സിപിഐ ഉണ്ടാക്കുന്ന ഡാമേജ് പരിഹരിക്കാൻ സമയമില്ല; ബിനോയ് വിശ്വത്തിനെതിരായ വിമർശനങ്ങൾ ചെന്നുകൊള്ളുന്നത് സർക്കാരിൽ

തിരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ സി.പി.ഐയിലെ വിഭാഗീയത ഇടതുമുന്നണിക്കും സർക്കാരിനും ബാധ്യതയാകുന്നു. ഇപ്പോള്‍ നടക്കുന്ന സിപിഐ സമ്മേളനങ്ങളില്‍ സ്വന്തം നേതൃത്വത്തെ ലക്ഷ്യമിട്ട് പ്രതിനിധികൾ ഉയർത്തുന്ന വിമര്‍ശനങ്ങള്‍ ചെന്നെത്തുന്നത് സര്‍ക്കാരിൽ. ഇത് പൊതുസമൂഹത്തില്‍ സർക്കാരിന് വലിയ ക്ഷീണം ഉണ്ടാക്കുന്നതായി എൽഡിഎഫില്‍, പ്രത്യേകിച്ച് സി.പി.എമ്മില്‍ വലിയ വികാരം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഏഴെട്ടുമാസം മാത്രം ശേഷിക്കുന്ന വേളയിലെ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും കഴിയാതെ വിഷമിക്കുകയാണ് ഇരുപാർട്ടികളുടെയും നേതൃത്വങ്ങൾ.
പൊതുവില്‍ സമ്മേളനകാലത്ത് സി.പി.എമ്മിനെതിരായ വിമര്‍ശനങ്ങള്‍ സി.പി.ഐയില്‍ പതിവാണ്. സി.പി.ഐ നേതൃത്വത്തിന് പിടിച്ചുനില്‍ക്കാൻ ഒരുപരിധി വരെ ഇത് ആവശ്യവുമാണ്. ഇക്കാലത്ത് സിപിഎമ്മിനെതിരെ അവരും വിമർശനം കടുപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ഇക്കുറി ബിനോയ് വിശ്വത്തിൻ്റെ ഭാഗത്തുനിന്ന് ന്യായമായ വിമർശനം പോലും ഉണ്ടായിട്ടില്ല എന്ന ആശ്വാസം സിപിഎമ്മിനുണ്ട്. മാത്രമല്ല, ബിനോയ് വിശ്വത്തിന് എതിരായി സിപിഐയിൽ കടുത്ത എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്. സമ്മേളനകാലത്തിന് മുന്‍പ് തന്നെ അദ്ദേഹത്തിനെതിരെ പല ഘടകങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.
സി.പി.ഐ പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ സമ്മേളനങ്ങളില്‍ സ്വന്തം പാർട്ടി നേതൃത്വത്തെ വിമര്‍ശിക്കാനായി പ്രതിനിധികള്‍ ചൂണ്ടുന്നത് സര്‍ക്കാരിലും മുഖ്യമന്ത്രിയിലുമാണ്. ഇതുവരെ നടന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും താന്‍പ്രമാണിത്ത നിലപാടുകളെ പ്രതിരോധിക്കാന്‍ സി.പി.ഐ നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനമാണ് പൊതുവില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇപ്പോള്‍ നടക്കുന്നത് ജില്ലാ സമ്മേളനങ്ങളാണ്. അതുകഴിഞ്ഞ് അടുത്തമാസം സംസ്ഥാന സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഇത് തുടരുകയും ചെയ്യും.
സി.പി.ഐയേയും സി.പി.എമ്മിനെയും സംബന്ധിച്ച് സമ്മേളനങ്ങളിലും കമ്മിറ്റികളിലും ഏതു വലിയ നേതൃത്വത്തെയും വിമര്‍ശിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടു തന്നെ ഈ സമ്മേളന കാലത്ത് വിമര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുമുണ്ട്. സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ചില നീക്കങ്ങളെ പ്രതിരോധിക്കാന്‍ സി.പി.ഐ നേതൃത്വം പരായപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വത്തെ എതിര്‍പക്ഷം പ്രതിക്കൂട്ടിലാക്കുന്നത്. തിരഞ്ഞെടുപ്പുകൾ അടുത്ത കാലമായതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കേണ്ട സാഹചര്യമാണ് ഇടതുമുന്നണിക്ക് ഉണ്ടാകുന്നത്.
എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് സമയമില്ല എന്നതാണ് വലിയ പ്രതിസന്ധി. സെപ്റ്റംബര്‍ ആദ്യവാരമാണ് സി.പി.ഐ സംസ്ഥാനസമ്മേളനം നടക്കുന്നത്. അതുകഴിഞ്ഞ് കഷ്ടിച്ച് ഒരുമാസത്തിനുള്ളില്‍ തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇത് പൂർത്തിയായാൽ നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ കാലതാമസം ഉണ്ടാകില്ല. ഇതിനിടയിൽ ഇത്തരം വിമര്‍ശനങ്ങൾക്ക് മറുപടി പറയാനുള്ള സമയമില്ല എന്നതാണ് നേതൃത്വത്തെ വലയ്ക്കുന്നത്. സി.പി.എം സമ്മേളനങ്ങളിലും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങൾ ഉയര്‍ന്നിരുന്നു. എന്നാല്‍ എതിര്‍പ്രചരണം നടത്തി അവയെ നിര്‍വീര്യമാക്കാനുള്ള സമയം അവര്‍ക്ക് ലഭിച്ചിരുന്നു.
സര്‍ക്കാരിനും ഇടതുമുന്നണിക്കും എതിരായി നാലുവശത്തുനിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ സി.പി.ഐയി നിന്നുയരുന്നവ വലിയ തലവേദനയാണെന്ന് സി.പി.എമ്മും സമ്മതിക്കുന്നു. പ്രത്യേകിച്ച് ചെറിയ സംഭവങ്ങൾ പോലും വലുതായി പ്രചരിപ്പിക്കാന്‍ സകല സംവിധാനങ്ങളും തയാറായി നില്‍ക്കുമ്പോൾ. ഇതെങ്ങനെ മറികടക്കാം എന്ന ആലോചന പാര്‍ട്ടിതലത്തില്‍ തന്നെ ആരംഭിച്ചിട്ടുമുണ്ട്. എന്നാൽ അതത്ര എളുപ്പമല്ല എന്നുതന്നെയാണ് വിലയിരുത്തൽ. നേരത്തെ ഉന്നയിച്ചിട്ടുള്ള വിയോജിപ്പുകൾ മാറ്റിവച്ച് ബിനോയ് വിശ്വം സർക്കാരിനൊപ്പം നിൽക്കുന്നു എന്നുതന്നെയാണ് ഇതുവരെയുള്ള നിഗമനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here