ഗ്രീൻലാൻഡിന് മേൽ കണ്ണു വച്ച് അമേരിക്ക; രക്ഷക്കായി ഇന്ത്യ എത്തുമോ?

മഞ്ഞുപുതച്ച മലനിരകൾ, വർണ്ണവിസ്മയമായി ആകാശത്ത് തെളിയുന്ന നോർത്തേൺ ലൈറ്റ്‌സ്, കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആർട്ടിക് കടൽ, പ്രകൃതി ഒരേസമയം ശാന്തവും എന്നാൽ വന്യവുമായ സുന്ദരിയായി മാറുന്ന ഭൂമി, അതാണ് ഗ്രീൻലാൻഡ്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് എന്നതിലുപരി, ആഗോള സന്തോഷസൂചികയിൽ മുൻനിരയിലുള്ള ഡെന്മാർക്കിന്റെ ഭാഗമാണ് ഗ്രീൻലാൻഡ് എന്നതും ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും സമാധാനപ്രിയരും സന്തുഷ്ടരുമായ ജനത വസിക്കുന്ന ഈ പ്രദേശം ഇപ്പോൾ ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മാറുകയാണ്. ആ ദേശത്തിന്റെ സന്തോഷത്തിന് മേൽ നിഴൽ വീഴ്ത്തിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണ്ണുകൾ ഈ ദ്വീപിൽ പതിഞ്ഞിരിക്കുന്നു. സമാധാനത്തിന്റെ ഈ തുരുത്തിൽ യുദ്ധത്തിന്റെ പെരുമ്പറ മുഴങ്ങുമ്പോൾ അവർ ഇന്ത്യയെ സഹായത്തിനായി ഉറ്റുനോക്കുകയാണ്. ഡാനിഷ് എം പി റാസ്മസ് ജാർലോവ് പരസ്യമായി തന്നെ ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. ലോകം വലിയ ഗൗരവത്തോടെ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്. എന്തുകൊണ്ടാണ് അമേരിക്ക മഞ്ഞുമൂടിയ ഈ ദ്വീപിന് പിന്നാലെ നടക്കുന്നത്? ലോകഭൂപടത്തിൽ മറ്റ് അനേകം രാജ്യങ്ങൾ കരുത്തോടെ തലയുയർത്തി നിൽക്കുമ്പോഴും എന്തുകൊണ്ടാണ് ഡെന്മാർക്ക് ഇന്ത്യയുടെ സഹായം തേടുന്നത്? നമുക്ക് നോക്കാം.

വെറും മഞ്ഞ് നിറഞ്ഞ ഭൂപ്രദേശമല്ല ഗ്രീൻലാൻഡ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യം കൃത്യമാണ്. അതിന് നിരവധി കാരണങ്ങളുണ്ട്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, അത്യാധുനിക ആയുധങ്ങൾ എന്നിവ നിർമ്മിക്കാൻ ആവശ്യമായ റേർ എർത്ത് മിനറലുകളുടെ (Rare Earth Minerals) ലോകത്തിലെ ഏറ്റവും വലിയ ശേഖരമാണ് ഗ്രീൻലാൻഡിലുള്ളത്. നിലവിൽ ഇതിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. ഈ ചൈനീസ് ആധിപത്യം തകർക്കാൻ ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്നത് ട്രംപിന്റെ മാസ്റ്റർപ്ലാൻ ആണ്.
Also Read : വെള്ളം ഇന്ധനമാക്കി ട്രെയിൻ; ലോകത്തെ ഞെട്ടിക്കാൻ ഇന്ത്യ
കൂടാതെ കാലാവസ്ഥാ വ്യതിയാനം മൂലം മഞ്ഞ് ഉരുകുമ്പോൾ ആർട്ടിക്കിലൂടെ പുതിയ കപ്പൽ പാതകൾ തുറക്കുന്നു. റഷ്യയും ചൈനയും ഇവിടെ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ, അത് തടയാൻ ഗ്രീൻലാൻഡ് ഒരു സൈനിക താവളമായി അമേരിക്കയ്ക്ക് അത്യാവശ്യമാണ്. റഷ്യയിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ തടയാൻ ഗ്രീൻലാൻഡിലെ എയർബെസ് അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണ്. അമേരിക്കയുടെ കഴുകൻ കണ്ണുകൾ ഗ്രീന്ലാന്റിന് മേൽ വീഴാൻ കാരണം ഇതൊക്കെ തന്നെയാണ്. അപ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം ഭൂഖണ്ഡങ്ങൾക്കപ്പുറത്തുനിന്ന് ഒരു രാജ്യം എന്തുകൊണ്ടാണ് അവരുടെ രാജ്യം നേരിടുന്ന പ്രശ്നത്തിൽ ഇന്ത്യയുടെ പിന്തുണ തേടിയതെന്ന്. ലോകത്തെ പ്രമുഖ ശക്തികൾ പലതുണ്ടായിട്ടും ഡാനിഷ് എം.പി റാസ്മസ് ജാർലോവ് ഇന്ത്യയുടെ പേര് എടുത്തു പറഞ്ഞത് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അതിനും അതിന്റെതായ കാരണങ്ങളുണ്ട്.

അമേരിക്കയുമായും റഷ്യയുമായും ഒരേപോലെ സുഹൃദ്ബന്ധം പുലർത്തുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ട്രംപിനോട് നേരിട്ട് സംസാരിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമെന്ന് ഡെന്മാർക്ക് വിശ്വസിക്കുന്നു. മാത്രമല്ല വികസ്വര രാജ്യങ്ങളുടെയും ചെറിയ രാജ്യങ്ങളുടെയും പരമാധികാരത്തിന് വേണ്ടി ശബ്ദമുയർത്തുന്ന ഇന്ത്യയുടെ നിലപാടിന് ഇന്ന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയുണ്ട്. കൂടാതെ ആർട്ടിക് മേഖലയിലെ കാര്യങ്ങൾ തീരുമാനിക്കുന്ന ആർട്ടിക് കൗൺസിലിൽ ഇന്ത്യയ്ക്ക് ഒബ്‌സർവർ പദവിയുണ്ട്. അവിടെ ഇന്ത്യ എടുക്കുന്ന നിലപാട് ഡെന്മാർക്കിന് നിർണ്ണായകമാണ്. ഇന്ത്യയും ഡെന്മാർക്കും ജനാധിപത്യമൂല്യങ്ങൾ പങ്കിടുന്ന രാജ്യങ്ങളാണ്. ഒരു ജനാധിപത്യ രാജ്യം മറ്റൊരു സഖ്യകക്ഷിയെ ഭീഷണിപ്പെടുത്തുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടതുണ്ട് എന്നതാണ് ഡെന്മാർക്കിന്റെ ആവശ്യം.
Also Read : ഇന്ത്യയെ വളയാൻ നോക്കി കുടുങ്ങി ചൈന; കടലിനി നമ്മൾ ഭരിക്കും
ഇതൊരു ചെറിയ തർക്കമല്ല. ഒരു പരമാധികാര രാജ്യത്തിന്റെ പ്രദേശം മറ്റൊരു രാജ്യം ബലമായി പിടിച്ചെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്കയെ അനുവദിച്ചാൽ, അത് നാളെ ചൈനയോ മറ്റ് രാജ്യങ്ങളോ തങ്ങളുടെ അയൽരാജ്യങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ ഒരു കാരണമാകും. അമേരിക്ക ഒരു നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിനെ ആക്രമിച്ചാൽ അത് ആ ആഗോള സൈനിക സഖ്യത്തിന്റെ തന്നെ അന്ത്യമാകും. ലോകസമാധാനത്തെ അത് ബാധിക്കും. ഇന്ത്യയ്ക്ക് ഗ്രീൻലാൻഡിലും ആർട്ടിക് മേഖലയിലും വലിയ തോതിലുള്ള ശാസ്ത്ര പര്യവേക്ഷണ കേന്ദ്രങ്ങളുണ്ട് ഈ മേഖലയിലെ സമാധാനം ഇന്ത്യയുടെ കൂടി ആവശ്യമാണ്. ഗ്രീൻലാൻഡ് ഇപ്പോൾ വെറുമൊരു മഞ്ഞു നിറഞ്ഞ ദ്വീപല്ല, മറിച്ച് ലോകരാജ്യങ്ങളുടെ അഭിമാനത്തിന്റെയും അധികാരത്തിന്റെയും പോർക്കളമാണ്. ഗ്രീൻലാൻഡിന്റെ ആ നീലാകാശത്ത് വടക്കൻ വെളിച്ചത്തിന്റെ വർണ്ണവിസ്മയങ്ങൾ മാത്രം ബാക്കിയാകുമോ, അതോ യുദ്ധവിമാനങ്ങളുടെ നിഴലുകൾ വീഴുമോ എന്ന ചോദ്യം സജീവമാണ്. ഡെന്മാർക്ക് തങ്ങളുടെ അഭിമാനം സംരക്ഷിക്കാൻ പോരാടുമ്പോൾ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കും എന്ന് ആകാംഷയിലാണ് ലോകരാജ്യങ്ങൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here