ഡൽഹി സ്ഫോടന ഗൂഢാലോചനയിൽ ‘ഹമാസ് പാറ്റേൺ’! പ്രതിയുടെ മൊബൈലിൽ ഡ്രോണുകളും റോക്കറ്റ് ലോഞ്ചറുകളും

ഡൽഹി റെഡ് ഫോർട്ട് സ്ഫോടന ഗൂഢാലോചനയിലെ പ്രധാന പ്രതികളിൽ ഒരാളായ ജാസിർ ബിലാൽ വാണി എന്ന ‘ദാനിഷി’ന്റെ ഫോണിൽ നിന്നും നിർണ്ണായക തെളിവുകൾ കണ്ടെത്തി. ഇയാളുടെ ഫോണിലെ ഡിലീറ്റ് ചെയ്ത ഫോൾഡറിൽ നിന്ന് നിരവധി ഡ്രോണുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും ചിത്രങ്ങളും വീഡിയോകളുമാണ് എൻഐഎ കണ്ടെത്തിയത്.
ഡ്രോൺ ചിത്രങ്ങളിൽ പലതും ഹമാസ് തീവ്രവാദികൾ ഉപയോഗിക്കുന്നതിന് സമാനമായതാണ്. ഇതിലൂടെ ഭീകര പ്രവർത്തനങ്ങൾക്കായി ‘ഹമാസ് പാറ്റേൺ’ പിന്തുടരാൻ ഇവർ ശ്രമിച്ചതായാണ് സൂചന. ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ എങ്ങനെ ഘടിപ്പിക്കാമെന്ന് കാണിക്കുന്ന വീഡിയോകളും ദാനിഷിന്റെ ഫോണിൽ ഉണ്ടായിരുന്നു. പ്രത്യേക ആപ്ലിക്കേഷൻ വഴിയാണ് ഇയാൾക്ക് ഈ വീഡിയോകൾ ലഭിച്ചത്. ചില വിദേശ നമ്പറുകളും ഈ ആപ്പിൽ കണ്ടെത്തിയിട്ടുണ്ട്.
25 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന, കൂടുതൽ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. കുറഞ്ഞ ചിലവിൽ നിലത്തുനിന്നോ കൈകൊണ്ടോ വിക്ഷേപിക്കാൻ കഴിയുന്ന റോക്കറ്റുകളെക്കുറിച്ചും ഈ സംഘം പഠനം നടത്തിയിരുന്നു. ഇത്തരം റോക്കറ്റുകൾ ഹമാസ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാനും വേഗത്തിൽ ആക്രമണം നടത്താനും വേണ്ടിയാണ് കൂടുതലായും ഉപയോഗിക്കുന്നത്
ദാനിഷ് ഡ്രോണുകൾ രൂപമാറ്റം വരുത്തുന്നതിൽ വിദഗ്ദ്ധനാണ്. ഭീകരാക്രമണങ്ങൾ നടത്താനായി ഡ്രോണുകൾ പരിഷ്കരിക്കാനും റോക്കറ്റുകൾ നിർമ്മിക്കാനും ഇയാൾ സാങ്കേതിക സഹായം നൽകിയതായി എൻഐഎ പറയുന്നു. ജമ്മു കാശ്മീരിലെ അനന്ത്നാഗ് ജില്ലക്കാരനായ ദാനിഷിനെ കഴിഞ്ഞ മാസം 17നാണ് ശ്രീനഗറിൽ വച്ച് എൻഐഎ അറസ്റ്റ് ചെയ്തത്. ഡൽഹി റെഡ് ഫോർട്ടിൽ നടന്ന കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യാൻ തീവ്രവാദി ഉമർ ഉൻ നബിയുമായി ചേർന്ന് ഇയാൾ പ്രവർത്തിച്ചിരുന്നതായും എൻഐഎ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here