സംഘി – കമ്മി ഭായി ഭായി; ഡല്‍ഹിയിലെ കേരള സൊസൈറ്റി തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് – സിപിഎം സഖ്യമെന്ന് ആക്ഷേപം

ഡല്‍ഹിയിലെ നാല് കേരള സ്‌കൂളുകളുടെ ചുമതലയുള്ള സൊസൈറ്റിയുടെ കേന്ദ്ര ഭരണസമിതി തിരഞ്ഞെടുപ്പില്‍ സിപിഎം -ആര്‍എസ്എസ് ധാരണയെ ചൊല്ലി സിപിഎമ്മില്‍ കലാപം. സംഘപരിവാറിനെ നേര്‍ക്കുനേര്‍ എതിര്‍ക്കുന്നുവെന്ന് സിപിഎം സദാ അവകാശവാദം മുഴക്കുമ്പോഴാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള സഖ്യവാര്‍ത്തകള്‍. സൊസൈറ്റി പിടിക്കാന്‍ രണ്ട് പാനലുകളായി മത്സരിക്കാനിരുന്ന സിപിഎം – ആര്‍എസ്എസ് നേതാക്കള്‍ മത്സരം ഒഴിവാക്കി ധാരണയിലെത്തിയതില്‍ ഒരു വിഭാഗം സിപിഎം നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു.

എംഎ ബേബി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോഴാണ് മലയാളികളായ സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസുമായി പരസ്യ സഖ്യത്തില്‍ ഏര്‍പ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. സമാനമായ രീതിയില്‍ രണ്ട് വര്‍ഷം മുമ്പും ഡല്‍ഹിയിലെ മലയാളി സിപിഎം നേതാക്കള്‍ ആര്‍എസ്എസുമായി സഖ്യത്തിലേര്‍പ്പെടാന്‍ ശ്രമിച്ചിരുന്നു. സൊസൈറ്റിയുടെ 2025- 2027 കാലത്തേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.

1958ല്‍ രൂപീകരിച്ച കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ നാല് എയ്ഡഡ് സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലെ ഭാഷാ ന്യൂനപക്ഷമായ മലയാളികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായാണ് സൊസൈറ്റി രൂപീകരിച്ചതും സ്‌കൂളുകള്‍ ആരംഭിച്ചതും. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എകെജി എന്നിവരുടെ ശ്രമത്തിലാണ് ഭാഷാ പഠനത്തിനും കേരള സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി സൊസൈറ്റി രൂപീകരിച്ചത്.

ഇടത് ചായ് വുള്ളവരുടെ നിയന്ത്രണത്തിലായിരുന്നു ആദ്യകാലം മുതൽ സൊസൈറ്റി പ്രവർത്തിച്ചത്. ആര്‍കെപുരം, കെന്നിംഗ് ലെയിന്‍, വികാസ് പുരി, മയൂര്‍ വിഹാര്‍ എന്നിവിടങ്ങളിലാണ് കേരള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സിബിഎസ്ഇയുടേയും ഡല്‍ഹി വിദ്യാഭ്യാസ വകുപ്പിന്റേയും അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണിവ.

കേരളത്തില്‍ പഞ്ചായത്ത് – നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ സംഘപരിവാറുമായുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം സഖ്യങ്ങള്‍ സിപിഎമ്മിന് തലവേദനയാകും എന്ന് ഉറപ്പാണ്. രാജ്യതലസ്ഥാനത്തെ ഒരു സൊസൈറ്റി തിരഞ്ഞെടുപ്പിലെ ഇത്തരം സഖ്യ ചര്‍ച്ചകള്‍ പോലും കേരളത്തില്‍ വലിയ ചര്‍ച്ചയാകുകയാണ്. സിപിഎം- ബിജെപി ബാന്ധവങ്ങളെക്കുറിച്ച് യുഡിഎഫ് ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിനിടയിലാണ് പുതിയ കൂട്ടുകെട്ട് വിവാദമാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top