കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ ആള്‍മാറാട്ടത്തിൽ അഡ്മിഷന്‍!! പ്രിന്‍സിപ്പല്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെ കേസ്

വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ എന്‍ആര്‍ഐ ക്വാട്ടയില്‍ വിദ്യാര്‍ത്ഥിക്ക് എംബിബിഎസ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കിയ മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കം പ്രിന്‍സിപ്പലിനും എതിരെ കേസ്. സിഎസ്‌ഐ സഭയുടെ ഉടമസ്ഥതയിലുളള കാരക്കോണം സോമര്‍വെല്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലാണ് വ്യാജരേഖകള്‍ സമര്‍പ്പിച്ച് എന്‍ആര്‍ഐ ക്വാട്ടയില്‍ അഡ്മിഷന്‍ തരപ്പെടുത്തിയത്.
സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയുടെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയായ ടിടി പ്രവീണിന്റെ മകളാണെന്ന വ്യാജരേഖ ഉണ്ടാക്കിയാണ് വിദ്യാര്‍ത്ഥി എംബിബിഎസിന് അഡ്മിഷന്‍ നേടിയത്. ഇതിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് വെളളറട പോലീസ് കേസെടുത്തത്.

തനൂജ പിഎസ് എന്ന വിദ്യാര്‍ത്ഥിനി 2021- 22 അധ്യയന വര്‍ഷത്തില്‍ ആള്‍മാറാട്ടം നടത്തിയും വ്യാജരേഖകള്‍ ഹാജരാക്കിയും എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം നേടിയിരുന്നു. വിവാഹമോചിതയായ ബന്ധുവിന്റെ മകളായ തനൂജ തന്റെ സ്വന്തം മകളാണെന്ന് സ്ഥാപിച്ച് കിട്ടാന്‍ ടിടി പ്രവീണ്‍ തമിഴ്‌നാട്ടിലെ കുഴിത്തുറ ആര്‍ബിട്രേഷന്‍ കോടതിയില്‍ വ്യാജ സത്യവാങ്മൂലം ഹാജരാക്കി അനുകൂല ഉത്തരവ് സമ്പാദിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും നേടിയെടുത്തു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം തരപ്പെടുത്തിയത്.

വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയതിനെതിരെ മുന്‍ മന്ത്രി വിജെ തങ്കപ്പന്റെ മകന്‍ വിടി മോഹനന്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് വേണ്ട രീതിയില്‍ അന്വേഷണം നടത്താതിരുന്ന ഘട്ടത്തിലാണ് മോഹനന്‍ ഹൈക്കോടതിയെ സമീപിച്ചത്. ടിടി പ്രവീണ്‍, ഭാര്യ സിനി, വിദ്യാര്‍ത്ഥി തനൂജ എന്നിവര്‍ക്കു പുറമെ കോളജ് പ്രിന്‍സിപ്പല്‍ ഡോ അനുഷ മെര്‍ലിന്‍, ഡയറക്ടര്‍ ഡോ ബെനറ്റ് ഏബ്രഹാം തുടങ്ങിയവരും പ്രതികളാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കാരക്കോണം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചു എന്നതുള്‍പ്പടെ നിരവധി കേസുകള്‍ കോളജ് മാനേജ്‌മെന്റിനും പ്രവീണിനും ബെനറ്റിനുമെതിരെ നിലവിലുണ്ട്. ഇഡി ഉള്‍പ്പടെയുള്ള ഏജന്‍സികളുടെ അന്വേഷണം ഇതില്‍ നടക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിനെയും ടിടി പ്രവീണിനെയും ഇഡി നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. 500 കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നു എന്നാണ് പരാതി. കേസ് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഇഡി ഏറ്റെടുത്തത്

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here