ജന്മദിനത്തിൽ ദളിത് നേതാവിന്റെ കൊലപാതകം; പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

മഹാരാഷ്ട്രയിലാണ് ദളിത് മഹാസംഘ് പ്രസിഡന്റിനെ കുത്തിക്കൊന്നത്. ഉത്തം മോഹിതെ എന്ന 38കാരനെയാണ് കൊലപ്പെടുത്തിയത്. ഉത്തമിന്റെ ജന്മദിനാഘോഷ
ദിവസമായിരുന്നു കൃത്യം നടന്നത്. സംഭവത്തിന് പിന്നാലെ, അക്രമികളിൽ ഒരാളെ നാട്ടുകാർ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് ഇരട്ടക്കൊലപാതകം നടന്നത്.
ജന്മദിനാഘോഷം കഴിഞ്ഞ് അതിഥികൾ പോയി കഴിഞ്ഞാണ് അർദ്ധരാത്രിയോടെ എട്ടംഗ സംഘം ഉത്തമിന്റെ വീട്ടിൽ എത്തിയത്. കത്തിയും ഇരുമ്പ് വടികളുമായി ഉത്തമിന്റെ വീട്ടിലെത്തി ഇവർ തർക്കമുണ്ടാക്കി. തുടർന്നാണ് ആക്രമണം ആരംഭിച്ചത്.
ഉത്തം വീടിനകത്തേക്ക് ഓടിക്കയറിയെങ്കിലും, പിന്നാലെ എത്തിയ സംഘം അദ്ദേഹത്തെ വയറ്റിലും നെഞ്ചിലും പല തവണ കുത്തി. തലയിലും കൈകളിലും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഉത്തമിനെ ആക്രമിച്ചവരിൽ ഒരാളായ 26കാരൻ ഷാരൂഖ് റഫീഖ് ഷെയ്ഖിനെയാണ് സ്ഥലത്തുവെച്ച് നാട്ടുകാർ തല്ലിക്കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഷാരൂഖിനെ അക്രമികൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇയാളും മരിച്ചു.
ജന്മദിനാഘോഷത്തിനിടെ മോഹിതെയും പ്രതികളിൽ ഒരാളായ ഗണേഷ് മോറെയും തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറയുന്നത്.
ആഘോഷം നിർത്തിപ്പോകുന്നതിനു മുൻപ് ഗണേഷ് മോറെ ഉത്തമിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മരിച്ച ഉത്തം മോഹിതെയുടെ ഭാര്യ ജ്യോതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് പേർക്കെതിരെയും കൊലപാതക കുറ്റത്തിന് പൊലീസ് കേസെടുത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here