ദീപക്കിന്റെ ആത്മഹത്യ! ഷിംജിത മുൻകൂർ ജാമ്യത്തിന് കോടതിയിൽ; പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസുമായി പോലീസ്

ബസിൽ വെച്ച് തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയും, ഇതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. അതേസമയം, ഒളിവിൽ പോയ ഷിംജിതയെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് ഷിംജിതയ്ക്കായി തിരച്ചിൽ ശക്തമാക്കിയത്. ഇവർ സംസ്ഥാനം വിട്ടതായും മംഗളൂരു ഭാഗത്തേക്ക് കടന്നതായും സൂചനയുണ്ട്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോയുടെ പൂർണ്ണരൂപം ലഭിക്കാനായി ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ബസിൽ വെച്ച് ഉപദ്രവം നടന്നതായി അന്ന് ആരും പരാതി പറഞ്ഞിരുന്നില്ലെന്ന് സ്വകാര്യ ബസ് ജീവനക്കാർ മൊഴി നൽകി. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പോലീസിന് നിർണ്ണായകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഷിംജിതയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നും അവർ രാജ്യം വിടുന്നതിന് മുൻപ് അറസ്റ്റ് ചെയ്യണമെന്നും മരിച്ച ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here