വിഎസിന് സമരങ്ങൾ പുള്ളിപ്പുലിയുടെ പുള്ളിപോലെ… സമരതീക്ഷണമായ നൂറ്റിയൊന്ന് വര്‍ഷങ്ങള്‍

രാഷ്ട്രീയ ജീവിതത്തില്‍ സമരങ്ങൾ വിഎസ് അച്യുതാനന്ദന് ഒഴിച്ചുകൂടാനാകാത്തത് ആയിരുന്നു. 18 തികയും മുമ്പേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായ വിഎസിലെ സമരപോരാളിയെ കണ്ടെത്തിയത് മുതിർന്ന നേതാവ് പി.കൃഷ്ണപിള്ളയായിരുന്നു. അദ്ദേഹമാണ് 1943ല്‍ വിഎസിനെ കുട്ടനാട്ടിൽ അയച്ച് കര്‍ഷകതൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചത്. ഇത്തരം ദൗത്യങ്ങളിൽ എപ്പോഴും മൂന്നടി മുന്നിലേക്കു പായുന്ന വിഎസ്, കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുക മാത്രമല്ല വിപുലമായ ട്രേഡ് യൂണിയന്‍ സംവിധാനവും കെട്ടിപ്പടുത്തു. കര്‍ഷക തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും നിസ്വജന വിഭാഗങ്ങളുടെയും അശരണമായ ജീവിതത്തില്‍ പ്രതീക്ഷയുടെ ചുവപ്പന്‍ സ്വപ്‌നങ്ങളാണ് വിഎസ് പകർന്നുനൽകിയത്. ക്യാപ്‌സൂളുകളും പിആര്‍ കൈത്താങ്ങുമില്ലാത്ത പച്ചയായ രാഷ്ര്ടീയ പ്രവര്‍ത്തനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും നേര്‍വാക്കായി നിലകൊള്ളുകയായിരുന്നു എന്നും അദ്ദേഹം.

ജനകീയ സമരങ്ങളിലൂടെ ആണ് വിഎസ് യഥാര്‍ഥ വിപ്ലവകാരി ആയത്. ജനങ്ങളുടെ ഇടയില്‍ അവരില്‍ ഒരാളായി പ്രവര്‍ത്തിച്ച വിഎസിന്, അധികാരത്തിന്റെ പതുപതുപ്പിനേക്കാള്‍ പ്രിയം ജനകീയ സമരങ്ങളുടെ മുന്നണി പോരാളിയായി നിൽക്കാനായിരുന്നു. അതിനായി എതു കഠിന മാര്‍ഗങ്ങളിലൂടെയും നെഞ്ചുറപ്പോടെ അദ്ദേഹം നടന്നു. ഒരു ഘട്ടത്തിലും ആദര്‍ശം അടിയറ വയ്ക്കാതെ ആത്മധൈര്യത്തോടെ സമരപാതകളില്‍ ഉറച്ചുനിന്ന പോരാളിയാണ് അദ്ദേഹം. അങ്ങനെ വളവും തിരിവും നിറഞ്ഞ വിഎസിന്റെ സമരജീവിതം മറ്റു പല നേതാക്കളെയും പോലെ കേവലം പ്രസംഗം മാത്രമായിരുന്നില്ല. സമരം തന്നെ ജീവിതമാക്കിയ ധീരപോരാളിയാണ് ഇപ്പോള്‍ ഒരുനൂറ്റാണ്ട് തികച്ച് വിടവാങ്ങുന്നത്.

ചരിത്രം അടയാളപ്പെടുത്തിയ എത്രയോ സമരമുഖങ്ങളില്‍ വിഎസ് ശിരസുയര്‍ത്തി നിന്നു. അദ്ദേഹത്തിന്റെ കണ്ഠനാളത്തില്‍ നിന്നു മുഴങ്ങിയ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തില്‍ തലമുറകളുടെ വിപ്ലവവീര്യം കുടികൊണ്ടിരുന്നു. ഭരിക്കുന്ന സര്‍ക്കാരുകളോടെല്ലാം അവകാശ പോരാട്ടത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച വിഎസ്, അധികാരത്തിൽ ഏറിയപ്പോഴും ജനകീയ പ്രശ്‌നങ്ങളോടു മുഖം തിരിച്ചില്ല. ചിലപ്പോഴൊക്കെ വിഎസിന്റെ സമരങ്ങള്‍ ഒറ്റയാള്‍ പോരാട്ടങ്ങള്‍ ആയിരുന്നു. വിഭാഗീയതയുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയും മുള്ളുകളിലൂടെ നടന്നപ്പോഴും ആദര്‍ശ ധീരതയുടെ പാദുകമണിഞ്ഞ വിഎസിന് കാലിടറിയില്ല. അധികാര സ്ഥാനങ്ങൾ വിട്ടൊഴിഞ്ഞിട്ടും, ആരോഗ്യത്തോടെ ഇരുന്ന കാലമല്ലാം വിഎസില്‍ എരിഞ്ഞത് ആര്‍ജവത്തിന്റെയും ആദര്‍ശധീരതയുടെയും കനലാണ്. ഒത്തുതീര്‍പ്പ് രാഷ്ര്ടീയത്തിന്റെ ഇരുമ്പുമറകള്‍ വലിച്ചെറിയുന്ന കമ്മ്യൂണിസ്റ്റ് ആത്മവീര്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top