വിഎസ് എന്ന ജനകീയ നേതാവ്; തോറ്റും ജയിച്ചും എന്നും നാടിനൊപ്പം; കണ്ണേ കരളേ എന്ന് വിളിച്ച് ജനം സ്‌നേഹിച്ച ഏക നേതാവ്

വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദൻ എന്ന വിഎസ്. കാര്‍ക്കശ്യകാരനായ സിപിഎം നേതാവില്‍ നിന്നും ജനകീയനായ ഭരണാധികാരിയായി മാറിയ നേതാവ്. ജനങ്ങളുടെ ദുഖം കണ്ടും കേട്ടും പ്രവര്‍ത്തിച്ചും മുന്നോട്ടു പോയപ്പോള്‍ ജനം വിളിച്ചു കണ്ണേ കരളേ വിഎസേ എന്ന്. ഇന്നും ആ വിളി വിഎസിന് മാത്രം സ്വന്തം. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് വിഎസിന്റെ മൃതദേഹം വഹിച്ചുളള വിലാപയാത്രയില്‍ ഈ മുദ്രാവാക്യം ഒരു പ്രകമ്പനം പോലെ മുഴങ്ങും എന്ന് ഉറപ്പാണ്. പുന്നപ്ര സമര നായകനെ വലിയ ചുടുകാടിലെ മണ്ണ് ഏറ്റുവാങ്ങുമ്പോഴും വൈകാരികമായി ഉയരുക കണ്ണേ കരളേ വിഎസേ വിളി തന്നെയാകും.

സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിക്കാന്‍ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഇറങ്ങിവന്ന 34 പേരില്‍ അവസാനത്തെ ആളായാണ് വിഎസ് കടന്നു പോകുന്നത്. 1980 മുതല്‍ 12 വര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടറിയായി. കാര്‍ക്കശ്യം എന്തെന്ന് രാഷ്ട്രീയ കേരളം അറിഞ്ഞത് അന്നാണ്. 1967, 1970 , 1991, 2001, 2011, 2016 വര്‍ഷങ്ങളില്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1996ലെ മാരാരിക്കുളത്തെ തോല്‍വി വിഎസ് പോലും മറക്കാത്ത ഒന്നായിരുന്നു.

2001ല്‍ പ്രതിപക്ഷ നേതാവായതോടെയാണ് വിഎസ് എന്ന ജനകീയ നേതാവിനെ രാഷ്ട്രീയ കേരളം കണ്ടതും തിരിച്ചറിഞ്ഞതു. പിന്നീട് അങ്ങോട്ട് പോരാട്ടമായിരുന്നു മതികെട്ടാനില്‍, പ്ലാച്ചിമടയില്‍, മറയൂരില്‍ ഇങ്ങനെ നിരവധി വിഷയങ്ങളില്‍ കണ്ടു. 2006ൽ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ ജനം വിഎസിന് ഒപ്പമായി. എന്നാല്‍ പാര്‍ട്ടി എതിരും. എന്നാല്‍ ആ ജനകീയതയ്ക്ക് മുന്നില്‍ പാര്‍ട്ടിയുടെ എതിര്‍പ്പിന് അധികം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 2011ല്‍ വിഎസിന്റെ നേതൃത്വത്തില്‍ വിജയം ആവര്‍ത്തിക്കും എന്നുവരെ കരുതിയിരുന്നു. എന്നാല്‍ രണ്ട് സീറ്റിനാണ് അന്ന് ഭരണം നഷ്ടമായത്.

സിപിഎമ്മില്‍ വിഎസിനെ എതിര്‍ക്കുന്നവര്‍ ഏറെ ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് ആകുമ്പോള്‍ സ്ഥിതിയാകെ മാറും. വിഎസ് എത്തി പ്രസംഗിക്കാന്‍, അദ്ദേഹത്തിന്റെ ചിത്രമുള്ള ബോര്‍ഡ് സ്ഥാപിക്കാന്‍ എല്ലാവരും മത്സരിക്കും. അത്രമാത്രം ജനപ്രീതി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്നും വ്യതിചലിക്കാതെ നീതിനിഷേധത്തില്‍ പൊട്ടിത്തെറിച്ചും അനീതിയെ എതിര്‍ത്ത് തോല്‍പ്പിച്ചും വിഎസ് കടന്നുപോവുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top