ഷിംജിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി കോടതി; റിമാന്‍ഡിൽ തുടരും

സ്വകാര്യ ബസ് യാത്രയ്ക്കിടെ അപകീർത്തികരമായ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ പ്രതി റിമാൻഡിൽ തുടരും.

ഷിംജിതയ്ക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. സമൂഹമധ്യത്തിൽ ദീപക്കിനെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇതിൽ മനംനൊന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ദീപക്കിനെ ഷിംജിതയ്ക്ക് മുൻപരിചയമില്ലെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ പറഞ്ഞത്.

ഈ മാസം 16നായിരുന്നു സ്വകാര്യ ബസിൽ വെച്ച് ദീപക്കിന്റെ ദൃശ്യങ്ങൾ ഷിംജിത ഫോണിൽ പകർത്തിയത്. ദീപക് തന്നോട് മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് ഈ വീഡിയോ ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദീപക്കിന്റെ ഭാഗത്തുനിന്ന് അസ്വാഭാവികമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നാണ് പോലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഷിംജിതയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വടകര സ്വദേശിയായ ഷിംജിത മുൻ പഞ്ചായത്ത് അംഗം കൂടിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top