മല്ലികാ സാരഭായിയുടെ നാക്കിന് സിപിഎം പൂട്ടിടുമോ? ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിൽ പാർട്ടിക്ക് മുറുമുറുപ്പ്

ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റേയും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റേയും വക്താക്കളായി രംഗത്തുവരുന്ന സിപിഎമ്മിന് കനത്ത തിരിച്ചടി നൽകി ഇടത് സഹയാത്രിക കൂടിയായ മല്ലിക സാരാഭായി. ആശാസമരത്തെ പിന്തുണക്കുന്നതിൽ നിന്ന് തന്നെ വിലക്കിയതായി പ്രശസ്ത നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക വെളിപ്പെടുത്തിയത് പാർട്ടിക്കേറ്റ അപ്രതീക്ഷിത ആഘാതമായി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മല്ലിക തന്നെയാണ് വിവരം പുറത്ത് അറിയിച്ചത്.
ആശാസമരത്തെ പിന്തുണക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ഇന്ന് തൃശൂരിൽ നടക്കാനിരിക്കെയാണ് ഇടത് സഹയാത്രികയായി അറിയപ്പെടുന്ന മല്ലികയെ വിലക്കാൻ ശ്രമമുണ്ടായത്. ഇത് വകവയ്ക്കാതെ പരിപാടി ഓൺലൈനിലൂടെ മല്ലിക ഉദ്ഘാടനം ചെയ്തു. ആയിരം രൂപ ആശമാരുടെ അക്കൗണ്ടിലേക്ക് നൽകികൊണ്ട് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ആരാണ് വിലക്കിയതെന്ന് മല്ലിക വ്യക്തമാക്കിയില്ലെന്ന് മാത്രം.
“ഒരു സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്നതിൻ്റെ അർത്ഥം ഇന്നാണ് മനസിലായത്. അഭിപ്രായം നിയന്ത്രിക്കണം!! ആശാ വർക്കർമാരുടെ ശമ്പളവർധനക്കായി ഒരു സമരം തൃശൂരില്‍ നടക്കുന്നു. വളരെ പ്രധാനപ്പെട്ട ജോലികള്‍ എല്ലായിടത്തും ചെയ്യുന്ന ഈ തൊഴിലാളികള്‍ക്ക് പക്ഷെ ലഭിക്കുന്നത് തുഛ വരുമാനമാണ്. അവരുടെ ശമ്പളം വര്‍ധിപ്പിക്കാൻ ഒരു ക്രൗഡ് ഫണ്ടിങ്ങ് പരിപാടിക്ക് സാറാ ജോസഫ് നേതൃത്വം നല്‍കുന്നു. എന്നോട് അഭിപ്രായം ചോദിക്കുകയും അത് നല്‍കുകയും ചെയ്‌തു. ഇനിയത് അനുവദിക്കില്ല എന്നാണോ? ഞാന്‍ ഞാനല്ലാതെ ആകണോ, അങ്ങനെ മാറാന്‍ കഴിയുമോ?”
രൂക്ഷമായ ഭാഷയിൽ സിപിഎമ്മിനോടുള്ള അതൃപ്തി അവർ പ്രകടിപ്പിച്ചത് ഇങ്ങനെ. അഭിപ്രായം പറയുന്നത് തന്റെ ജീവിതത്തിൽ ഉടനീളമുള്ള ശീലമാണ്. ‘ഞാൻ ഞാനല്ലാതാകണോ’ എന്ന് മല്ലിക ചോദിക്കുന്നത് തന്നെ വിലക്കാൻ ശ്രമിച്ച സിപിഎം നേതൃത്വത്തോട് ആണെന്ന് വ്യക്തം. ഇന്നലെ ഇട്ട കുറിപ്പിന് താഴെ വന്ന് സിപിഎം അനുയായികൾ ആശാസമരം സിപിഎം വിരുദ്ധമാണെന്നും അതിനെ പിന്തുണക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്ന് മല്ലിക മറുപടിയും നൽകിയിട്ടുണ്ട്.
എമ്പുരാൻ സിനിമക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകളിൽ നിന്ന് ഭീഷണി ഉയർന്നപ്പോൾ ആവിഷ്കാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നു എന്ന് വിലപിച്ചവരാണ് മല്ലികാ സാരാഭായിക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിച്ചത്. നന്ദിഗ്രാമിലെ കർഷകർക്കും സ്ത്രീകൾക്കും നേരെ സിപിഎം- പോലീസ് അതിക്രമങ്ങൾ നടന്നപ്പോൾ പ്രതികരിച്ച സിപിഐ ദേശീയ നേതാവ് ആനി രാജ നിശബ്ദത പാലിക്കണമെന്ന് സിപിഎം നേതൃത്വം തൻ്റെ പാർട്ടിയോട് ആവശ്യപ്പെട്ട വിവരം ഒരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ നിശബ്ദരാക്കാൻ സിപിഎം ശ്രമിക്കുന്നതിൻ്റെ ഒടുവിലത്തെ ഇരയാണ് മല്ലിക സാരാഭായി.
കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ഒതുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇറക്കിയ തുറുപ്പായിരുന്നു മല്ലികാ സാരാഭായി. സർവകലാശാലകളുടെ ചാൻസലർ പദവി വഹിച്ചിരുന്ന ഗവർണറെ നീക്കി, പകരം കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി മല്ലികയെ നിയമിച്ചു കൊണ്ടായിരുന്നു ആരിഫ് ഖാനെ ഇടത് സർക്കാർ വെല്ലുവിളിച്ചത്. അതുകൊണ്ടൊന്നും തന്നെ നിശബ്ദയാക്കാൻ കഴിയില്ലെന്ന അവരുടെ പ്രതികരണം സിപിഎം നേതൃത്വത്തിൻ്റെ മുഖത്തേറ്റ അടിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here