ദലിത് യുവതിക്ക് നേരെയുളള കസ്റ്റഡി പീഡനത്തില്‍ അന്വേഷണം വഴിമുട്ടി; പിണറായി സര്‍ക്കാര്‍ പാവം ബിന്ദുവിനെ പറഞ്ഞു പറ്റിച്ചോ?

പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ദലിത് യുവതിയെ മോഷണക്കുറ്റം ആരോപിച്ച് അനധികൃതമായി കസ്റ്റഡിയില്‍ വെയ്ക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. മാല മോഷ്ടിച്ചെന്ന് ആരോപിച്ച് ജോലി ചെയ്തിരുന്ന വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നെടുമങ്ങാട് സ്വദേശി ആര്‍ ബിന്ദുവിനെ പോലീസ് കസ്റ്റഡിയില്‍ വെച്ച് മാനസികമായും ശാരീരികമായും 20 മണിക്കൂര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലയ്ക്കു പുറത്ത് ജോലിചെയ്യുന്ന ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. നിയമനം കിട്ടി ആറ് ദിവസമായിട്ടും മൊഴി എടുക്കലോ, പ്രാഥമിക വിവരശേഖരണങ്ങളോ തുടങ്ങിയിട്ടില്ല.

ബിന്ദുവിനെ നിയമകാര്യങ്ങളില്‍ സഹായിക്കാന്‍ മൊഴിയെടുക്കല്‍ വനിത അഭിഭാഷകയുടെ സാന്നിധ്യത്തിലാവണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. വനിത അഭിഭാഷകയെ ഏര്‍പ്പെടുത്തി നല്‍കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോരിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എത്രയും പെട്ടെന്ന് വനിത അഭിഭാഷകയെ നിയമിച്ചു തരണമെന്ന് ഡിവൈഎസ്പി വിദ്യാധരന്‍ ജില്ലാ നിയമ സഹായ അതോരിറ്റിക്ക് കത്തും നല്‍കി. എന്നാല്‍ വനിത അഭിഭാഷകയുടെ കാര്യത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല.

മാല മോഷണം പോയെന്ന വീട്ടുടമ ഓമന ദാനിയേലിന്റെ പരാതിയിലാണ് പേരൂര്‍ക്കട പോലീസ് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത്. 18 ഗ്രാം സ്വര്‍ണമാല പിന്നീട് ഓമനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. അത്രയും സമയവും ബിന്ദു സ്‌റ്റേഷനില്‍ പീഡിപ്പിക്കപ്പെട്ടു. സംഭവത്തില്‍ എസ്ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നകുമാറിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. മാലമോഷണം ആരോപിച്ച് ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ജിഡിയില്‍ രേഖപ്പെടുത്തിയില്ലെന്നും തുടര്‍നിയമനടപടികള്‍ പാലിച്ചില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കുടിവെള്ളവും ഭക്ഷണവും കൊടുത്തില്ല. വെള്ളം ചോദിച്ചപ്പോള്‍ കക്കൂസിലെ ബക്കറ്റില്‍ നിന്നും കുടിക്കാന്‍ പറഞ്ഞ് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ബിന്ദു ആരോപിക്കുന്നു.

ആറ് പോലീസുകാര്‍ക്കെതിരേയാണ് ബിന്ദു മൊഴിനല്‍കിയിട്ടുള്ളത്. എന്നാല്‍ രണ്ടുപേര്‍ക്കെതിരെ മാത്രമാണ് നടപടി ഉണ്ടായിട്ടുള്ളത്. പോലീസ് സ്റ്റേഷനില്‍ നേരിട്ട അപമാനത്തെക്കുറിച്ച് പരാതി പറയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്നും ബിന്ദു ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് നടപടിയെ തള്ളിപ്പറയുകയും ചെയ്തു. വനിതാ കമ്മിഷനും എസ്സി എസ്ടി കമ്മിഷനുമൊക്കെ അന്വേഷണം നടത്തുന്നുണ്ട്.

പത്തനംതിട്ടയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കഞ്ചാവ് കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുന്നതും വിദ്യാധരനാണ്. ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാകും ബിന്ദു അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുക എന്നാണറിയുന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം നീണ്ടു പോകുന്തോറും കുറ്റാരോപിതരായ പോലീസുകാര്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ കണ്ടെത്തുമെന്ന ആശങ്കയും ബിന്ദുവിനും കുടുംബത്തിനുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top