ദുരൂഹത മാറാതെ ഡൽഹി സ്ഫോടനം; ഇമാം അറസ്റ്റിൽ; അന്വേഷണം അൽ-ഫലാഹ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച്

ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൻ്റെ അന്വേഷണം ഔപചാരികമായി എൻഐഎ ഏറ്റെടുത്തതോടെ നീക്കങ്ങൾ ഊർജിതമായി. ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലാ ക്യാമ്പസിനുള്ളിലെ മസ്ജിദിലെ ഇമാമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർവ്വകലാശാലയിൽ പരിശോധനകൾ തുടരുകയാണ്.
ഈ സർവകലാശാലക്ക് കീഴിലെ അല്‍-ഫലാഹ് സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ മൂന്ന് ഡോക്ടര്‍മാരെ ഇന്നലെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവിടെ നിന്നു തന്നെയുള്ള രണ്ട് ഡോക്ടർമാരെയാണ് തിങ്കളാഴ്ച ഫരീദാബാദിൽ നിന്ന് സ്ഫോടകവസ്തുക്കളുമായി ജമ്മു കാശ്മീർ പൊലീസ് പിടികൂടിയത്.
ഇതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇവരുടെ കൂട്ടാളിയായ ഡോ ഉമർ മുഹമ്മദ് ഉപയോഗിച്ച കാർ ചെങ്കോട്ടക്ക് സമീപം പൊട്ടിത്തെറിച്ച് എട്ടുപേർ മരിച്ചത്. കൂട്ടാളികളായ ഡോക്ടർമാർ അറസ്റ്റിലായ വാർത്തകൾ പുറത്തുവന്നതോടെ ഉമർ പരിഭ്രാന്തനായി. ഇതോടെ തൻ്റെ കൈവശമുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.
ഇക്കാരണം കൊണ്ടുതന്നെ ഇത് ചാവേർ ആക്രമണം അല്ലെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. നിർമാണം പൂർത്തിയാകാത്ത ബോംബ്, ഉമറിൻ്റെ പരിഭ്രാന്തിക്കിടെ അസമയത്ത് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് മുൻപ് പതിനൊന്ന് മണിക്കൂറോളം ഇയാൾ ഡൽഹിയിൽ ഉണ്ടായിരുന്നു എന്നും, കൊണാട്ട് പ്ലേസ് പോലുള്ള സ്ഥലങ്ങളിൽ പോയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.
കശ്മീർ ശ്രീനഗർ സ്വദേശിയായ മുഹമ്മദ് ഇഷ്താഖാണ് ഇന്ന് കസ്റ്റഡിയിലായിട്ടുള്ള ഇമാം. സ്ഫോടനവുമായി ഇയാൾക്ക് നേരിട്ട് ബന്ധമുള്ളതായി വ്യക്തമായിട്ടില്ല. എന്നാൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. സർവ്വകലാശാലയിലെ 70 ഓളം പേരെ ചോദ്യം ചെയ്തത അന്വേഷണ ഏജൻസികൾ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുമുണ്ട്.
ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ എൻഐഎ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ഇവരെ അറസ്റ്റ് ചെയ്യാനിടയാക്കിയ ജമ്മു കാശ്മീർ പൊലീസ് അന്വേഷിക്കുന്ന കേസും എൻഐഎക്ക് കൈമാറിയേക്കും. ആക്രമണത്തിൽ പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുന്നുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here