പത്മകുമാറിനെ ബലികൊടുത്ത് മുഖം രക്ഷിക്കാന്‍ സി.പി.എം; ബോര്‍ഡ് ഒന്നാകെ പ്രതിയായതോടെ സ്വര്‍ണ്ണപ്പാളിയില്‍ കുടുങ്ങി പാര്‍ട്ടി

ഉദ്യോഗസ്ഥരുടെ തലയില്‍ ചാര്‍ത്തി രക്ഷപ്പെടാമെന്ന് കരുതിയിരുന്ന ശബരിമല സ്വര്‍ണ്ണപ്പാളി തട്ടിപ്പുകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് തന്നെ പ്രതിസ്ഥാനത്ത് വന്നതോടെ വെട്ടിലായി സര്‍ക്കാരും മുന്നണിയും. ഉദ്യോഗസ്ഥതലത്തിലാണ് വീഴ്ചയുണ്ടായതെന്ന വാദമാണ് തുടക്കം മുതല്‍ സി.പി.എമ്മും സര്‍ക്കാരും നിലവിലെ ബോര്‍ഡും ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഹൈക്കോടതി നിയോഗിച്ച് പ്രത്യേക അന്വേഷണസംഘം എഫ്ഐആർ റജിസ്റ്റർ ചെയ്തപ്പോൾ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ ഉള്‍പ്പെടെ പ്രതിപട്ടികയില്‍ വന്നതോടെയാണ് പ്രശ്‌നം സങ്കീര്‍ണ്ണമായത്. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രതിപ്പട്ടിക തയ്യാറാക്കിയത്. ഇത് ഈ വിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുള്ള കോണ്‍ഗ്രസിന് ഉള്‍പ്പെടെ കൂടുതല്‍ ശക്തി പകരുന്നതാണ്.

ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ ഇടക്കാല ഉത്തരവ് വരുന്നതിന് മുന്‍പുവരെ അക്കാലത്തെ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ അവയെ പ്രതിരോധിക്കാനും സി.പി.എമ്മിനും സര്‍ക്കാരിനും വളരെ എളുപ്പം സാധിക്കുകയും ചെയ്തിരുന്നു. നിയമസഭയിൽ ഉള്‍പ്പെടെ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭങ്ങളെ ആ നിലയിലാണ് അവര്‍ നേരിട്ടതും. എന്നാല്‍ ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പുറത്തുവരികയും ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണസംഘം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇപ്പോള്‍ സി.പി.എമ്മും സി.പി.ഐയും ഉള്‍പ്പെടെയുള്ള ഇടതുമുന്നണിയിലെ പ്രമുഖകക്ഷികളും ആകെ പ്രതിസന്ധിയിലായി.

കുറ്റം ചെയ്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാരും മന്ത്രിയും സി.പി.എം നേതൃത്വവും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് വേണ്ടിവന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യമായതു കൊണ്ടുതന്നെ ഈ വിവാദത്തെ മുളയിലേ നുള്ളിക്കളയണമെങ്കില്‍ ഇപ്പോള്‍ ശക്തമായ നടപടികള്‍ പാര്‍ട്ടിതലത്തില്‍ സ്വീകരിക്കാന്‍ സി.പി.എമ്മും മറ്റും നിര്‍ബന്ധിതരായിരിക്കുകയുമാണ്. ഇത്തരത്തില്‍ ഒരു എഫ്.ഐ.ആര്‍ വന്ന സ്ഥിതിക്ക് ഇനി അത് ഉയര്‍ത്തികൊണ്ടായിരക്കും പ്രതിപക്ഷത്തിന്റെ പേരാട്ടം നടക്കുക. അവിടെ തലയുയര്‍ത്തി അതിനെ നേരിടണമെങ്കില്‍ ആരോപണവിധേയര്‍ക്കെതിരെ നടപടി വേണ്ടിവരുമെന്ന വികാരം പാര്‍ട്ടിക്കുള്ളിലുമുണ്ട്.

അന്വേഷണം നടന്നതിന് ശേഷമായിരിക്കും നിയമപരമായ നടപടികള്‍ ഉണ്ടാകുക. പക്ഷേ അതിന് മുന്‍പുതന്നെ സംഘടനാതലത്തിലുള്ള നടപടികളെക്കുറിച്ച് സി.പി.എമ്മിന് ആലോചിക്കേണ്ടി വരും. ബോര്‍ഡ് അറിയാതെ ഇത്തരത്തില്‍ പാളി ഇളക്കികൊണ്ടുപോകാന്‍ കഴിയില്ലെന്ന ദേവസ്വം വിജിലന്‍സിന്റെ നിഗമനമാണ് ഇപ്പോള്‍ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുന്നതും. അതുകൊണ്ടുതന്നെ എത്രയും വേഗം എ.പത്മകുമാറിനെതിരെ സംഘടനാതലത്തില്‍ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനുള്ള നീക്കം പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ സംസ്ഥാന സമ്മേളനം മുതല്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടാണ് എ.പത്മകുമാര്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ നടപടിക്ക് വലിയ മടിയും പാര്‍ട്ടിക്കില്ല. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ 2017 നവംബറിലാണ് എ.പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ കാലത്താണ് സ്വര്‍ണ്ണപാളി ഇളക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതും. സ്വര്‍ണ്ണപാളിയില്‍ സ്വര്‍ണ്ണം പൂശാന്‍ ഉത്തരവിറക്കിയെന്നും അത് അവിടെ നിന്നും കൊണ്ടുപോകുന്ന കാര്യം പറഞ്ഞിട്ടില്ല എന്നുമാണ് പത്മകുമാര്‍ പറയുന്നത്. എന്നാലും ഇപ്പോള്‍ പത്മകുമാര്‍ സംശയത്തിന്റെ നിഴലിലാണ്. അത് മാറ്റുകയെന്നതാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടും. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ പ്രചരണായുധം ഈ വിഷയം ആകുമെന്നാണ് ഏറെക്കുറെ ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ പത്മകുമാറിനെ സംരക്ഷിച്ചുകൊണ്ട് അതിനെ മറികടക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിക്ക് ബോദ്ധ്യവുമുണ്ട്.

മാത്രമല്ല, ശബരിമല സ്ത്രീപ്രവേശന വിഷയം ഉയര്‍ന്നുവന്നപ്പോള്‍ ബോര്‍ഡിന്റെ ചുമതലക്കാരനായിരുന്നു എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണത്തിന് വിധേയനായ വ്യക്തിയുമാണ് അദ്ദേഹം. അന്നുതന്നെ അദ്ദേഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തികൊണ്ട് പ്രതിപക്ഷവും സംഘപരിവാര്‍ സംഘടനകളും മറ്റും ശക്തമായ പ്രചാരണം നടത്തിയിരുന്നതിനാല്‍ ഇപ്പോള്‍ ശബരിമലയിലെ ഈ സ്വര്‍ണ്ണപാളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം പ്രതിയാകുമ്പോള്‍ പാര്‍ട്ടിക്കെതിരായ ആക്രമണത്തിന് ശക്തികൂടുമെന്നാണ് പൊതുവിലുള്ള വിലയിരുത്തലും. അതുകൊണ്ടുതന്നെ പത്മകുമാറിനെതിരെ നടപടി സ്വീകരിച്ചുകൊണ്ട് മുഖം രക്ഷിക്കാനായിരിക്കും സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുക.

വീണാജോര്‍ജ്ജിന് കൂടുതല്‍ പരിഗണന പാര്‍ട്ടി നല്‍കുന്നുവെന്ന പേരില്‍ കഴിഞ്ഞ സംസ്ഥാന സമ്മേളന കാലത്ത് പാർട്ടിക്കെതിരെ അതൃപ്തി പരസ്യമാക്കി രംഗത്തുവന്നിരുന്നു പത്മകുമാര്‍. അന്നുമുതല്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടുമാണ് അദ്ദേഹം. പിന്നീട് പിന്‍വലിച്ച് മാപ്പുപറഞ്ഞെങ്കിലും അത് ഉയര്‍ത്തിവിട്ട വിവാദം പാര്‍ട്ടിക്ക് ദോഷമായെന്ന വിലയിരുത്തല്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കുമുണ്ട്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മറ്റിയംഗമായ പത്മകുമാറിനെതിരെ നടപടിയെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നത്. എന്നാല്‍ തിടുക്കത്തിലായാൽ അത് ആ ജില്ലയില്‍ ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പാര്‍ട്ടി പരിശോധിക്കുന്നുണ്ട്. പത്മകുമാറിനെക്കൂടി വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി പാര്‍ട്ടിക്കും മുന്നണിക്കും ക്ഷീണമുണ്ടാകാത്ത തരത്തിലുള്ള ഒരു നടപടിയെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top