ദേവസ്വം ബോർഡിൽ അടിമുടി തകരാർ; കണക്കില്ലായ്മയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടെന്ന് വിലയിരുത്തി കേരള ഹൈക്കോടതി. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയില്ലായ്മ, ബോർഡിലെ വ്യവസ്ഥാപിതമായ തകരാറാണെന്ന് കോടതി നിരീക്ഷിച്ചു.

മുൻ ഡെപ്യൂട്ടി കമ്മീഷണറുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഓംബുഡ്‌സ്മാൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടാണ് ദേവസ്വം ബോർഡിൻ്റെ സാമ്പത്തിക ക്രമക്കേടുകൾ വെളിച്ചത്തു കൊണ്ടു വന്നത്.

Also Read : മുൻ ദേവസ്വം ബോർഡ് പ്രതിയാകുമ്പോൾ സിപിഎമ്മിന് ബാധ്യതയേറുന്നു… ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പത്മകുമാറിൻ്റെ പേരുചേർക്കും

2014-15 സാമ്പത്തിക വർഷത്തെ കണക്കുകൾ പത്ത് വർഷത്തിന് ശേഷവും ക്രമീകരിക്കാൻ ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകൾ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചെലവഴിച്ച പണത്തിന് പലതിലും ശരിയായ രേഖകൾ ഇല്ലെന്നാണ് ഓംബുഡ്‌സ്മാൻ റിപ്പോർട്ടിലുള്ളത്. ശരിയായ രേഖകളില്ലാതെയാണ് പല കണക്കുകളും അംഗീകരിച്ചിട്ടുള്ളതെന്നും കോടതി വിമർശിച്ചു.

ഡിജിറ്റൽ യുഗത്തിലും ദേവസ്വം ബോർഡ് സാമ്പത്തിക ഇടപാടുകൾക്ക് കടലാസ് രജിസ്റ്ററുകളാണ് ഉപയോഗിക്കുന്നത്. ഇത് അഴിമതി നടത്താൻ വലിയ സാധ്യതയുണ്ടെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് കർശന നിർദ്ദേശം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അക്കൗണ്ടുകൾ ഡിജിറ്റൈസ് ചെയ്യുന്നത് അനിവാര്യമാണ്. ആധുനികവത്കരണത്തിൻ്റെ വിശദമായ കർമ്മപദ്ധതി ഉടൻ സമർപ്പിക്കണം. ഈ മാസം 30-ന് സംസ്ഥാന ഓഡിറ്റ് ഡയറക്ടർ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top