ദളിത് യുവാവിന്റെ കസ്റ്റഡി മരണം; ശരീരത്തിൽ നിരവധി മുറിവുകൾ; പരാതി നൽകി അമ്മ

പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്ന് സ്വകാര്യ പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ദളിത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പരാതി നൽകി അമ്മ. നവംബർ 26നാണ് 24 വയസ്സുള്ള ദർശൻ മരിച്ചത്. മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് അമ്മ ആദിലക്ഷ്മി പരാതി നൽകിയത്. വിവേക് നഗർ പൊലീസിനും ‘യൂണിറ്റി ഫൗണ്ടേഷൻ റീഹാബ് സെന്റർ’ മാനേജ്‌മെന്റിനുമെതിരെയാണ് പരാതി. കസ്റ്റഡിമർദ്ദനം, നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിക്കുക തുടങ്ങി നിരവധി കുറ്റങ്ങൾ ആരോപിച്ചിട്ടുണ്ട്.
മദ്യപാനത്തിന് അടിമയായിരുന്ന ദർശനെ, നവംബർ 12ന് വീടിനടുത്ത് നടന്ന തർക്കത്തെത്തുടർന്ന് വിവേക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് പരാതി. പലതവണ ആവശ്യപ്പെട്ടിട്ടും മകനെ വിട്ടയക്കുകയോ കാണാൻ അനുവദിക്കുകയോ ചെയ്തില്ല. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പവൻ, മറ്റ് രണ്ട് പൊലീസുകാരും ചേർന്നാണ് സ്റ്റേഷനിൽ വെച്ച് ദർശനെ ക്രൂരമായി മർദ്ദിച്ചത്, നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുനെന്നും ആദിലക്ഷ്മി പറഞ്ഞു.
നവംബർ 15ന് പൊലീസ് ഇടപെട്ട് ദർശനെ മദനായകനഹള്ളിക്ക് സമീപമുള്ള യൂണിറ്റി ഫൗണ്ടേഷൻ റീഹാബ് സെന്ററിൽ പ്രവേശിപ്പിച്ചതായി വീട്ടുകാരെ അറിയിച്ചു. പൊലീസ് നിർബന്ധിച്ചതിനെത്തുടർന്ന് റീഹാബ് സെന്ററിൽ പ്രവേശിപ്പിക്കാൻ താൻ 2,500 രൂപ നൽകിയെന്നും ആദിലക്ഷ്മി അവകാശപ്പെട്ടു. ദർശൻ സുഖം പ്രാപിക്കുന്നുവെന്ന് റീഹാബ് സെന്റർ എല്ലാ ദിവസവും കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാൽ, നവംബർ 26ന് ശ്വാസതടസ്സം കാരണം മരണം സംഭവിച്ചുവെന്ന് വീട്ടുകാരെ അറിയിക്കുകയായിരുന്നു. കുടുംബം സെന്ററിൽ എത്തിയപ്പോൾ മൃതദേഹം അവിടെ ഉണ്ടായിരുന്നില്ല. നെലമംഗല സർക്കാർ ആശുപത്രിയിൽ എത്തിച്ച മൃതദേഹം കൊണ്ടുവരുമ്പോൾ തന്നെ മരിച്ചിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു.
മൃതദേഹത്തിൽ നിരവധി പരിക്കുകൾ കണ്ടതോടെ വീട്ടുകാർക്ക് സംശയം ഉണ്ടായി. തുടർന്നാണ് പരാതി നൽകിയത്. കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. പഴയ മുറിവുകൾ അടക്കം ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ജാതിക്കാരായ പൊലീസുകാരുടെ മർദ്ദനവും തുടർന്നുള്ള റീഹാബ് സെന്ററിലെ അശ്രദ്ധയുമാണ് മകന്റെ മരണത്തിന് കാരണമെന്ന് അമ്മ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here