പിണറായി എന്ന കരുത്തനെ സൃഷ്ടിച്ച വിഎസ്; കാലം തിരിഞ്ഞുവന്നപ്പോള്‍ വെട്ടിനിരത്തി പഴയ ശിഷ്യന്‍

സിപിഎമ്മില്‍ പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിനെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് വിഎസ് അച്യുതാനന്ദനാണ്. എന്നാല്‍ കാലചക്രം തിരിഞ്ഞപ്പോള്‍ പരസ്പരം വെട്ടിയരിയുന്ന തലത്തിലേക്ക് ആ ബന്ധം മാറി. വെട്ടിനിരത്തിയും കൈപ്പിടിയിലാക്കിയും പിണറായി വളര്‍ന്നപ്പോള്‍ അവസാന നിമിഷം വരെ പോരാടി വിഎസ് നെഞ്ചുവിരിച്ച് തന്നെ നിന്നു. അതിന് പ്രായം ഒരു തടസമേ ആയില്ല.

സിപിഎമ്മില്‍ കൊണ്ടും കൊടുത്തും മുന്നേറിയ നേതാവ്, എല്ലാ കാലത്തും വിഭാഗീയ സമവാക്യങ്ങളില്‍ ഒരുവശത്ത് വിഎസ് ഉണ്ടായിരുന്നു. അത് സജീവരാഷ്ട്രീയം ഉപേക്ഷിക്കുന്നതുവരെ അങ്ങനെ തന്നെ തുടര്‍ന്നു. ഈ കാലയളവില്‍ വിഎസിന് ഒത്ത എതിരാളി പിണറായി വിജയനായിരുന്നു എന്ന് ഉറപ്പിച്ച് പറയാം. 1998ല്‍ ചടയന്‍ ഗോവിന്ദന്‍ അന്തരിച്ചപ്പോള്‍ അന്നത്തെ സിഐടിയുപക്ഷത്തെ ഒതുക്കാന്‍ വിഎസ് കണ്ടെത്തിയ ഉത്തരമായിരുന്നു പിണറായി വിജയന്‍. ഇകെ നയനാര്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്ന പിണറായിയെ രാജിവയ്പ്പിച്ച് സംസ്ഥാന സെക്രട്ടറിയാക്കി. 1996ലെ മാരാരികുളത്തെ തന്റെ തോല്‍വിക്ക് പലരോടുമുള്ള പ്രതികാരമായിരുന്നു വിഎസിന്റെ ആ നീക്കം.

എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തെറ്റി. അതോടെ സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ ഇടയില്ലാത്ത വെട്ടിനിരത്തലായിരുന്നു. പിണറായി കരുത്ത് കാട്ടിയപ്പോള്‍ വിഎസിനൊപ്പം നിന്നവര്‍ ഓരോരുത്തരായി വീണു. നിലനില്‍പ്പിനായി മറുകണ്ടം ചാടി. അപ്പോഴും വിഎസ് പിടിച്ചു നിന്നു. കരുത്ത് ജനങ്ങളുടെ പിന്തുണ ആയിരുന്നു. 2001ല്‍ പ്രതിപക്ഷ നേതാവായതോടെ ജനകീയ പ്രതിച്ഛായ വാനോളം ഉയര്‍ന്നു. എന്നാല്‍ പിണറായിയും സംഘവും വെറുതെ ഇരുന്നില്ല. 2006ല്‍ വിഎസിന് സീറ്റ് നിഷേധിക്കുന്ന തീരുമാനം വന്നു. ആരുടേയും ആഹ്വാനമില്ലാതെ ജനം നിരത്തിലിറങ്ങി.

സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ നിരത്തിലറങ്ങിയതോടെ സിപിഎമ്മില്‍ പതിവില്ലാത്തത് സംഭവിച്ചു. പാര്‍ട്ടി തീരുമാനം തിരുത്തി. വിഎസിന് സീറ്റ് നല്‍കിയ പാര്‍ട്ടിയും മുന്നണിയും വിജയിച്ചു വിഎസ് മുഖ്യമന്ത്രിയായി. പിണറായിയെ ഡാങ്കെയുമായി താരതമ്യം ചെയ്ത് വിഎസ് പോരാട്ടം തുടര്‍ന്നു. പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ടു. 2011ല്‍ വിഎസിന്റെ നേതൃത്വത്തില്‍ തന്നെ മത്സരിച്ചു. രണ്ടു സീറ്റിന്റെ വ്യത്യാസത്തില്‍ തോറ്റു. വിഎസ് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകേണ്ട എന്ന ചിന്തയില്‍ പിണറായിയും സംഘവും പാലം വലിച്ചു എന്ന് അന്ന് തന്നെ വിഎസിനെ ഇഷ്ടപ്പെട്ടവര്‍ പറഞ്ഞു. 2016ല്‍ പിണറായി വിജയന്‍ തന്നെ മത്സരത്തിന് ഇറങ്ങി. എന്നാല്‍ വിഎസിനെ ഒഴിവാക്കി നിര്‍ത്താന്‍ ധൈര്യമില്ലായിരുന്നു. പ്രയം ഏറെ ആയിട്ടും പാര്‍ട്ടിക്ക് വിഎസിന്റെ ജനപിന്തുണ വേണമായിരുന്നു വിജയിക്കാന്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here