വിദ്യാഭ്യാസ രംഗത്തെ സിപിഎം ‘യുടേണുകൾ’!! പദ്ധതികളെ ആദ്യം എതിർക്കും, പിന്നെ നടപ്പാക്കും

ഐക്യകേരളം രൂപീകരിച്ച ശേഷം കോൺഗ്രസ് സർക്കാരുകൾ രൂപം കൊടുത്ത പദ്ധതികളെ കണ്ണടച്ച് എതിർക്കുകയും, പിന്നീട് അധികാരത്തിൽ വരുമ്പോൾ യാതൊരു മടിയും കൂടാതെ താത്വിക വിശദീകരണങ്ങളോടെ അവ നടപ്പാക്കുകയും ചെയ്യുക എന്നത് സിപിഎമ്മിൻ്റെ സ്ഥിരം പരിപാടിയാണ്. വിദ്യാഭ്യാസ മേഖലയിലാണ് ഇത്തരം യൂടേണുകളും ഏറ്റവുമധികം നടന്നിരിക്കുന്നത്. ഏറ്റവുമൊടുവിൽ കേന്ദ്രത്തിലെ മോദി സർക്കാർ ആവിഷ്കരിച്ച പിഎം ശ്രീപദ്ധതിയെ എതിർത്ത ശേഷം ഒരു മടിയുമില്ലാതെ അത് നടപ്പാക്കാൻ പിണറായി സർക്കാർ ഒരുങ്ങുകയാണ്. എന്തിനാണ് ഈ പദ്ധതിയെ എതിർത്തത് എന്നതിൽ കാര്യമായ വിശദീകരണങ്ങൾ ഒന്നും ഇപ്പോൾ പറയുന്നില്ല. കാലാകാലങ്ങളിൽ വിദ്യാഭ്യാസ പദ്ധതികളെ എതിർത്തതിൻ്റെ ഫലമായിട്ടാണ് കേരളം ഉന്നത വിദ്യാഭ്യാസത്തിൽ പിന്നോക്കം പോകാനിടയായതെന്ന് വിമർശനങ്ങൾ വ്യാപകമാണ്.

തരാതരം പോലെ നിലപാടു മാറ്റുന്ന പാർട്ടി നിലപാടുകളെക്കുറിച്ച് സിപിഎം നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഒ ഭരതൻ ‘നെരിപ്പോട്’ എന്ന ഓർമ്മക്കുറിപ്പിൽ എഴുതിയത് ഇങ്ങനെയാണ്.”ആദ്യം ഏത് കാര്യവും എതിർക്കും.. പിന്നെ എതിർത്തതിനെ എല്ലാം അനുകൂലിക്കുകയും ചെയ്യും. പ്രതിപക്ഷ നേതാവിന് ഔദ്യോഗിക പദവിയും സ്ഥാനമാനങ്ങളും പ്രത്യേക ബംഗ്ലാവും വേണ്ടെന്ന് തീരുമാനിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ അതൊക്കെ ആകാമെന്നായി. ചീഫ് വിപ്പിന് മന്ത്രി പദവി വേണ്ടെന്ന് തീരുമാനിച്ചു. പിന്നെ ചിലപ്പോൾ ചീഫ് വിപ്പ് മന്ത്രിയേക്കാൾ ഉയർന്ന പദവിയിലെത്തി. സ്വാതന്ത്ര്യസമര പെൻഷൻ്റേയും പ്ലസ്ടുവിൻ്റേയും സ്വാശ്രയ കോളേജിൻ്റേയും കഥയെല്ലാം തുടർക്കഥകൾ മാത്രം!” (നെരിപ്പോട് – ഒ ഭരതൻ, പേജ് 94- മാതൃഭുമി ബുക്സ്) ഇത്തരം കാപട്യങ്ങളിൽ സഹികെട്ടാണ് ഒ ഭരതന് പോലും ഇങ്ങനെ എഴുതേണ്ടി വന്നത്.

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (പ്രധാനമന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതിയിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പിന് ഒടുവിൽ മുഖ്യമന്ത്രിയും സിപിഎമ്മും സമ്മതം നൽകിയത് സമഗ്രശിക്ഷ കേരളയ്ക്ക് (എസ്.എസ്.കെ) ലഭിക്കാനുള്ള കേന്ദ്ര കുടിശിക (1148 കോടി) ഉൾപ്പെടെ 1466 കോടി നേടിയെടുക്കാൻ വേണ്ടിയാണെന്നാണ് പാർട്ടി ന്യായീകരണം. ഈ തുക കേന്ദ്രം തടഞ്ഞു വച്ചിരിക്കുകയായിരുന്നു. പണം കിട്ടാൻ മറ്റ് മാർഗമില്ലാതെ വന്ന സാഹചര്യത്തിലാണ് സിപിഐയുടെ എതിർപ്പ് മറികടന്ന് തീരുമാനമെടുത്തത്. എന്നാൽ ഇതേ പിഎം ശ്രീക്കെതിരെ നിലപാട് എടുത്തിട്ടുള്ള തമിഴ്നാട് സർക്കാരാകട്ടെ കേന്ദ്ര നീക്കത്തെ സുപ്രീം കോടതിയിൽ പോയിട്ടാണ് ചോദ്യം ചെയ്തത്. അത്തരം ഒരുപാട് ഓപ്ഷനുകൾ മുന്നിലുള്ളപ്പോൾ അതിനൊന്നും ആലോചിക്കാതെ കേരളം കേന്ദ്രത്തിന് കീഴടങ്ങിയെന്നാണ് ഘടകകകക്ഷിയായ സിപിഐയുടെ പരാതി.

ALSO READ : സ്കൂളിനുമുന്നിലെ ‘മോദി ഫോട്ടോ’ പിഎം ശ്രീ-ക്ക് മസ്റ്റ്!! ഇടതു വിരോധത്തിന് കാരണം ഇതുമാത്രമോ? അറിയാം പദ്ധതിയെക്കുറിച്ച്…

വിദ്യാഭ്യാസ മേഖലയിലെ എല്ലാ പരിഷ്കാരങ്ങളേയും വിദ്യാർത്ഥി സംഘടനയെ ഉപയോഗിച്ച് എതിർക്കുകയും സമരം നടത്തി പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന പിന്തിരിപ്പൻ സമീപനം ഇപ്പോഴും കൊണ്ടു നടക്കുന്ന സിപിഎം അധികാരത്തിൽ വരുമ്പോൾ എതിർത്ത പദ്ധതികളെ ഒന്നടങ്കം നടപ്പാക്കുന്ന ചരിത്രമാണ് കണ്ടിട്ടുള്ളത്. 1982-87ലെ കെ കരുണാകരൻ സർക്കാരിൻ്റെ കാലത്ത് ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി പ്രീഡിഗ്രിയെ കോളജിൽ നിന്ന് അടർത്തിമാറ്റി സ്കൂളുകളിൽ പ്ലസ് ടു നടപ്പാക്കാൻ തീരുമാനിച്ചതിനെതിരെ നാടാകെ കലാപം അഴിച്ചുവിട്ടു. ആയിരക്കണക്കിന് സർവകലാശാലാ വിദ്യാർത്ഥികളുടെ ഉത്തരപേപ്പറുകൾ നശിപ്പിക്കുകയും വിദ്യാഭ്യാസ മേഖല സ്തംഭിപ്പിക്കുകയും ചെയ്തു. പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കിയവർ 1987ൽ അധികാരത്തിൽ വന്നപ്പോൾ ഒരു മടിയും കൂടാതെ പ്ലസ് ടു നടപ്പാക്കി. പ്ലസ് ടു അനുവദിക്കാൻ വ്യാപക അഴിമതിയും നടന്നത് ചരിത്രം.

1991ലെ കരുണാകരൻ സർക്കാരിൻ്റെ കാലത്താണ് കണ്ണൂർ പരിയാരത്ത് സഹകരണ മെഡിക്കൽ കോളജ് ആരംഭിക്കാൻ തീരുമാനിച്ചത്. കോഴിക്കോട് ഒരു മെഡിക്കൽ കോളജുള്ളപ്പോൾ കണ്ണൂരിൽ എന്തിനാണ് മറ്റൊന്ന് എന്നായിരുന്നു അക്കാലത്ത് ഇഎംഎസ് നമ്പൂതിരിപ്പാട് ചോദിച്ചത്. മെഡിക്കൽ കോളജിനെതിരെ സിപിഎം വലിയ പ്രക്ഷോഭങ്ങൾ നടത്തി. അന്നത്തെ സഹകരണ മന്ത്രി എം വി രാഘവനോടുള്ള എതിർപ്പായിരുന്നു മുഖ്യ കാരണം. രാഘവനെ കൂത്തുപറമ്പിൽ തടഞ്ഞതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. പുഷ്പൻ എന്നയാൾ ദീർഘകാലം ശയ്യാവലംബിയായി. കരുണാകരൻ്റെ നിശ്ചയദാർഢ്യം മൂലം മെഡിക്കൽ കോളജ് സാധ്യമായി. ഒടുവിൽ 1996ൽ അധികാരത്തിൽ വന്ന നായനാർ സർക്കാരിൻ്റെ പിന്തുണയോടെ മെഡിക്കൽ കോളജിൻ്റെ ഭരണം പിൻവാതിലിലൂടെ പിടിച്ചെടുത്ത് ഭരണം കൈയ്യാളിയത് ചരിത്രം. രാഘവനോടുള്ള എതിർപ്പിൻ്റെ ഭാഗമായി എകെജി ആശുപത്രി തിരഞ്ഞെടുപ്പിൽ പറശ്ശനിക്കടവ് പാമ്പു വളർത്തൽ കേന്ദ്രം തീയിട്ട് നശിപ്പിച്ചു.

1994ൽ സ്വകാര്യ പോളിടെക്നിക്കുകൾ ആരംഭിക്കുന്നതിനെതിരെ സിപിഎമ്മും എസ്എഫ്ഐയും 65 ദിവസം നീണ്ട സമരം നടത്തി. കെഎസ്ആർടിസി ബസുകൾ കത്തിച്ച് സമരവീര്യം പ്രകടിപ്പിച്ചു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്കും കേരളത്തിൻ്റെ ഭാവി വളർച്ചയ്ക്കും ഹാനികരമാകും എന്നായിരുന്നു പാർട്ടി നിലപാട്. 2001ലെ എകെ ആൻ്റണി സർക്കാരിൻ്റെ കാലത്ത് എഞ്ചിനീയറിംഗ് -മെഡിക്കൽ വിദ്യാഭ്യാസ രംഗം സ്വാശ്രയ മേഖലയ്ക്കായി തുറന്നു കൊടുത്തു. പതിവ് പോലെ സിപിഎമ്മും അവരുടെ വിദ്യാർത്ഥി സംഘടനകളും നാടാകെ കലാപം അഴിച്ചു വിട്ടു. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞത് സ്വകാര്യ സ്വാശ്രയ കോളജുകൾ പാടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണ്. ഒടുവിൽ പിണറായി വിജയൻ്റെ മക്കൾ സ്വകാര്യ സ്വാശ്രയ കോളജിൽ പഠിച്ച് ബിരുദമെടുത്തതും കേരളം കണ്ടു.

2006ൽ വിഎസ് അച്ചുതാനന്ദൻ്റെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നപ്പോൾ സ്വാശ്രയ നയം പൂർവാധികം ശക്തിയോടെ നടപ്പാക്കി. സ്വാശ്രയ മേഖലയെ എതിർത്തു പോന്ന ഡിവൈഎഫ് പിന്നീട് അവരുടെ നേതാവായിരുന്ന എം ദാസൻ്റെ പേരിൽ കോഴിക്കോട് സഹകരണ മേഖലയിൽ ഒരു എഞ്ചിനീയറിംഗ് കോളജ് തന്നെ തുടങ്ങി ചരിത്രം സൃഷ്ടിച്ചു. വിഎസ് മന്ത്രിസഭയുടെ കാലത്ത് വ്യാപകമായി സ്വാശ്രയ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. അതുവരെ സ്വാശ്രയ സ്ഥാപനങ്ങൾക്കെതിരെ പറഞ്ഞതെല്ലാം പാർട്ടിയും വിഎസും പിണറായിയും അനുയായികളും വിഴുങ്ങി. പുതിയ ന്യായീകരണങ്ങൾ ചമച്ചു. പാർട്ടി ഉന്നത വിദ്യാഭ്യാസ മേഖലയുടെ കാവൽ മാലാഖമാരെന്ന് സ്വയം ചമഞ്ഞു നടന്നു. ഒടുവിൽ വിദ്യാഭ്യാസ മേഖയിലെ സർവതും സ്വകാര്യ മേഖലക്കായി തുറന്നു കൊടുക്കുന്നതാണ് കണ്ടത്.

ALSO READ : വിദ്യാഭ്യാസ നയത്തിലെ കമ്യൂണിസ്റ്റ് കടുംപിടുത്തങ്ങളും തരാതരം പോലെയുള്ള നിറം മാറ്റങ്ങളും; ഒരു സിപിഎം അപാരത

ഏറ്റവുമൊടുവിൽ വിദേശ സർവകലാശാലകളുടെ സഹകരണത്തോടെ ഇവിടെ സ്വകാര്യ യൂണിവേഴ്സിറ്റികൾ തുടങ്ങാനുള്ള നിയമം വരെ പാസാക്കി. വിദ്യാഭ്യാസമേഖല സ്വകാര്യ കുത്തകൾക്ക് തീറെഴുതുന്നതിനെതിരെ ചന്ദ്രഹാസം ഇളക്കിയ വിപ്ലവതീപ്പന്തങ്ങൾ വിദ്യാഭ്യാസ കച്ചവടക്കാർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നില്ക്കുന്നതും ഇക്കാലത്തെ പതിവ് കാഴ്ചയാണ്. സംഘ പരിവാറിൻ്റെ വിദ്യാഭ്യാസ നയങ്ങളെ എതിർക്കുന്നു എന്നു പറഞ്ഞാണ് പിഎം ശ്രീ പദ്ധതിയെ ഇതുവരെ എതിർത്തത്. മോദി സർക്കാരിൻ്റെ പദ്ധതികളെ എതിർക്കുകയും പിന്നീടവയെ വാരിപ്പുണരുകയും ചെയ്യുന്നത് ഇപ്പോൾ സ്ഥിരം പരിപാടിയായി. കഴിവതും പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിൻ്റെ സർക്കാരിനും അലോസരം ഉണ്ടാക്കുന്നതൊന്നും പിണറായി സർക്കാർ ചെയ്യാറില്ല. ആ പരമ്പരയിലെ അവസാനത്തേതാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top