നാവിറങ്ങിപ്പോയ ആസ്ഥാന സാംസ്കാരിക നായകർ; പാരഡി പാട്ടിൽ കേസെടുത്തതിൽ നിലപാടില്ലാത്ത പേടിത്തൊണ്ടൻമാർ

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി സദാ മുറവിളി കൂട്ടുന്ന ഇടത് പക്ഷത്തിൻ്റെ സാംസ്കാരിക നായകർ പാരഡി പാട്ട് രചയിതാക്കൾക്കും പാടിയവർക്കുമെതിരെ കേസെടുത്തതിൽ മിണ്ടാട്ടം മുട്ടി നിൽക്കുന്നു. സിപിഎം ആവശ്യപ്പെടുമ്പോൾ മാത്രമാണ് ഇവർ നിലപാടുകൾ പറയുക. എല്ലാ അർത്ഥത്തിലും സി പി എമ്മിൻ്റെ അടിമക്കൂട്ടങ്ങളായി ഇവർ അധഃപതിച്ചുവെന്ന് കോൺഗ്രസും ബിജെപിയും ആക്ഷേപിക്കാറുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് വൈറലായ ‘ പോറ്റിയേ കേറ്റിയേ’ എന്ന ഗാനത്തിൻ്റെ പിന്നണിക്കാർക്കെതിരെ മതവികാരം വൃണപ്പെടുത്തി എന്ന ഗുരുതര കുറ്റം ചുമത്തി കേസടുത്തിട്ടും പുരോഗമനക്കാരെന്ന് നടിക്കുന്ന ഇവരാരും തന്നെ സർക്കാർ നടപടിയെ അപലപിക്കാൻ തയ്യാറായിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിൻ്റെ സാംസ്കാരിക നിലപാടുകൾക്കെതിരെ പ്രതിഷേധവും സമരവും നടത്തുന്ന കേരളത്തിലെ ഇടതുപക്ഷ എഴുത്തുകാർ പാരഡി വിഷയത്തിൽ സമ്പൂർണ മൗനത്തിലാണ്. നീതിക്കും ന്യായത്തിനും വേണ്ടി രംഗത്തിറങ്ങി ജനമനസ്സുകളെ ഉത്തേജിപ്പിക്കാൻ ബാധ്യതയുള്ളവരാണ് മാളത്തിലൊളിച്ചിരിക്കുന്നത്.

“വിശ്വാസ സമൂഹത്തിലും മതവിശ്വാസം തകർത്ത് മതവികാരത്തെ അപമാനിക്കും വിധവും മതവികാരം പ്രചോദിപ്പിക്കണം എന്നും മതവിശ്വാസ സമൂഹത്തെ പരസ്പരം ഇളക്കി വിടണമെന്നും മനപൂർവമായ ഉദ്ദേശത്തോടും കരുതലോടും ഒന്നാം പ്രതി അയ്യപ്പ ഭക്തി ഗാനത്തേയും ശരണ മന്ത്രത്തേയും അപമാനിക്കും വിധത്തിൽ ഗാനം നിർമ്മിച്ചു ” എന്ന അതീവ ഗുരുതരമായ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഹിന്ദു വികാരത്തെ ഹനിക്കുന്ന ഒരു വരി പോലും ആ പാട്ടിൽ ഇല്ലെന്ന് സംഘപരിവാർ സംഘടനകൾ പോലും തുറന്ന് പറഞ്ഞിട്ടും സിപിഎമ്മിൻ്റെ സാമന്തൻമാരായ ഈ സാംസ്കാരികർ സർക്കാർ നടപടിക്കെതിരെ ഒരക്ഷരം പറയാൻ തയ്യാറായിട്ടില്ല.

സാംസ്‌കാരിക നായകന്മാരായി വിരാജിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മിനെ പിന്‍പറ്റി നില്‍ക്കുന്നവരാണ്‌. അതാതു കാലങ്ങളിലെ പാര്‍ട്ടി നിലപാടുകളായിരിക്കും ഇവരുടെ അഭിപ്രായമായി പുറത്തുവരുന്നത്‌. പാര്‍ട്ടിക്ക്‌ അഹിതമെന്ന്‌ തോന്നിയേക്കാവുന്ന വിഷയങ്ങളിൽ ഇവര്‍ പ്രത്യേകിച്ച്‌ അഭിപ്രായ പ്രകടനമൊന്നും നടത്താറില്ല. എല്ലാ അർത്ഥത്തിലും സിപിഎമ്മിൻ്റെ പോഷക സംഘടനയായിട്ടാണ് ഇക്കൂട്ടർ പ്രവർത്തിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top