ദീപികയും കത്തോലിക്കസഭയും ബിജെപിയുടെ അച്ചാരം വാങ്ങി; മോദികാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ തരൂര്‍ കാണുന്നില്ല; വിമര്‍ശനവുമായി വൈദികന്‍

അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകള്‍ വിവരിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ എഴുതിയ ലേഖനം പ്രസിദ്ധീകരിച്ച ദീപിക പത്രവും അതിന്റെ ഉടമകളായ കത്തോലിക്ക സഭയും ബിജെപി ഭരണകാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ കാണാതെ കണ്ണടച്ചിരിക്കയാണെന്ന അതിരൂക്ഷ വിമര്‍ശനവുമായി സഭയിലെ വൈദികനായ ഫാദര്‍ ജോസ് വള്ളിക്കാട്ട്. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും നടത്തിയ ക്രൂരതകള്‍ വിവരിച്ചുകൊണ്ട് ശശി തരൂര്‍ എഴുതിയ ലേഖനം ഇക്കഴിഞ്ഞ ദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചാബിലെ ഭട്ടിൻഡയില്‍ പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോസ് വളളിക്കാട്ട് വിമര്‍ശനം ഉന്നയിക്കുന്നത്.

‘ഭാജപ്പയെ ( ബിജെപി) നിരന്തരമായ അധികാരത്തിലെത്തിക്കാന്‍ കത്തോലിക്കാ സഭാ നേതൃത്വവും ദീപികയും നടത്തുന്ന ഹീനമായ ഇടപെടലുകള്‍ക്ക് രാഷ്ട്രീയപരമായ വിധിയെഴുത്ത് ജനം നല്‍കും എന്നതിന് പുറമെ അത് സഭയുടെ ധാര്‍മിക ആണിക്കല്ല് ഇളക്കി വിശ്വാസികള്‍ അകന്നു പോകുന്ന ശുഷ്‌കമായ ഒരു പഞ്ജരമായി തീരും എന്നതില്‍ സംശയം ഇല്ല’ എന്ന അതിരു ക്ഷമായ വിമര്‍ശനമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത്.

ALSO READ : കോൺഗ്രസ്സിന് തലവേദനയായി വീണ്ടും തരൂർ; ആരോപണങ്ങൾ ഇന്ദിര ഗാന്ധിക്കും, സഞ്ജയ് ഗാന്ധിക്കുമെതിരെ!!

‘മഹാരാഷ്ട്രയില്‍ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍ മത പരിവര്‍ത്തന നിയമം കൊണ്ടgവരാന്‍ പോവുകയാണ്. അനധികൃതമായ 199 പള്ളികള്‍ ആറു മാസത്തിനകം പൊളിച്ചു നീക്കും എന്ന് കഴിഞ്ഞ ദിവസം ഭാജപ്പയുടെ ഒരു ജനപ്രതിനിധി പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വന്ന ഈ കിരാത നിയമം ക്രൈസ്തവ വിശ്വാസികള്‍ക്കും ആത്മീയ പാലകര്‍ക്കും മിഷനറിമാര്‍ക്കും സമീപകാലത്തു വരുത്തി വെച്ച ദുരിതങ്ങള്‍ കത്തോലിക്കാ സഭയുടെ നേതൃത്വവും, ദീപികയും ഇനിയും കണ്ടില്ല എന്നുണ്ടോ? ഒരു മത പീഡനം ഉണ്ടാകുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ സമീകരിക്കുന്ന ന്യൂനപക്ഷ വര്‍ഗീയതയും ഉള്‍പ്പെടുത്തിയുള്ള ഒരു അഴകൊഴമ്പന്‍ ബാലന്‍സിങ് പ്രസ്താവനയും വല്ലപ്പോഴുമുണ്ടാകുന്ന ഒരു എഡിറ്റോറിയലും കൊണ്ട് ഒരു കാര്യവുമില്ല. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന വിധത്തില്‍ ഭാജപ്പ നടത്തുന്ന ന്യൂനപക്ഷ ധ്വംസനങ്ങളെ കുറിച്ചും, വര്‍ഗ്ഗീയതയെ കുറിച്ചും, ജാതി വിവേചനങ്ങളെ കുറിച്ചും ശക്തവും നിരന്തരവുമായ എഡിറ്റോറിയല്‍ എഴുതാന്‍ പറ്റുമോ ദീപികയ്ക്ക്? നിരന്തരമായ ആത്മീയ-സാമൂഹ്യ പ്രക്ഷോഭം നടത്താനും രാഷ്ട്രീയ ഇടപെടലുകള്‍ നടത്താനും കഴിയുമോ സഭാ നേതൃത്വത്തിന്’ തുടങ്ങി സഭാ നേതൃത്വത്തിന്റെ ബിജെപി പ്രീണന നയങ്ങളെ കടന്നാക്രമിക്കുകയാണ് ഫാദര്‍ ജോസ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുന്ന ശശി തരൂര്‍ 50 കൊല്ലം മുമ്പ് നടന്ന അടിയന്തരാവസ്ഥയുടെ ക്രൂരതകള്‍ അന്വേഷിച്ചു പോകുന്നത് ഇരട്ട താപ്പാണ്. ക്രിസ്തുവിനാല്‍ പ്രകാശിപ്പിക്കപ്പെട്ട ഗാന്ധിജിയെപ്പോലുള്ളവരുടെ ധാര്‍മ്മികത സഭ പൂര്‍ണമായി മറന്നിരിക്കയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ALSO READ : മറ്റ് സഭകളുടെ അക്കൗണ്ടില്‍ കത്തോലിക്ക സഭയുടെ ബിജെപി ചങ്ങാത്തം വേണ്ടെന്ന് മര്‍ത്തോമ്മ വൈദികന്‍; സിബിസിഐക്കെതിരെ വിശ്വാസികളുടെ തുറന്ന കത്ത്

‘അടിയന്തരാവസ്ഥയുടെ ഭീകരതയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം എന്ന് നിഷ്‌കര്‍ഷിക്കുന്ന തരൂര്‍ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ കാണുന്നില്ല എന്ന് മാത്രമല്ല, അതിന് ഓശാന പാടുകയാണ്. ഇത് കൊണ്ടാണ് ശശി തരൂരിന്റെ ആ ലേഖനത്തിന് പ്രകാശിക്കപ്പെടാന്‍ ഇടം കൊടുത്ത കത്തോലിക്കാ പത്രമായ ദീപികയുടെ മനോഭാവങ്ങളും സമീപനങ്ങളും സംശയം ഉണര്‍ത്തുന്നത്. അടിയന്തരാവസ്ഥയെക്കാള്‍ ഗോപ്യമായ രീതിയില്‍ പ്രതിപക്ഷ സ്വരങ്ങളെയും ന്യൂനപക്ഷങ്ങളെയും ഇല്ലായ്മ ചെയ്ത് ഏകതാനമായ ഒരു വലതു പക്ഷ ഹൈന്ദവ ഫാസിസ്റ്റ് രാജ്യത്തിലേക്ക് ഓരോ ദിനവും നടന്നടുക്കുന്ന ഈ നാട്ടില്‍ കത്തോലിക്കാ സഭയിലെ ചില പ്രമുഖ വ്യക്തികള്‍ക്കും, ദീപിക പോലുള്ള മാധ്യമങ്ങള്‍ക്കും അടുത്ത തിരഞ്ഞെടുപ്പില്‍ ഭാജപ്പയെ വീണ്ടും അധികാരത്തില്‍ എത്തിക്കണം എന്നും, അവര്‍ വെറുക്കുന്ന ചില ഇതര സമുദായങ്ങളുടെ സമൂല നാശം കാണണം എന്നും ഉള്ള രണ്ടേ രണ്ടു അജണ്ടയെ ഉള്ളൂ എന്ന് സാധാരണക്കാര്‍ സംശയിച്ചാല്‍ തെറ്റ് പറയാന്‍ ആവില്ല’ ഗൗരവമായ ഈ കുറ്റപ്പെടുത്തലും ഫാദര്‍ ജോസ് വള്ളിക്കാട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top