പൊട്ടിത്തെറിച്ച കാറിന് പിന്നാലെ ഏജന്‍സികള്‍; മൂന്ന് മണിക്കൂറിലേറെ പാര്‍ക്കിങ് ഗ്രൗണ്ടില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിന്റെ വിവരങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍. ഉടമയെ കണ്ടെത്തിയെങ്കിലും കാര്‍ പലതവണ കൈമാറ്റം ചെയ്തു എന്നാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന വിവരം. മുഹമ്മദ് സല്‍മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ദേവേന്ദ്ര എന്ന ആള്‍ക്കാണ് ആദ്യം വിറ്റത്. പിന്നീട് ഇത് നദീം എന്നയാള്‍ വാങ്ങി. തുടര്‍ന്ന് ഫരീദാബാദ് സെക്ടര്‍ 37-ലെ റോയല്‍ കാര്‍ സോണ്‍ എന്ന യൂസ്ഡ് കാര്‍ ഡീലര്‍ക്കും വിറ്റു. ഇവിടെ നിന്നും അമീര്‍ എന്നയാള്‍ ഈ വാഹനം വാങ്ങി. ഇയാളില്‍ നിന്ന് പുല്‍വാമ സ്വദേശി താരിഖ് എന്നയാളാണ് അവസാനമായി ഈ കാര്‍ വാങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസം 29നാണ് താരിഖ് കാര്‍ വാങ്ങിയത്.

അവസാനം കാര്‍ വാങ്ങിയ താരിഖിനെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ വില്‍പ്പന നടന്ന സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ എല്ലാം സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതുകൊണ്ട് തന്നെയാണ് നടന്നത് വലിയൊരു ഗൂഢാലോചനയാണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. കാര്‍ ഡല്‍ഹി നഗരത്തിലൂടെ ഓടുന്നതിന്റേയും പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചെങ്കോട്ടയ്ക്ക് അടുത്തുള്ള സുനഹ്രി മസ്ജിദിന് സമീപം ഏകദേശം മൂന്ന് മണിക്കൂറോളം കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. വൈകിട്ട് 3:19-ന് പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും 6:48-ന് പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കാര്‍ ഇവിടെ നിന്നും പുറത്തിറങ്ങി നാലു മിനിറ്റുനുള്ളില്‍ സ്‌ഫോടനം നടന്നു. വൈകുന്നേരം ആളുകള്‍ കൂടുന്ന സമയത്ത് സ്‌ഫോടനം നടത്താനായി കാത്തിരുന്നു എന്ന നിഗമനത്തിലാണ് ഡല്‍ഹി പോലീസ്.

ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ 9 പേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദ ആക്രമണമാണ് എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതിനു പിന്നില്‍ ആരെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top