണാനില്ലെന്ന് ഇയാൾ ആരോപണം ഉന്നയിച്ചത്. പിന്നീടത് ഇയാളുടെ തന്നെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻലസ് കണ്ടെടുക്കുന്നത്. അതുപോലെ സ്വര്‍ണ്ണപാളികള്‍ അറ്റകുറ്റപണികള്‍ക്കായി കൊണ്ടുപോകുന്നുവെന്ന പേരില്‍ പലയിടത്തും എത്തിച്ച് പ്രദര്‍ശനം നടത്തിയതും പുറത്തുവരുന്നുണ്ട്. ഇതൊക്കെ സിപിഎമ്മിനുള്ളില്‍ സംശയത്തിന്റെ വിത്ത് വിതച്ചിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തോളമായി സിപിഎമ്മിന്റെ നോമിനികളാണ് ദേവസ്വം പ്രസിഡന്റുമാരായിരിക്കുന്നത്. മാത്രമല്ല ബോര്‍ഡും ഉദ്യോഗസ്ഥരുമൊക്കെ പാർട്ടി പക്ഷത്തുള്ളവരുമാണ്. അപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ഈ നിഗൂഢ വ്യക്തിത്വത്തിന് ആര് ശബരിമലയില്‍ ഇത്രമേൽ സ്വാധീനമുണ്ടാക്കി കൊടുത്തുവെന്ന ചോദ്യവുത്തിന് മറുപടി പറയാതെ പോകാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. അതിലാണ് പ്രതിപക്ഷവും ഊന്നുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളൊക്കെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

Also Read: ‘അയ്യപ്പന് പിന്നാലെ അമൃതാനന്ദമയിയുടെ മഹത്വവും തിരിച്ചറിഞ്ഞു’… ‘അമ്മയ്ക്കൊരുമ്മ’ കൊടുത്ത സജി ചെറിയാന് വിമർശനം

ഈ വിഷയങ്ങളെക്കുറിച്ചൊക്കെ ദേവസ്വം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കാണാനില്ലെന്ന് പോറ്റി കളവുപറഞ്ഞ പീഠം കണ്ടെത്തിയത് അവരാണ്. എന്നാല്‍ ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഒതുങ്ങുന്നതല്ല ഇക്കാര്യമെന്ന ചിന്തയും പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ നിര്‍ദ്ദേശപ്രകാരം ഹൈക്കോടതി മുന്‍ ജഡജിയുടെ നേതൃത്വത്തില്‍ ശബരിമലയിലെ സ്വര്‍ണ്ണത്തിന്റെയും മറ്റും കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്‌നം തീരില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.

2019ൽ പാളികൾ സ്വര്‍ണ്ണം പൂശാന്‍ പോറ്റിയെ ഏൽപിച്ചുവിടുമ്പോൾ ദേവസ്വം പ്രസിഡൻ്റ് സിപിഎം നേതാവ് എ. പത്മകുമാർ ആയിരുന്നു. അതുകൊണ്ട് തന്നെ ആരോപണത്തിന്റെ കുന്തമുന ആദ്യം നീളുന്നത് ഇടതിനെതിരെ ആണ്. ഇതടക്കം ചൂണ്ടിക്കാട്ടി വിഷയം കത്തിച്ചുനിര്‍ത്താനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിനെ രംഗത്തിറക്കാനാണ് ശ്രമം. ഇതിനെയെല്ലാം പ്രതിരോധിക്കാനാണ് 1999ല്‍ സ്വര്‍ണ്ണപാളികള്‍ സ്ഥാപിച്ചത് മുതൽ അന്വേഷണം വേണമെന്ന് ബോർഡ് ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. ഇതിനു ശേഷമുള്ള കാലത്ത് രണ്ടു ടേമിൽ യുഡിഎഫാണ് കേരളം ഭരിച്ചത്.

Also Read: എന്‍എസ്എസിന്റെ സമദൂരത്തെ ശരിദൂരമാക്കിയത് സിപിഎമ്മിന്റെ മാസ്റ്റര്‍പ്ലാന്‍; നായകര്‍ ഇവര്‍ രണ്ടും… പ്രത്യുപകാരമെന്ത്

2004ല്‍ എകെ ആന്റണി രാജിവച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ രണ്ടുവര്‍ഷം ദേവസ്വം കൈകാര്യം ചെയ്തത് കെ സി വേണുഗോപാലുമായിരുന്നു. ഒരുകാലത്തുമില്ലാത്ത വിധം ആരോപണങ്ങള്‍ അന്ന് ദേവസ്വത്തിനെതിരെ ഉയർന്നിരുന്നു. 2011 മുതലുള്ള ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തും ശബരിമലയെ ചുറ്റിപ്പറ്റി വൻ വിവാദങ്ങൾ ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് അന്നത്തെ മന്ത്രിയുടെ ബന്ധുവിനെതിരെ വിജിലന്‍സ് അന്വേഷണവും ഉണ്ട്. ഇതെല്ലാം ആയുധമാക്കാനുള്ള വഴികളാണ് സിപിഎം തേടുന്നത്. തിരഞ്ഞെടുപ്പ് എത്തുമ്പോൾ ഇതിൻ്റെ പരിക്കുംപേറി നിൽക്കാനാവില്ല എന്നുതന്നെയാണ് മുന്നണിയുടെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top