മധ്യവയസ്സിലെ മാറ്റങ്ങൾ വെറുതെയല്ല! ആത്മവിശ്വാസം കുറയുന്നതും ഏകാഗ്രത നഷ്ടപ്പെടുന്നതും മറവിരോഗത്തിന്റെ സൂചനയാകാം

മധ്യവയസ്സിലുണ്ടാകുന്ന വിഷാദരോഗ ലക്ഷണങ്ങൾ പിൽക്കാലത്ത് മറവിരോഗത്തിനുള്ള (Dementia) സാധ്യത 50 ശതമാനം വരെ വർധിപ്പിക്കുമെന്ന് പുതിയ പഠനം. പ്രശസ്ത മെഡിക്കൽ ജേണലായ ലാൻസെറ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം.

മധ്യവയസ്സിൽ പ്രകടമാകുന്ന ചില ‘റെഡ് ഫ്ലാഗുകൾ’ അഥവാ അപായ സൂചനകൾ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നത് ഭാവിയിലെ മറവിരോഗം തടയാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. 23 വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. വിഷാദരോഗം ഉള്ള എല്ലാവർക്കും മറവിരോഗം വരണമെന്നില്ല. എന്നാൽ വിഷാദത്തിന്റെ ചില പ്രത്യേക ലക്ഷണങ്ങൾ കാണിക്കുന്നവരിലാണ് ഭാവിയിൽ മറവിരോഗം വരാൻ കൂടുതൽ സാധ്യതയെന്നാണ് പഠനങ്ങൾ പറയുന്നത്. 45 മുതൽ 69 വയസ്സ് വരെയുള്ളവരിലാണ് ഈ ലക്ഷണങ്ങൾ കൂടുതലായും കണ്ടു വരുന്നത്.

ഗവേഷകർ ചൂണ്ടിക്കാണിക്കുന്ന പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ ഇവയാണ്

  • ആത്മവിശ്വാസം നഷ്ടപ്പെടുക: സ്വന്തം കഴിവില്‍ സംശയം തോന്നുകയും ആത്മവിശ്വാസം ഇല്ലാതാവുകയും ചെയ്യുക
  • പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള മടി: ജീവിതത്തിലെ വെല്ലുവിളികളെയോ പ്രശ്‌നങ്ങളെയോ നേരിടാന്‍ കഴിയാതെ വരിക.
  • മറ്റുള്ളവരോട് സ്‌നേഹക്കുറവ് തോന്നുക: പ്രിയപ്പെട്ടവരോട് പോലും ഊഷ്മളമായ ബന്ധമോ സ്‌നേഹമോ പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ.
  • എപ്പോഴും ഉത്കണ്ഠ അനുഭവപ്പെടുക: എപ്പോഴും പരിഭ്രമവും അസ്വസ്ഥതയും തോന്നുക.
  • ചെയ്യുന്ന ജോലിയില്‍ അതൃപ്തി: താന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഒന്നും ശരിയാകുന്നില്ല എന്ന തോന്നല്‍.
  • ഏകാഗ്രത കുറയുക: കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസം അനുഭവപ്പെടുക. ഇവയെല്ലാമാണ് ഭാവിയില്‍ മറവി രോഗത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങള്‍.

ഏകദേശം 5,800-ഓളം ആളുകളിൽ നടത്തിയ പഠനത്തിൽ, 60 വയസ്സിന് താഴെയുള്ളവരിൽ ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത് മറവിരോഗ സാധ്യത 50 ശതമാനം വരെ വർധിപ്പിക്കുമെന്ന് കണ്ടെത്തി. പ്രത്യേകിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുന്നതും പ്രശ്നങ്ങളെ നേരിടാൻ കഴിയാത്തതും വലിയ ഭീഷണിയാണ്. എങ്കിലും, വിഷാദരോഗമുള്ള എല്ലാവർക്കും മറവിരോഗം വരണമെന്നില്ലെന്നും, അതുപോലെ മറവിരോഗമുള്ള എല്ലാവർക്കും വിഷാദരോഗം ഉണ്ടാകണമെന്നില്ലെന്നും ഗവേഷകർ ഓർമ്മിപ്പിക്കുന്നു.

വിഷാദരോഗത്തെ കേവലം ഒരു മാനസികാവസ്ഥയായി കാണാതെ കൃത്യസമയത്ത് വൈദ്യസഹായം തേടുകയാണ് ഏക പ്രതിവിധി. കൃത്യമായ വ്യായാമം, സമീകൃത ആഹാരം, സാമൂഹികമായ ഇടപെടലുകൾ എന്നിവ വിഷാദരോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top