ബാലതാരങ്ങൾക്കായി ശബ്ദമുയർത്തി ദേവനന്ദ; ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനം

2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങൾക്ക് പുരസ്‌കാരം നൽകാതിരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി മാളികപ്പുറം സിനിമയിലെ ബാലതാരം ദേവനന്ദ. പുരസ്‌കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജൂറി ചെയർമാൻ പ്രകാശ് രാജ് നടത്തിയ ചില പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കണമെന്നും ദേവനന്ദ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ആവശ്യപ്പെട്ടു. ബാലതാരങ്ങൾക്ക് അവാർഡ് നൽകാതിരുന്നത് ജൂറിയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയായി താരം വിലയിരുത്തി.
Also Read : മമ്മൂട്ടി മുതൽ ഷംല ഹംസ വരെ; സംസ്ഥാന അവാർഡുകൾ നൽകുന്ന സന്ദേശമെന്ത്?
ജൂറി ചെയർമാൻ പുരസ്‌കാര പ്രഖ്യാപനത്തിനിടെ, കൂടുതൽ കുട്ടികളുടെ സിനിമകൾ ഉണ്ടാകണം എന്ന് പറഞ്ഞതിനെതിരെയാണ് ദേവനന്ദയുടെ വിമർശനം. “രണ്ട് കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്നുകൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ടാണെന്ന് പറയരുത്,” എന്ന ശക്തമായ വാക്കുകളോടെയാണ് ദേവനന്ദയുടെ പ്രതികരണം.
കൂടാതെ, പുരസ്‌കാരത്തിനായി പരിഗണിക്കേണ്ടിയിരുന്ന മികച്ച ബാലതാര പ്രകടനങ്ങൾ ചൂണ്ടിക്കാട്ടാനും ദേവനന്ദ മറന്നില്ല. സ്ഥാനാർത്ഥി ശ്രീക്കുട്ടൻ, ഫീനിക്സ്, എ.ആർ.എം തുടങ്ങിയ നിരവധി സിനിമകളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഈ പ്രകടനങ്ങളെയെല്ലാം ജൂറി കാണാതെ പോയത് കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Also Read : സനാതന ധര്‍മ്മത്തിന്നെതിരെ തിരിഞ്ഞു; പ്രകാശ് രാജിനെതിരെ വധഭീഷണിയുമായി യുട്യൂബ് ചാനല്‍; കേസെടുത്ത് പോലീസ്
രണ്ട് കുട്ടികൾക്ക് അവാർഡ് നൽകിയിരുന്നുവെങ്കിൽ അത് ഒരുപാട് ബാലതാരങ്ങൾക്ക് ഊർജ്ജമായി മാറിയേനെ. കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷമുണ്ടെന്നും ദേവനന്ദ തുറന്നടിച്ചു.
അവകാശങ്ങൾ നിഷേധിച്ചുകൊണ്ടല്ല മാറ്റങ്ങൾ ഉണ്ടാകേണ്ടതെന്നും, മാറ്റങ്ങൾക്കൊപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണമെന്നും പറഞ്ഞുകൊണ്ട് ഈ വിഷയത്തിൽ എല്ലാ മാധ്യമങ്ങളുടെയും സിനിമാ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ക്ഷണിക്കുന്നതായും ദേവനന്ദ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here