വിഎസിന് പാർട്ടിവിരുദ്ധ മാനസികനിലയെന്ന് അന്ന് പിണറായി പറഞ്ഞു… മരണശേഷം അപദാനങ്ങൾ പാടുന്നവർക്ക് ഉളുപ്പില്ലേയെന്ന് സോഷ്യൽ മീഡിയ

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം തുടങ്ങുന്നതിന് തലേന്ന് സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ പിണറായി നടത്തിയ വാർത്താസമ്മേളനം രാഷ്ട്രീയ കേരളം മറക്കില്ല. “പാർട്ടി വിരുദ്ധ മാനസികനിലയുള്ളയാൾ ” എന്ന കടുത്ത അധിക്ഷേപമാണ് പാർട്ടിയുടെ സ്ഥാപക നേതാവിനെതിരെ ക്രൌര്യം നിറഞ്ഞ ഭാവത്തോടെ പിണറായി പരസ്യമായി ചൊരിഞ്ഞത്. തൊട്ടുപിറ്റേന്ന് സംസ്ഥാന സമ്മേളനത്തിന് പതാക ഉയർത്താൻ വിഎസിനെ ക്ഷണിച്ചെങ്കിലും പതിവുപോലെ അതിനുശേഷം അഭിവാദ്യം ചെയ്യാൻ അവസരം നൽകിയില്ല. പിന്നാലെ സ്വന്തം നാട്ടിലെ സമ്മേളനം ബഹിഷ്കരിച്ച് വിഎസ് മടങ്ങുകയായിരുന്നു.
2006ലും 2011ലും വിഎസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ച നേതൃത്വത്തോട് ഏറെ കലഹിച്ചാണ് അണികളും ജനങ്ങളും ആ തീരുമാനം തിരുത്തിച്ചത്. അങ്ങനെ 2006ൽ മുഖ്യമന്ത്രിയായ വിഎസിനെ ഭയപ്പാടോടെ കണ്ട സിപിഎം, അസാധാരണമാം വിധം മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് നിഷേധിച്ചു. അച്യുതാനന്ദന് സ്ട്രോക്ക് വന്ന് നിശബ്ദതയിലേക്ക് മറഞ്ഞതോടെയാണ്, ചെറുതും വലുതുമായ എല്ലാ വിഷയങ്ങളിലും 2000 മുതൽ തുടർന്നുവന്ന പോർവിളികൾ നിലച്ചത്. എട്ടു വർഷം മുമ്പ്, 2007ൽ അന്ന് 95 വയസ് ഉണ്ടായിരുന്ന വിഎസിന് തർക്കത്തിൻ്റെ ഭാഗമായി പാർട്ടിയുടെ പരസ്യ ശാസനയും ലഭിച്ചു.

ആ ഘട്ടങ്ങളിലെല്ലാം പാർട്ടി നേതൃത്വത്തിൻ്റെ നാവായി നിന്ന് വിഎസിനെ ആക്ഷേപിച്ച പിണറായിസ്റ്റുകളെല്ലാം രണ്ടുദിനം കൊണ്ട് അടിമുടി മാറി, വിഎസ് അനുകൂല സാഹിത്യം വിളമ്പുന്നതു കണ്ട് തലകുനിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് ആലപ്പുഴയിലെത്തിയ വിഎസ് പക്ഷക്കാർ. വിഎസിൻ്റെ ചിത കത്തുന്നതു കണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതമാണ് ‘പിണറായിപക്ഷ വിഎസ് സ്തുതി’ സാഹിത്യം സോഷ്യൽ മീഡിയയിൽ പ്രവഹിക്കുന്നത്. വിഎസും പിണറായിയും തമ്മിലുള്ള അന്തർധാര മറ്റാരും അറിയാത്ത വിധം സജീവമായിരുന്നു എന്ന് പിണറായിയുടെ സ്റ്റാഫ് അംഗങ്ങളും മുൻ ദേശാഭിമാനികളും വച്ചു കാച്ചുന്നുണ്ട്. “ഉളുപ്പില്ലേടോ?” എന്ന മട്ടിൽ ഇവക്കെല്ലാം മറുപടിയും വരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here