കാസ്‌ട്രോയുടെ കൊച്ചുമകന്റെ ലാവിഷ് ലൈഫ്; നാട്ടുകാർക്ക് കൊടുംപട്ടിണി… ഇവിടെ ക്യൂബക്കായി ഫണ്ട് പിരിവും

കേരള കാസ്‌ട്രോ എന്നറിയപ്പെടുന്ന വിഎസ് അച്യുതാനന്ദന് കേരളം വിട നൽകുമ്പോൾ, ക്യൂബയുടെ വിപ്ലവനേതാവായിരുന്ന സാക്ഷാല്‍ ഫിഡല്‍ കാസ്‌ട്രോയുടെ കൊച്ചുമകന്റെ അടിപൊളി ലൈഫ് വിവാദമാവുകയാണ്. പട്ടിണി രാജ്യത്തെ കമ്യൂണിസ്റ്റ് നേതാവിന്റെ പൗത്രനും 33കാരനുമായ സാന്ദ്രോ കാസ്‌ട്രോ (Sandro Castro) വിലകൂടിയ മദ്യം ആഡംബര നൗകയിലിരുന്ന് കുടിക്കുന്ന ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. ഇതോടെ നാട്ടുകാര്‍ ആകെ കലിപ്പിലായി.

സാന്ദ്രോ തന്റെ സമ്പന്നമായ ജീവിതത്തെക്കുറിച്ചുള്ള പൊങ്ങച്ച ചിത്രങ്ങളും വീഡിയോകളും നിരന്തരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് ഇയാളഎ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ക്ലബുകളിലും പബ്ബുകളിലും പാര്‍ട്ടികളിലും സ്ഥിര സാന്നിധ്യമായ ഇയാളുടെ അഴിഞ്ഞാട്ടത്തെ, സഖാക്കളായ കമ്യൂണിസ്റ്റുകാരും നാട്ടുകാരും വിമര്‍ശനത്തോടെയാണ് നോക്കിക്കാണുന്നത്.

ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും പവര്‍കട്ടുമൊക്കെ ക്യൂബയെ വരിഞ്ഞു മുറുക്കുകയാണ്. രാജ്യത്ത് സ്ഥിരമായി ലോഡ് ഷെഡിംഗ് നടപ്പിലാക്കിയതിനെ കളിയാക്കി സാന്ദ്രോ ഒരു ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിലേക്ക് കുടിയേറാന്‍ ഒരവസരം തരണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെടുന്ന ഇയാളുടെ ഒരു വീഡിയോ വന്‍ വിവാദം ആയിരിക്കുകയുമാണ്.

കാസ്‌ട്രോക്ക് രണ്ടാം വിവാഹത്തിലുണ്ടായ അലക്‌സിസ് കാസ്‌ട്രോ സോട്ടോ ഡെല്‍ വാലേയുടെ മകനാണ് സാന്ദ്രോ. 1959ലെ വിപ്ലവത്തിലൂടെ ഭരണം പിടിച്ച ഫിഡല്‍, ഏറെക്കാലം രാജ്യം ഭരിച്ചു. അമേരിക്കയുടെ ഉപരോധങ്ങൾ മൂലം ക്യൂബ വൻ പ്രതിസന്ധിയിലാണ്. പൗരന്മാരോട് മുണ്ടു മുറുക്കിയുടുത്ത് ആഡംബരങ്ങള്‍ കുറയ്ക്കാൻ കാസ്‌ട്രോ ആവശ്യപ്പെടുന്നതും പതിവായിരുന്നു.

നാട്ടുകാരോട് ലളിത ജീവിതം നയിക്കാന്‍ സീനിയര്‍ കാസ്‌ട്രോ ആവശ്യപ്പെടുമ്പോഴും അദ്ദേഹത്തിന്റെ മക്കളും കൊച്ചു മക്കളുമൊക്കെ ആഡംബര ജീവിതവും സുഖലോലുപതയും വേണ്ടുവോളം ആസ്വദിച്ചിരുന്നു. ആഹാരത്തിനും മരുന്നിനും കുക്കിംഗ് ഗ്യാസിനുമൊക്കെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കമൂണിസ്റ്റ് നേതാവിന്റെ കുടുംബത്തിന്റെ ലക്ഷ്വറി ജീവിതം.

ശരാശരി ക്യൂബക്കാരന്റെ പ്രതിദിന വേതനത്തിന്റെ 100 മടങ്ങാണ് മദ്യപിക്കാനും ചൂതു കളിക്കാനും സാന്ദ്രോ ചെലവാക്കുന്നത്. ഇയാളുടെ കുത്തഴിഞ്ഞ ജീവിതം എന്നും വിവാദമായിരുന്നു. കോവിഡ് കാലത്ത് ആഡംബര മെഴ്‌സിഡസ് ബെന്‍സ് കാറില്‍ സാന്ദ്രോ കറങ്ങി നടന്നത് ക്യൂബയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കേരളത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അടിക്കടി ക്യൂബന്‍ സഹായ ഫണ്ട് പിരിക്കല്‍ പതിവാണ്. ദരിദ്രമായ ക്യൂബയ്ക്ക് ഒരു കൈതാങ്ങ് എന്നാണ് ഈ പിരിവിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ പണം എത്തുന്നത് കാസ്‌ട്രോയുടെ കുടുംബത്തിന്റെ ആഡംബര ജീവിതത്തിന് വേണ്ടിയാണോ എന്ന ചോദ്യം ഈ ഘട്ടത്തിൽ പ്രസക്തമാകുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top