ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിന്റെ മോഡറേറ്റര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കി; സിഎസ്‌ഐ സഭാ നിയമഭേദഗതികള്‍ മരവിപ്പിച്ചു.

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (church of South India – CSI) സഭയുടെ മോഡറേറ്ററായി ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരഞ്ഞെടുത്തത് നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. സ്‌പെഷ്യല്‍ സിനഡ് ചേര്‍ന്ന് ബിഷപ്പ്മാരുടെ പ്രായപരിധി തീരുമാനിച്ചതും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ കാലാവധി സംബന്ധിച്ച തീരുമാനവും മദ്രാസ് ഹൈക്കോടതിയുടെ അന്തിമ തീരുമാന പ്രകാരമായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

2022ല്‍ ചേര്‍ന്ന സിഎസ്‌ഐ സിനഡ് മീറ്റിംഗിന്റെ സാധുത സംബന്ധിച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനങ്ങള്‍ സുപ്രീം കോടതി റദ്ദാക്കി. മോഡറേറ്ററായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് വിരമിക്കലിന് മുമ്പ് മിനിമം മൂന്ന് വര്‍ഷത്തെ കാലാവധി വേണമെന്ന നിബന്ധന ലംഘിച്ചു. മോഡറേറ്ററുടെ വിരമിക്കല്‍ പ്രായപരിധി 70 വയസാക്കി ഉയര്‍ത്തിയ ഭേദഗതി ചട്ടം സ്‌പെഷ്യല്‍ സിനഡ് അംഗീകരിക്കാത്തതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സഭയുടെ ഭരണ സംവിധാനത്തിനായുള്ള തിരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടത്താന്‍ മദ്രാസ് ഹൈക്കോടതി നിയമിച്ച രണ്ട് മുന്‍ ഹൈക്കോടതി ജഡ്ജിമാരെ തുടരാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ കണ്ടെത്തലുകള്‍ പ്രഥമ ദൃഷ്ട്യാ നിലവില്‍ കോടതിയില്‍ അഡ്ജുഡിക്കേഷനായി വന്നിരിക്കുന്ന വിഷയങ്ങളുടെ സാധുതയെ ബാധിക്കുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മോഡറേറ്റര്‍ എന്ന നിലയില്‍ റസാലത്തിന്റെ കാലാവധി 2023 ജനുവരിയില്‍ അവസാനിച്ചതാണ്. മെയ് മാസത്തില്‍ അദ്ദേഹത്തിന് 67 തികഞ്ഞതുമാണ്. സഭാ ഭരണഘടന പ്രകാരം വിരമിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നെങ്കിലും, അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്ത നടപടിയാണ് സുപ്രീം കോടതി റദ്ദുചെയ്തത്. റസാലത്തെ പിന്തുണക്കുന്നവര്‍ക്കുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. വളരെക്കാലമായി, സഭാ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും പൊതുഭരണത്തെയും ചൊല്ലി സിഎസ്‌ഐ സഭാ നേതൃത്വവും, ഒരു വിഭാഗം വൈദികരും വിശ്വാസികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top