കുട്ടി നേതാക്കൾക്ക് ഞെട്ടൽ; ക്രിമിനൽ കേസ് പ്രതികൾക്ക് ഇനി കോളജ് അഡ്മിഷൻ ഇല്ല

ക്രിമിനൽ കേസിൽ പ്രതികളായവർക്ക് കോളജുകളിൽ ഇനി അഡ്മിഷനില്ലെന്ന് കേരള സർവകലാശാലാ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ വി സി കോളജുകൾക്ക് അയച്ചു കഴിഞ്ഞു. ഇതിനെതിരെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തുണ്ട്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് അഡ്മിഷൻ നേടുന്ന സമയത്ത് സത്യവാങ്മൂലം നൽകണമെന്നാണ് സർക്കുലറിൽ പറയുന്നത്.

കോളജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ? ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ? പരീക്ഷ ക്രമക്കേടിലോ, മാർക്ക് തട്ടിപ്പ് കേസിലോ ഉൾപ്പെട്ടിട്ടുണ്ടോ? സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നിങ്ങനെ നാല് ചോദ്യങ്ങൾക്കാണ് അഡ്മിഷൻ നേടുന്ന സമയത്ത് സത്യവാങ്മൂലത്തിൽ ഉത്തരം നൽകേണ്ടത്. യുജിസി മാർഗനിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് സർക്കുലറെന്ന് വി സി പറയുന്നു.

പലതരം ക്രിമിനൽ കേസുകളിൽ പ്രതികളായവർ എല്ലാ വർഷവും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോളജ് അഡ്മിഷൻ നേടുന്നത് പതിവാണ്. ഇത്തരക്കാരെ ഉപയോഗിച്ചാണ് കാമ്പസിലെ പ്രതിയോഗികളെ വിദ്യാർത്ഥി സംഘടനകൾ കൈകാര്യം ചെയ്തുപോരുന്നത്. കാമ്പസുകളിലെ അസ്വസ്ഥതകൾക്ക് പ്രധാന കാരണക്കാരാകുന്നതും ഈ കുട്ടി ക്രിമിനലുകളാണ്. മിക്ക സർക്കാർ കോളജുകളിലും ഇത്തരം ക്രിമിനൽ സംഘങ്ങളുടെ തേർവാഴ്ചയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് അടക്കം പല ഗവ. കോളജുകളിലും ക്രിമിനലുകൾ അഡ്മിഷനെടുത്ത് തമ്പടിച്ച് സംഘർഷങ്ങൾ പതിവായതോടെയാണ് കടുത്ത നടപടി.

അടുത്ത കാലത്ത് കാര്യവട്ടം ഗവ. കോളജിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി സ്‌ക്വാഡ് റിപ്പോർട്ട്‌ ചെയ്തതിനെത്തുടർന്ന് ഒരു വിദ്യാർത്ഥി നേതാവിനെ മൂന്ന് വർഷത്തേക്ക് പരീക്ഷ എഴുതുന്നത് വിലക്കിയിരുന്നു. എന്നാൽ, ഇയാൾ മറ്റൊരു വിഷയം മെയിൻ ആയിട്ടെടുത്ത് പുനഃപ്രവേശനം നേടി; യൂണിവേഴ്സിറ്റി അത് റദ്ദാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് വിസി ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് ഉപസമിതിയുടെ യോഗം അഡ്മിഷൻ മാനദണ്ഡം പരിഷ്കരിച്ചത്.

പല കോളജുകളിലും യൂണിയൻ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്,  പഠനം ഉപേക്ഷിച്ച മുതിർന്ന വിദ്യാർത്ഥികൾ പുനഃപ്രവേശനം നേടുന്നതെന്ന് പ്രിൻസിപ്പൽമാർ സർവ്വകലാശാലയെ ധരിപ്പിച്ചിരുന്നു. കേരളത്തിലെ ക്യാമ്പസുകളിൽ ഉണ്ടാകുന്ന മിക്കവാറും എല്ലാ സംഘർഷങ്ങളിലും ഏതെങ്കിലും ഒരുപക്ഷത്ത് എസ്എഫ്ഐ ഉണ്ടാകാറുണ്ട്. സർക്കുലറിനെതിരെ വിദ്യാർത്ഥി സംഘടനകൾ സമരവുമായി രംഗത്തിറക്കുമെന്ന് എസ്എഫ്ഐയെ കൂടാതെ കെ എസ് യു നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top