രാത്രി യാത്രക്കിടെ 24കാരിക്ക് ഊബർ ഡ്രൈവറുടെ ബലാത്സംഗ ഭീഷണി; അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ എന്തെങ്കിലും ചെയ്താലോ, എന്ന് ചോദ്യം

നിർഭയ സംഭവത്തിനുശേഷവും രാജ്യതലസ്ഥാനത്ത് സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന ഓരോ സംഭവങ്ങളും. രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോൾ ഊബർ ഡ്രൈവറിൽനിന്നും ഉണ്ടായ ബലാത്സംഗ ഭീഷണിയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ച യുവതിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഡൽഹിയിൽ താമസിക്കുന്ന 24കാരിയായ പെൺകുട്ടിയാണ് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് റെഡ്ഡിൽ ഷെയർ ചെയ്തത്.
ഡൽഹിയുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്നതിനാൽ വീട്ടിൽ വരാനായി രാത്രിയിൽ പലപ്പോഴും ഊബർ ടാക്സി ബുക്ക് ചെയ്യാറുണ്ടെന്ന് യുവതി പോസ്റ്റിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി പുറത്തുനിന്ന് ഡിന്നർ കഴിച്ചശേഷം 10.30 ന് ഊബർ ബുക്ക് ചെയ്തു. കാറിൽ യാത്ര ചെയ്യവേ ഡ്രൈവർ കണ്ണാടിയിലൂടെ തന്നെ നോക്കുന്നത് ശ്രദ്ധിച്ചു. ഇത്രയും വൈകി രാത്രിയിൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾക്കറിയാമോ, നിങ്ങൾ ഒരു ആണായിരുന്നുവെങ്കിൽ, ഞാൻ കോൾ എടുക്കില്ലായിരുന്നുവെന്ന് ഡ്രൈവർ സംസാരിക്കാൻ തുടങ്ങി. ഡ്രൈവർ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ തന്റെ ലൊക്കേഷൻ അമ്മയ്ക്ക് അച്ചു കൊടുത്തു.
സ്ത്രീകൾ രാത്രി വൈകി ഒറ്റയ്‌ക്ക് യാത്ര ചെയ്യുകയോ പുറത്തിറങ്ങുകയോ ചെയ്യരുതെന്നും അവർ ബലാത്സംഗത്തിന് ഇരയായാൽ ഡ്രൈവർമാരെ കുറ്റപ്പെടുത്തുമെന്നും അയാൾ പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ നിങ്ങളെ എന്തെങ്കിലും ചെയ്താൽ, നിങ്ങളുടെ അമ്മ സഹായിക്കാൻ എത്തുമെന്ന് കരുതുന്നുണ്ടോ എന്നയാൾ ചോദിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് യുവതി പോസ്റ്റിൽ പറഞ്ഞു. സുരക്ഷിതമായി വീട്ടിലെത്തുകയും പിന്നീട് സംഭവം യൂബറിന്റെ കസ്റ്റമർ കെയർ സർവീസുകളെ അറിയിക്കുകയും ചെയ്തതായി യുവതി പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here