കുപ്പിക്ക് ഡെപ്പോസിറ്റ് ഉടനില്ല; ഓണ ‘കുടി’യെ കരുതി ബെവ്‌കോ

ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്നും മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഡെപ്പോസിറ്റ് ഈടാക്കാനുള്ള തീരുമാനം നടപ്പിലാക്കുക ഓണത്തിന് ശേഷം. സെപ്റ്റംബര്‍ 2 മുതല്‍ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. പക്ഷെ കച്ചവടം പൊടിപൊടിക്കുന്ന ഓണക്കാലത്ത് മദ്യം വാങ്ങാൻ എത്തുന്ന ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടികൾ വേണ്ട എന്ന തീരുമാനത്തിലാണ് ബെവ്‌കോ.
പ്ലാസ്റ്റിക് വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഡെപ്പോസിറ്റ് വാങ്ങുന്നത്. മദ്യം വാങ്ങിയ ഔട്ട്‌ലെറ്റില്‍ തന്നെ ബോട്ടില്‍ തിരിച്ചെത്തിച്ചാല്‍ ഈ രൂപ മടക്കി നൽകുകയാണ് സർക്കാർ നീക്കം. എന്നാല്‍ പദ്ധതി ഓണത്തിന് ശേഷം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ബെവ്‌കോ സാവകാശം തേടുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയുമായിരുന്നു.
നിലവിലുള്ള ജീവനക്കാരെ കൊണ്ട് ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. കരാർ നിയമനക്കാരെ ഉൾപ്പെടുത്തിയാലും ബോട്ടിൽ ശേഖരണത്തിനായി പുതിയ കൗണ്ടർ തുറക്കുകയും അതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്യുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് ബെവ്‌കോയുടെ വാദം. കഴിഞ്ഞ ഓണക്കാലത്ത് 700.93 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here