മുൻ ദേവസ്വം ബോർഡ് പ്രതിയാകുമ്പോൾ സിപിഎമ്മിന് ബാധ്യതയേറുന്നു… ക്രൈംബ്രാഞ്ച് എഫ്ഐആറിൽ പത്മകുമാറിൻ്റെ പേരുചേർക്കും

ശബരിമല ദ്വാരപാലക ശിൽപങ്ങളിലും ശ്രീകോവിലിൻ്റെ കട്ടിളകളിലും സ്വർണം പൂശിയതിൻ്റെ മറവിൽ നടന്ന തട്ടിപ്പിൽ 2019ലെ ദേവസ്വം ബോർഡിനെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തതോടെ വിഷയം രാഷ്ട്രീയമായി സിപിഎമ്മിന് വൻ ബാധ്യതയായി മാറുന്നു. പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാവായ എ.പത്മകുമാർ ആയിരുന്നു പ്രസിഡൻ്റ്. ബോർഡിലെ ബാക്കിയുള്ളവരും ഇടത് നോമിനികളായിരുന്നു. ഇവരിൽ ആരുടെയും പേര് എഫ്ഐആറിൽ പരാമർശിച്ചിട്ടില്ല എങ്കിലും അന്വേഷണത്തിൻ്റെ അടുത്ത ഘട്ടത്തിൽ അത് വേണ്ടിവരും.
വിവാദം പുറത്തുവന്ന ശേഷം ശബരിമലയിലെ പലവിധ ഇടപാടുകൾ വെളിപ്പെടുത്തി പലരും രംഗത്ത് വന്നിരുന്നു. പലതിലും പത്മകുമാർ അടക്കമുള്ളവരുടെ പേരുകൾ പരാമർശിച്ചിരുന്നു. അതിലെല്ലാം പ്രതിരോധവുമായി പത്മകുമാർ ആദ്യം മുതൽ മാധ്യമങ്ങൾക്ക് വിശദീകരണങ്ങൾ നൽകിയി. എന്നാൽ ദേവസ്വം വിജിലൻസിനും മറ്റും കിട്ടിയ മൊഴികളിൽ അവഗണിക്കാൻ കഴിയാത്ത പലതും ഉണ്ടായിരുന്നത് കൊണ്ടാണ് ബോർഡ് ഒന്നാകെ പ്രതിസ്ഥാനത്ത് വന്നത്. വരും ദിവസങ്ങൾ കൂടുതൽ പേരുകൾ ചേർത്ത് എഫ്ഐആർ പരിഷ്കരിക്കേണ്ടി വരും.
കട്ടിളപ്പടികളിൽ സ്വർണം പൂശിയതിലെ തട്ടിപ്പിൻ്റെ പേരിലെടുത്ത കേസിൻ്റെ എഫ്ഐആറിലാണ് ബോർഡിനെ പ്രതിസ്ഥാനത്ത് കാണിച്ചിരിക്കുന്നത്. എട്ടാം പ്രതിയായാണ് ചേർത്തിട്ടുള്ളത്. ദ്വാരപാലക ശിൽപങ്ങളിൽ നിന്നുള്ള സ്വർണ്ണത്തട്ടിപ്പിൻ്റെ പേരിലുള്ളതാണ് മറ്റൊരു എഫ്ഐആർ. സ്പോൺസർ എന്ന പേരിൽ രംഗപ്രവേശം ചെയ്ത് ഈ തട്ടിപ്പിനെല്ലാം ചുക്കാൻ പിടിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടിലും പ്രതിയാക്കി ചേർത്തിട്ടുണ്ട്. ഇവരെക്കൂടാതെ തിരുവിതാംകൂർ ദേവസ്വത്തിലെ ഒമ്പത് ഉദ്യോഗസ്ഥരും ആണ് ക്രൈംബ്രാഞ്ചിൻ്റെ പ്രതിപ്പട്ടികയിൽ ഉള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here