ഡൽഹി സ്‌ഫോടനത്തിൽ ‘സാത്താന്റെ മാതാവ്’? നിർണ്ണായക വിവരം പുറത്ത്

ദേശീയ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ ‘സാത്താന്റെ മാതാവ്’ എന്നറിയപ്പെടുന്ന അതീവ അപകടകാരിയായ സ്ഫോടകവസ്തു എന്ന് റിപ്പോർട്ട്. ട്രയാസിടോൺ ട്രൈ പെറോക്സൈഡ് (Triacetone Triperoxide) ആയിരിക്കും സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ തീവ്രതയും നാശനഷ്ടങ്ങളുടെ രീതിയും കണക്കിലെടുത്താണ് ഫോറൻസിക് വിദഗ്ദ്ധർ ടിഎടിപിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് വിവരം.
അമേരിക്കൻ ഭീകരാക്രമണങ്ങളിലും യൂറോപ്പിലെ മറ്റ് വലിയ സ്ഫോടനങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് ടിഎടിപി. ഇതിന്റെ അതീവ അപകട സ്വഭാവം കാരണം ലോകമെമ്പാടുമുള്ള അനധികൃത ബോംബ് നിർമ്മാതാക്കൾ ഇതിനെ ‘സാത്താന്റെ മാതാവ്’ എന്നാണ് വിളക്കാറുള്ളത്. 2017-ലെ ബാഴ്‌സലോണ ആക്രമണം, 2015-ലെ പാരീസ് ആക്രമണം, 2017-ലെ മാഞ്ചസ്റ്റർ ബോംബാക്രമണം, 2016-ലെ ബ്രസ്സൽസ് ബോംബാക്രമണം എന്നിവയുൾപ്പെടെയുള്ള ആഗോള ഭീകരാക്രമണങ്ങളിൽ ടിഎടിപി ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ടിഎടിപി വളരെ സെൻസിറ്റീവ് ആണ്. ഘർഷണം, മർദ്ദം, അല്ലെങ്കിൽ താപനിലയിലുള്ള നേരിയ വർധനവ് എന്നിവ പോലും സ്ഫോടകവസ്തു പൊട്ടിത്തെറിക്കാൻ കാരണമാകും. സ്ഫോടനം നടത്താൻ ഡിറ്റണേറ്റർ ആവശ്യമില്ല. ടിഎടിപിയുടെ അസ്ഥിര സ്വഭാവത്തെക്കുറിച്ച് സ്ഫോടനം നടന്ന കാറിനുള്ളിലുണ്ടായിരുന്ന ഉമറിന് അറിവുണ്ടായിരുന്നുവെന്നും, ഓൾഡ് ഡൽഹിയിലെ ചന്ദ്‌നി ചൗക്കിന് അടുത്തുള്ള തിരക്കേറിയ സ്ഥലത്തേക്ക് ബോധപൂർവം സ്ഫോടകവസ്തു കൊണ്ടുപോയതാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് സംഘം വിശകലനം ചെയ്യുന്നുണ്ട്. സ്ഫോടകവസ്തു കാറിനുള്ളിൽ വച്ച് താപനില കാരണമാണോ അതോ മറ്റ് കാരണങ്ങൾ കൊണ്ടാണോ പൊട്ടിത്തെറിച്ചതെന്നും എന്നും അന്വേഷിക്കുന്നുണ്ട്. നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം i20 കാറിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആദ്യം സംശയിച്ചിരുന്നത് അമോണിയം നൈട്രേറ്റ് ആയിരിക്കും സ്ഫോടനത്തിന് ഉപയോഗിച്ചിരിക്കുക എന്നാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here