ചങ്ക് പറിച്ചുകൊടുക്കുന്ന കേരള മോഡൽ; ചരിത്രമായി ഷിബുവിൽ നിന്ന് ദുർഗയിലേക്കുള്ള ഹൃദയമാറ്റം

മനുഷ്യസ്നേഹത്തിന് അതിർവരമ്പുകളില്ലെന്ന് കേരളം ഒരിക്കൽ കൂടി ലോകത്തിന് കാണിച്ചു കൊടുക്കുകയാണ്. നേപ്പാളി പെൺകുട്ടിയ്ക്ക് ജീവനേകാൻ പോകുന്നത് ഒരു മലയാളിയുടെ ഹൃദയം. എറണാകുളം ജനറൽ ആശുപത്രിയുടെ ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഒരു ശസ്ത്രക്രിയയല്ല, മറിച്ച് മനുഷ്യത്വത്തിന്റെ വലിയൊരു ചരിത്രമാണ് ഇന്ന് രചിക്കപ്പെടുന്നത്.

22 വയസ്സ് മാത്രള്ള ദുർഗ കാമി എന്ന നേപ്പാൾ പെൺകുട്ടി പുതുജീവൻ തേടിയാണ് കേരളത്തിലെത്തിയത്. ഹൃദയഭിത്തികൾക്ക് കനം കൂടുന്ന ‘ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി’ അവളുടെ സ്വപ്നങ്ങൾ കെടുത്തിയിരുന്നു. ഇതേ രോഗം കാരണം അമ്മയും സഹോദരിയും മരിച്ചത്. പിതാവും നേരത്തെ വിട്ടുപിരിഞ്ഞു. നേപ്പാളിലെ അനാഥാലയത്തിൽ വളർന്ന ദുർഗയ്ക്ക്, ആ സ്ഥാപനം നടത്തുന്ന മലയാളിയാണ് കേരളത്തിലെ മികച്ച ചികിത്സയെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നത്.

Also Read : ഷിരൂരിൽ നിന്നും സ്നേഹത്തിന്റെ നനവുള്ളൊരു വാർത്ത; ഉരുൾപൊട്ടലിൽ അനാഥമാക്കപ്പെട്ട ജീവന് തുണയായി ഉത്തര കന്നഡ എസ്പി

ഏക തുണയായ സഹോദരനൊപ്പം കേരളത്തിലെത്തിയ ദുർഗയ്ക്ക് മുന്നിൽ നിയമ കടമ്പകൾ വലിയ പ്രതിസന്ധിയായി. വിദേശിയായതിനാൽ അവയവദാനത്തിന് നിയമതടസ്സങ്ങൾ മുന്നിൽ വന്നപ്പോൾ നീതിപീഠം ആ കുഞ്ഞിനായി കാരുണ്യം ചൊരിഞ്ഞു. സ്വകാര്യ ആശുപത്രികളിലെ ലക്ഷങ്ങൾ വരുന്ന ചികിത്സാച്ചെലവ് താങ്ങാനാവാത്ത പെൺകുട്ടിക്ക് മുന്നിൽ എറണാകുളം ജനറൽ ആശുപത്രി കരുതലോടെ വാതിൽ തുറന്നു.

താമസിയാതെ വിധി കൊല്ലം സ്വദേശി ഷിബുവിന്റെ (47) രൂപത്തിൽ ദുർഗക്ക് മുന്നിൽ എത്തുകയായിരുന്നു. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഷിബു കിടക്കുമ്പോൾ, ആ കുടുംബം എടുത്ത തീരുമാനം ഒരുപാട് മനുഷ്യരുടെ ജീവിതത്തിന് പ്രകാശമേകുന്നതായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗത്തിന്റെ തീരാവേദനയ്ക്കിടയിലും, അവന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ജീവനാകട്ടെ എന്ന് അവർ ഉറപ്പിച്ചു.

Also Read : പ്രകാശം പരത്തുന്ന രണ്ട് പെണ്‍കുട്ടികള്‍… ആരതിയും ഹിമാന്‍ഷിയും മതേതരത്തിന്റെ വലിയ മാതൃകള്‍; രാജ്യത്തെ യുവത്വം കണ്ടുപഠിക്കണം

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഷിബുവിന്റെ ഹൃദയവുമായി എയർ ആംബുലൻസ് പറന്നുയർന്നപ്പോൾ അത് വെറുമൊരു യാത്രയായിരുന്നില്ല, മറിച്ച് ജീവന്റെ തുടിപ്പുമായി വിധിക്ക് നേരെ ഒരുകൂട്ടം മനുഷ്യർ നടത്തിയ പോരാട്ടമായിരുന്നു. ഷിബുവിന്റെ ഹൃദയം ദുർഗയുടെ ഉള്ളിൽ മിടിക്കുമ്പോൾ, മറ്റൊരു വലിയ ചരിത്രം കൂടി ഇവിടെ പിറക്കും.

രാജ്യത്താദ്യമായാണ് ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഡോ. ജോർജ് വാളൂരാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഈ ദൗത്യം ഏറ്റെടുത്തപ്പോൾ അത് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിജയമായി മാറി. ഒരു നേപ്പാളി പെൺകുട്ടിക്ക് ഹൃദയം നൽകാൻ തയ്യാറായ ഷിബുവിന്റെ കുടുംബം ലോകത്തിന് സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും പുതിയ കേരള മോഡൽ കാട്ടികൊടുക്കുകയാണ്.

കൂടാതെ ഷിബുവിലൂടെ മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ചർമ്മം കേരളത്തിലാദ്യമായി ദാനം ചെയ്യപ്പെട്ടു. ഹൃദയവും വൃക്കകളും കരളും കൺപോളകളും ഒപ്പം ചർമ്മവും സഹജീവികൾക്ക് നൽകിയാണ് ഷിബു ഈ ഭൂമിയിൽ നിന്ന് വിടവാങ്ങുന്നത്. ഏഴു പേരിലൂടെ ഷിബു ഇനിയും ജീവിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top